അഹമ്മദാബാദ്: രാജ്യത്തെ ആദിവാസികളുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വനബന്ധു പദ്ധതിക്കായുള്ള 55000 കോടി എവിയെയെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് രാഹുല്‍ ഗാന്ധി. ഗുജറാത്തിലെ ആദിവാസികളുടെ ദുരിതാവസ്ഥ മുന്‍ നിര്‍ത്തിയായിരുന്നു രാഹുലിന്റെ വിമര്‍ശനം. തിരഞ്ഞെടുപ്പു പ്രചണവുമായി ബന്ധപ്പെട്ട് ബി.ജെ.പിയോടുള്ള രാഹുലിന്റെ പത്താമത്തെ ചോദ്യമായിരുന്നു ഇത്.
സംസ്ഥാനത്തെ ആദിവാസികള്‍ക്ക് സ്‌കൂളുകളോ ആശുപത്രി സൗകര്യങ്ങളോ ഒന്നും തന്നെയില്ല. ഇവരില്‍ വീടില്ലാത്തവര്‍ക്ക് ഇതുവരെ വീട് നിര്‍മ്മിച്ചു നല്‍കിയിട്ടില്ല. യുവജനങ്ങള്‍ക്ക് ജോലിയുമില്ല. ആദിവാസികളുടെ പുനരുദ്ധാരണത്തിനായി മോദി സര്‍ക്കാര്‍ കൊണ്ടുവന്ന 55000 കോടിയുടെ വനബന്ധു പദ്ധതി എവിടെയാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.
ആദിവസികളുടെ ഭൂമി കയ്യേറിക്കൊണ്ട് വനഭൂമിയുടെ മേല്‍ അവര്‍ക്കുണ്ടായിരുന്ന അവകാശം നിഷേധിക്കുകയാണുണ്ടായത്. പട്ടയവുമായി ബന്ധപ്പെട്ടുള്ള ലക്ഷണക്കിന് രേഖകളാണ് അനുവദിക്കാതെ കെട്ടിക്കിടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2014 ലാണ് ആദിവാസികളുടെ സമഗ്രമായ വികസനത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുന്ന വകുപ്പിനു കീഴില്‍ വനബന്ധു പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിജയ് രൂപാണിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സര്‍ക്കാറിനെയും മോദി ഗവണ്‍മെന്റിനെയും വെല്ലുവിളിച്ച് ദിവസവും ഒരു ചോദ്യമാണ് രാഹുല്‍ ഗാന്ധി ചോദിക്കുക. യുവ ജനങ്ങള്‍ക്കിടയിലെ രൂക്ഷമായ തൊഴിലില്ലായ്മ, സ്ത്രീകളുടെ സുരക്ഷ, വിദ്യഭ്യാസം , ആരോഗ്യം തുടങ്ങി നിരവധി വിഷയങ്ങളില്‍ രാഹുല്‍ നേരത്തെ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.
നാളെയാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്.