ന്യൂദല്‍ഹി: ഈ ആഴ്ച ആദ്യം ഹ്യൂസ്റ്റണില്‍ നടന്ന ‘ഹൗഡി മോഡി’ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം വേദി പങ്കിടുമ്പോള്‍ മോദിയുടെ വിദേശ യാത്രകളിലെ സ്ഥിരസാന്നിധ്യമായിരുന്ന ഒരു ബി.ജെ.പി നേതാവിന്റെ അഭാവം പ്രകടമായിരുന്നു. ആര്‍.എസ്.എസ് പ്രചാരക്കും ബി.ജെ.പി ജനറല്‍ സെക്രട്ടറിയുമായ രാം മാധവായിരുന്നു മോദിയ്‌ക്കൊപ്പം ഇത്തവണ ഇല്ലാതിരുന്നത്.
ബി.ജെ.പിയുടെ വിദേശകാര്യ സെല്‍ മേധാവി വിജയ് ചൗതാലയായിരുന്നു മോദിയ്‌ക്കൊപ്പം ഇത്തവണ പരിപാടിയില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നത്. മോദിയുടെ ആദ്യകാല എന്‍.ആര്‍.ഐ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിക്കാന്‍ രാം മാധവ് ചുമതലപ്പെടുത്തിയ വ്യക്തി കൂടിയായിരുന്നു ചൗതാല.
മോദി ഹൗഡി മോഡി പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ രാം മാധവ് ബെംഗളൂരിലായിരുന്നു. ജമ്മു കശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി റദ്ദാക്കിയ വിഷത്തില്‍ പാര്‍ട്ടി നിലപാട് വിശദീകരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ലോകമെമ്പാടുമുള്ള നയതന്ത്രജ്ഞരുമായി സുഹൃത്ബന്ധം പുലര്‍ത്തുന്ന രാം മാധവിനെപ്പോലുള്ള ഒരു വ്യക്തിയെ ബി.ജെ.പി നടത്തിയ പ്രധാനപരിപാടിയായ ഹൗഡി മോഡിയില്‍ നിന്നും ഒഴിവാക്കിയത് എന്താണെന്ന ചോദ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
ഹൗഡി മോഡിയില്‍ മാത്രമല്ല ഓഗസ്റ്റ് അവസാന വാരം ചൈന സന്ദര്‍ശിച്ച 11 അംഗ ബി.ജെ.പി പ്രതിനിധി സംഘത്തിലും രാം മാധവ് അംഗമായിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ബി.ജെ.പി സംഘത്തിന്റെ ചൈന സന്ദര്‍ശനം.
പാര്‍ട്ടിക്കുള്ളില്‍ തന്നെ ചൈനയുമായി ബന്ധപ്പെട്ട് കൂടുതല്‍ അറിവും വൈദഗ്ധ്യവുമുള്ള വ്യക്തികൂടിയായിട്ടാണ് രാം മാധവിനെ പരിഗണിക്കുന്നത്. ‘ Uneasy Neighbours: India and China after 50 Years of the War’- എന്ന പുസ്തകമടക്കം രാം മാധവ് രചിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സെപ്റ്റംബര്‍ ആദ്യവാരം International Hindu Buddhist Conflict Resolution കോണ്‍ഫറന്‍സിനായി പാര്‍ട്ടി ഉപാധ്യക്ഷന്‍ വിനയ് സഹസ്രബുദ്ധെയും ലഡാക്ക് എം.പി ജമിയാങ് സെറിംഗ് നംഗ്യാലിനെയും മംഗോളിയയിലേക്ക് പാര്‍ട്ടി അയച്ചിരുന്നു. ഈ പ്രതിനിധി സംഘത്തിലും രാം മാധവ് ഉണ്ടായിരുന്നില്ല.
2014 ല്‍ നരേന്ദ്ര മോദി നടത്തിയ മിക്ക വിദേശയാത്രകളിലും ഒപ്പമുണ്ടായിരുന്ന നേതാവാണ് രാം മാധവ്. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍, ലണ്ടനിലെ വെംബ്ലി, സിഡ്‌നി എന്നിവിടങ്ങളില്‍ മോദി നടത്തിയ പരിപാടികളിലെ പ്രധാന സാന്നിധ്യമായിരുന്നു രാം മാധവ്.
