മധുവിനായി ആരും ഹാജരായില്ല; സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി
Kerala News
മധുവിനായി ആരും ഹാജരായില്ല; സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th January 2022, 2:29 pm

കോഴിക്കോട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കേസ് വാദിക്കാന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി. മണ്ണാര്‍ക്കാട് എസ്.സി, എസ്.ടി പ്രത്യേക കോടതിയാണ് ചോദ്യമുന്നയിച്ചത്. കേസ് പരിഗണിച്ചപ്പോള്‍ മധുവിനായി ആരും ഹാജരായിരുന്നില്ല.

കേസില്‍ നിന്നും ഒഴിയാന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി.ജി.പിക്ക് കത്ത് നല്‍കിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച വി.ടി. രഘുനാഥാണ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചത്.

ഇതേത്തുടര്‍ന്ന് കേസ് ഫെബ്രുവരി 26 ലേക്ക് മാറ്റുകയായിരുന്നു. കേസില്‍ സെപ്ഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയോഗിച്ച വി.ടി. രഘുനാഥ് കേസില്‍ നിന്നും ഒഴിയാന്‍ നേരത്തെ കത്ത് നല്‍കിയിരുന്നു.

2018 ഫെബ്രുവരി 22നാണ് കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ച മധുവിന്റെ കൊലപാതകം നടന്നത്. മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട് മധുവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

മധുവിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമാണുയര്‍ന്നത്. പ്രതികളായ പതിനാറു പേരെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

എന്നാല്‍ 2018 മെയ് മാസത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ നടപടികള്‍ വൈകുകയാണ്. പ്രതികളായ 16 പേരും ഇപ്പോള്‍ ജാമ്യത്തിലാണ്.