| Thursday, 29th April 2021, 12:42 pm

സ്വര്‍ണം കടത്തിയതിന് തെളിവ് എവിടെ?; ഇ.ഡിയ്‌ക്കെതിരെ കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ തെളിവ് എവിടെയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് കോടതി. കുറ്റമൊഴിയല്ലാതെ കേസില്‍ എന്താണ് തെളിവുള്ളതെന്നാണ് കോടതി ചോദിച്ചത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നും മൂന്നും പ്രതികളായ സന്ദീപ്, സരിത്ത് എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇ.ഡി അന്വേഷണത്തിനെതിരെ വിമര്‍ശനമുയര്‍ത്തിയത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് പരാമര്‍ശം.

ഇവര്‍ 21 തവണ സ്വര്‍ണം കടത്തിയെന്നും അവസാന തവണയാണ് പിടിയിലായതെന്നും നിങ്ങള്‍ പറയുന്നു. പ്രതികള്‍ നടത്തിയ കുറ്റസമ്മതമല്ലാതെ ഈ സ്വര്‍ണക്കടത്തിനെല്ലാം എന്ത് തെളിവാണ് നിങ്ങളുടെ പക്കലുള്ളതെന്ന് കോടതി ഇ.ഡിയോട് ചോദിച്ചു. രേഖാമൂലമുള്ള മറ്റെന്തെങ്കിലും അന്വേഷണം ഇ.ഡി നടത്തിയിട്ടില്ലെന്നും അത്തരത്തിലുള്ള തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

കുറ്റസമ്മതമൊഴിയെ തെളിവായി കണക്കാകാനാകില്ലെന്ന സുപ്രീം കോടതി വിധി കൂടി ചൂണ്ടിക്കാട്ടിയാണ് കോടതി സന്ദീപിനും സരിത്തിനും ജാമ്യം അനുവദിച്ചത്.

നേരത്തെ ഈ പ്രതികള്‍ ജാമ്യപേക്ഷയുമായി കോടതിയെ സമീപിച്ച ഘട്ടത്തിലെല്ലാം അന്വേഷണ ഏജന്‍സികള്‍ക്ക് നേരെ കോടതി സമാനമായ ചോദ്യങ്ങളുന്നയിച്ചിരുന്നു.

വിചാരണസമയത്താണ് ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കേണ്ടതെന്നും ഇപ്പോള്‍ കോടതി അനവസരത്തിലുള്ള പരാമര്‍ശമാണ് നടത്തിയതെന്നുമാണ് ഇ.ഡി ഇതിനോട് പ്രതികരിച്ചത്. ഈ പരാമര്‍ശം ഒഴിവാക്കാനും സന്ദീപിന്റെയും സരിത്തിന്റെയും ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും ഇ.ഡി അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Where is the evidence asks court to ED in Gold Smuggling case

We use cookies to give you the best possible experience. Learn more