വടക്കുകിഴക്കന്‍ ജമ്മു കശ്മീരിലെ സഖ്യങ്ങള്‍ ശക്തമാക്കാനുള്ള ചുമതല പാര്‍ട്ടി രാം മാധവിനെയായിരുന്നു ഏല്‍പ്പിച്ചത്.
അഞ്ചുവര്‍ഷത്തിനിപ്പുറം അമിത് ഷാ കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ ഏറ്റവും ശക്തനായ നേതാവായി ഉയര്‍ത്തി കാണിക്കാവുന്ന വ്യക്തിത്വമായിരുന്നു രാം മാധവിന്റേത്. എന്നാല്‍ പാര്‍ട്ടിയില്‍ രാം മാധവിന്റെ സ്വാധീനം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
പ്രധാനമന്ത്രിയുടെ വിദേശ പര്യടനങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ചുമതലയില്‍ നിന്നും മാറ്റുകയും പാര്‍ട്ടി വടക്കുകിഴക്കന്‍, ജമ്മു കശ്മീര്‍ വിഷയത്തിലെ ചുമതല മറ്റ് നേതാക്കളിലേക്ക് എത്തിക്കുകയും ചെയ്തതോടെ യഥാര്‍ത്ഥത്തില്‍ അദ്ദേഹം റഡാറില്‍ നിന്നും മായുകയായിരുന്നു.
അമിത് ഷായുടെ പിന്നില്‍ ബി.ജെ.പിയുടെ രണ്ടാം സ്ഥാനത്ത് കാണുന്ന വ്യക്തിയാണ് മാധവ് എന്ന വിശ്വാസത്തിന് കാരണം അദ്ദേഹം പാര്‍ട്ടിക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ തന്നെയായിരുന്നു.
എന്നാല്‍ രാം മാധവിനെ ഏല്‍പ്പിച്ചിരുന്നു ചുമതലകള്‍ ഓരോന്നായി പാര്‍ട്ടി പിന്‍വലിച്ചു കഴിഞ്ഞു. അസ്സം മന്ത്രിയും ശക്തനായ നേതാവുമായി പാര്‍ട്ടി കണക്കാക്കപ്പെടുന്ന ഹിമാനന്ദ് ബിശ്വയെ നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സിന്റെ കണ്‍വീനറായി ബി.ജെ.പി ചുമതലപ്പെടുത്തിക്കഴിഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ അമിത് ഷാ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ചുമതല നേരിട്ട് ഏറ്റെടുക്കുകയും പാര്‍ട്ടി വൈസ് പ്രസിഡന്റ് അവിനാശ് റായ് ഖന്നയെ സംസ്ഥാനത്തിന്റെ ബി.ജെ.പിയുടെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.
വടക്കുകിഴക്കന്‍, കശ്മീര്‍ കാര്യങ്ങള്‍ മാധവ് അനൗപചാരികമായി നോക്കുന്നുണ്ടെങ്കിലും, ഈ സംസ്ഥാനങ്ങളുടെ ചുമതല മറ്റ് നേതാക്കള്‍ക്ക് ഔദ്യോഗികമായി നല്‍കി ബി.ജെ.പി സമാന്തര ഘടന സൃഷ്ടിച്ചുകഴിഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തിന് പിന്നാലെ അമിത് ഷാ രാം മാധവിന്റെ പദവികള്‍ വെട്ടിക്കുറച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ പ്രതികരിച്ചതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പാര്‍ട്ടിയില്‍ നിലവില്‍ രാം മാധവ് വഹിച്ചിരുന്ന സ്ഥാനം ദേശീയ ജനറല്‍ സെക്രട്ടറിമാരായ ഭൂപേന്ദര്‍ യാദവ്, അനില്‍ ജെയിന്‍ എന്നിവരാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് മറ്റൊരു നേതാവ് പറഞ്ഞു. അമിത് ഷാക്കൊപ്പം വിവിധ റാലികളില്‍ പങ്കെടുക്കുന്നതും ഇവരാണ്. ബീഹാറിലെ പാര്‍ട്ടി ഇന്‍ ചാര്‍ജ് കൂടിയാണ് യാദവ്. ചത്തീസ്ഗഡ് ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളുടെ ചുമതലയാണ് ജെയ്‌നിന് നല്‍കിയത്.
