ലോകകപ്പ് എവിടെ? ബ്രസീൽ താരത്തെ കളിയാക്കി അർജന്റൈൻ താരം; ഞങ്ങൾക്ക് അഞ്ചെണ്ണമുണ്ടെന്ന് മറുപടി
2022 FIFA World Cup
ലോകകപ്പ് എവിടെ? ബ്രസീൽ താരത്തെ കളിയാക്കി അർജന്റൈൻ താരം; ഞങ്ങൾക്ക് അഞ്ചെണ്ണമുണ്ടെന്ന് മറുപടി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th December 2022, 9:11 am

 

ഖത്തർ ലോകകപ്പിന് തിരശീല വീഴുമ്പോൾ ലോകകിരീടം സ്വന്തമാക്കിയിരിക്കുന്നത് അർജന്റൈൻ ടീമാണ്‌. നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ തോൽപ്പിച്ചാണ് മെസിയും കൂട്ടരും തങ്ങളുടെ മൂന്നാം ലോകകപ്പ് കിരീടം ഉയർത്തിയത്.

1978, 1986 വർഷങ്ങളിലെ ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം നീണ്ട 36 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അർജന്റീന തങ്ങളുടെ മൂന്നാം കിരീടത്തിൽ മുത്തമിട്ടത്.

അർജന്റീനയുടെ ലോകകപ്പ് വിജയം വിപുലമായ തരത്തിലാണ് ലോകമെമ്പാടുമുള്ള ആരാധകർ ആഘോഷിച്ചത്.

എന്നാൽ ലോകകപ്പിനോടനുബന്ധിച്ചുള്ള രസകരമായ കാഴ്ചകൾ ഇത് വരെ അവസാനിച്ചിട്ടില്ല. അത്തരമൊരു കാഴ്ചയാണ് പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ് ഹാമിന്റെ ഡ്രെസിങ് റൂമിൽ അടുത്തിടെ സംഭവിച്ചത്.

ലോകകപ്പിൽ നിന്നും പുറത്തായതിൽ ബ്രസീൽ മധ്യനിര താരമായ ലൂക്കാസ് പക്വേറ്റയെ അർജന്റൈൻ താരം മാനുവൽ ലാൻസിനി കളിയാക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. രണ്ടു പേരും പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ് ഹാം യുണൈറ്റഡിനായി ഒരുമിച്ചു കളിക്കുന്നവരാണ്.

വമ്പൻ സ്‌ക്വാഡ് ഡെപ്ത്തുമായി ലോകകപ്പിന് എത്തിയ ബ്രസീലിന് ക്വാർട്ടറിൽ ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽവി വഴങ്ങി ലോകകപ്പിൽ നിന്നും പുറത്ത് പോകേണ്ടി വന്നിരുന്നു.

ഡ്രെസ്സിങ് റൂമിൽ വെച്ച് ബ്രസീലിനായി ലോകകപ്പ് കളിച്ച ലൂക്കാസ് പക്വേറ്റയോട് ലാൻസിനി “ലൂക്കാസ്, ലൂകാസ്, ലൂക്കാസ്, ലൂക്കാസ്, ലോകകപ്പ് എവിടെ?,’ എന്ന് പറയുന്നുണ്ട്. ഇതിന് മറുപടിയായി ഒരു ചെറിയ ട്രോഫി ലാൻസിനിക്ക് സമ്മാനമായി നൽകികൊണ്ട് ” നിങ്ങളുടെ മൂന്നാമത്തെ കപ്പ് വാങ്ങിച്ചോളൂ ഞങ്ങൾക്ക് ഇപ്പോൾ തന്നെ അഞ്ചെണ്ണം ഉണ്ട്,’ എന്നാണ് ചിരിച്ചുകൊണ്ട് പക്വേറ്റ മറുപടി നൽകുന്നത്.

മാനുവൽ ലാൻസിനി തന്നെയാണ് വീഡിയോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ഇരു താരങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ അടയാളമായാണ് സോഷ്യൽ മീഡിയ ഈ വീഡിയോ ആസ്വദിക്കുന്നത്.

29 വയസ്സുകാരനായ ലാൻസിനി അർജന്റീനയുടെ ലോകകപ്പ് സ്‌ക്വാഡിൽ ഉണ്ടായിരുന്നുന്നില്ല. വെസ്റ്റ് ഹാമിന് വേണ്ടി അറ്റാക്കിങ് മിഡ്‌ഫീൽഡർ ആയാണ് താരം കളിക്കുന്നത്.

അതേസമയം ലോകകപ്പ് അനുബന്ധിച്ച് ഒരു ഇടവേളക്ക് ശേഷം ക്ലബ്ബ് ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിക്കുകയാണ് ഡിസംബർ 26ന് തുടങ്ങുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗോടെയാണ് യൂറോപ്യൻ ഫുട്ബോൾ ലീഗുകൾക്ക് വീണ്ടും ആരംഭം കുറിക്കപ്പെടുന്നത്.

ഡിസംബർ 26ന് ഇന്ത്യൻ സമയം രാത്രി 11:00 മണിക്ക് ലിവർപൂളിനോടാണ് വെസ്റ്റ് ഹാം യുണൈറ്റഡ് പ്രീമിയർ ലീഗിൽ ഒരു ഇടവേളക്ക് ശേഷം ഏറ്റുമുട്ടുന്നത്.

 

Content Highlights: Where is the World Cup? The Argentine player made fun of the Brazilian player He replayed twe have already five