എവിടെയാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ?; സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍വതി തിരുവോത്ത്
Malayalam Cinema
എവിടെയാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ?; സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍വതി തിരുവോത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th December 2021, 3:00 pm

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്. റിപ്പോര്‍ട്ടിന്‍ മേല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാത്തത് സ്ത്രീകളുടെ സുരക്ഷിതത്വത്തിന് ഒരു പ്രാധാന്യവുമില്ലെന്ന വേദനാജനകമായ ഓര്‍മ്മപ്പെടുത്തലാണെന്നും പാര്‍വതി പറഞ്ഞു.

ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പാര്‍വതിയുടെ പ്രതികരണം. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് രൂപീകരിക്കുന്നതിന് വേണ്ടി ഒരുപാട് പേര്‍ തങ്ങള്‍ കടന്നു പോയ ദുരവസ്ഥയെക്കുറിച്ച് വിശദമായി സംസാരിച്ചിരുന്നു. ഈ നിര്‍ണ്ണായകമായ റിപ്പോര്‍ട്ട് തൊഴിലിടം സുരക്ഷിതമാക്കാന്‍ കഴിയുന്ന നിയമം കൊണ്ടുവരാനായി ഉപയോഗിക്കാവുന്നതാണെന്നും പാര്‍വതി ഓര്‍മ്മപ്പെടുത്തി.

‘ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് രൂപീകരിക്കുന്നതിന് വേണ്ടി ഒരുപാട് പേര്‍ തങ്ങള്‍ കടന്നു പോയ ദുരവസ്ഥയെക്കുറിച്ച് വിശദമായി സംസാരിച്ചിരുന്നു. ഈ നിര്‍ണ്ണായകമായ റിപ്പോര്‍ട്ട് ഞങ്ങളുടെ തൊഴിലിടം സുരക്ഷിതമാക്കാന്‍ കഴിയുന്ന നിയമം കൊണ്ടുവരാനായി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഈ വിഷയത്തില്‍ ഒരു തീരുമാനവും എടുക്കാത്തത് ഞങ്ങളുടെ സുരക്ഷിതത്വത്തിന് ഒരു പ്രാധാന്യവുമില്ലെന്ന വേദനാജനകമായ ഓര്‍മ്മപ്പെടുത്തലാണ്. എവിടെയാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്?’- എന്നാണ് പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവെച്ചത്.

2017 ജൂലായ് മാസത്തിലാണ് സര്‍ക്കാര്‍ ഹേമ കമ്മീഷന് രൂപം നല്‍കിയത്. രണ്ടര വര്‍ഷത്തെ തെളിവെടുപ്പിന് ശേഷമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. ജസ്റ്റിസ് ഹേമ, നടി ശാരദ, കെ.ബി. വല്‍സല കുമാരി (റിട്ട. ഐ.എ.എസ്.) എന്നിവരായിരുന്നു കമ്മീഷന്‍ അംഗങ്ങള്‍.

സിനിമ രംഗത്ത് ശക്തമായ നിയമ നിര്‍മ്മാണം വേണമെന്ന് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സിനിമയില്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവസരങ്ങള്‍ക്കായി കിടപ്പറ പങ്കിടാന്‍ ചില പുരുഷന്‍മാര്‍ നിര്‍ബന്ധിക്കുന്നുവെന്നും കമ്മീഷന് മൊഴി ലഭിച്ചിരുന്നു.

ചിത്രീകരണ സ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ശുചിമുറി, വസ്ത്രം മാറ്റാനുള്ള ഇടം തുടങ്ങിയവയുടെ അഭാവത്തെക്കുറിച്ചുമുള്ള ചലച്ചിത്ര രംഗത്ത് കടന്നുവരുന്ന സ്ത്രീകള്‍ ലൈംഗിക പീഢനത്തിനിരയാകുന്ന അനുഭവങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് വര്‍ഷമായിട്ടും സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാനോ റിപ്പോര്‍ട്ട് പുറത്തുവിടാനോ തയ്യാറായിട്ടില്ല എന്നതാണ് പ്രതിഷേധം ഉയരാനുള്ള കാരണം.

Where is the Justice Hema Commission report ?; Parvathy Thiruvoth against the government’s stand