ന്യൂദല്‍ഹി: ബി.എസ്.എഫ് ജവാനെ പാകിസ്താന്‍ സൈന്യം കഴുത്തറത്തു കൊന്ന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. ബി.എസ്.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ നരേന്ദ്ര സിംഗിനെ ക്രൂരമായി കൊലപ്പെടുത്തിയതിനെക്കുറിച്ച് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ആദ്യം ഹേമരാജ്, ഇപ്പോള്‍ നരേന്ദ്ര സിംഗ്. ഇന്നലെയും ഒരു ജവാനെ പാകിസ്താന്‍ അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ ആത്മാവാണ് സൈനികര്‍. ഒന്‍പതു മണിക്കൂറോളമാണ് ഇന്നലെ നമ്മുടെ രാജ്യത്തിന്റെ ആത്മാവ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്.
Also Read: സെപ്തംബര്‍ 29 സര്‍ജിക്കല്‍ സ്‌ട്രൈക്ക് ദിനമായി ആചരിക്കണം: രാജ്യത്തെ സര്‍വലാശാലകളോട് യു.ജി.സി
എവിടെയാണ് മോദിജി? ഈ സംഭവങ്ങള്‍ നിങ്ങളുടെ മനസാക്ഷിയെ നോവിക്കുന്നില്ലേ മോദിജീ? എവിടെ നിങ്ങളുടെ അന്‍പത്താറിഞ്ച് നെഞ്ച്?” സുര്‍ജേവാല ചോദിക്കുന്നു.
സെപ്തംബര്‍ 18നു കാണാതായ ബി.എസ്.എഫ് ജവാന്റെ മൃതദേഹം കഴിഞ്ഞ ദിവസം തെരച്ചിലിനൊടുവില്‍ വെടിയുണ്ടകള്‍ തുളഞ്ഞുകയറിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം രണ്ട് ഇന്ത്യന്‍ സൈനികരെയാണ് നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ സൈന്യം കൊലപ്പെടുത്തി മൃതദേഹത്തിന് അംഗഭംഗം വരുത്തിയത്. കഴിഞ്ഞ ജനുവരിയില്‍ ഇതേ സെക്ടറിലെ ലാന്‍സ് നായിക് ഹേമരാജിനെയും പാകിസ്താന്‍ സൈനികര്‍ കൊലപ്പെടുത്തി തലയറുത്തിരുന്നു.