നയതന്ത്ര വൃത്തങ്ങളില്‍ ബന്ധം വളര്‍ത്തിയെടുക്കാനുള്ള രാം മാധവിന്റെ കഴിവ് അദ്ദേഹത്തിന് തിരിച്ചടിയായിരിക്കുന്നു എന്നാണ് പാര്‍ട്ടിയിലെ ഒരു നേതാവ് പ്രതികരിച്ചത്.
രണ്ട് മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാരുമായുള്ള ബന്ധവും അദ്ദേഹത്തിന് തിരിച്ചടിയായി. മാധവിന് വിദേശകാര്യങ്ങളില്‍ മാത്രമാണ് താത്പര്യമെന്ന് അവര്‍ ഷായോടും മോദിയോടും പരാതിപ്പെട്ടു. അതിനുശേഷം, പ്രധാനമന്ത്രിയുടെ വിദേശ പര്യടനങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും വിദേശ നയതന്ത്രജ്ഞരെ കണ്ടുമുട്ടുന്നതില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കി.
തങ്ങള്‍ ഉദ്ദേശിക്കുന്ന കാര്യത്തിന് പുറത്തായി പ്രവര്‍ത്തിക്കുന്ന നേതാക്കളെ അമിത് ഷാ വെച്ചുപൊറുപ്പിക്കില്ലെന്നാണ് ഗുജറാത്ത് കാലം മുതല്‍ അമിത് ഷായുമായി ബന്ധമുള്ള ഒരു നേതാവ് ദി പ്രിന്റിനോട് പറഞ്ഞത്.
”ശബ്ദമുണ്ടാക്കാതെ പ്രവര്‍ത്തിക്കുന്ന ബാക്ക്റൂം നേതാക്കളെയാണ് ഷാ ഇഷ്ടപ്പെടുന്നത്. അതിനാലാണ് ബി.ജെ.പി ജനറല്‍ സെക്രട്ടറിമാര്‍ മാധ്യമങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നത്,”- അദ്ദേഹം പറഞ്ഞു.
വിദേശ നയതന്ത്രജ്ഞരുമായുള്ള ബന്ധം വളര്‍ത്തിയെടുക്കാന്‍ മാധവ് ഒരിക്കലും മടികാണിച്ചിട്ടില്ല. ഒരു ഘട്ടത്തില്‍, പേഴ്‌സണല്‍ ബ്രാന്‍ഡിംഗിന് പോലും മാധവ് ശ്രമിച്ചെന്ന് കേന്ദ്രമന്ത്രി അമിത് ഷായോട് പരാതിപ്പെട്ടു.
”നയതന്ത്രജ്ഞരുമായുള്ള മാധവിന്റെ ഈ ‘അതിരുവിട്ട അടുപ്പം പല മുതിര്‍ന്ന നേതാക്കളേയും അസ്വസ്ഥരാക്കിയെന്നുമാണ് ഇദ്ദേഹം പറഞ്ഞത്.
മാധവിനെതിരെ നടപടി വരുന്നതിന്റെ ആദ്യ സൂചനകള്‍ 2018 ല്‍ തന്നെ ലഭിച്ചു തുടങ്ങിയിരുന്നു. ജെയിന്‍, മാധ്യമ ചുമതലയുള്ള അനില്‍ ബലൂണെ, പാര്‍ട്ടി നേതാവ് ജി.വി.എല്‍ നരഹിംഹ റാവു, ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങ് എന്നിവര്‍ക്ക് രാജ്യസഭ ടിക്കറ്റ് നല്‍കിയപ്പോള്‍ രാം മാധവിനെ മനപൂര്‍വം അവഗണിക്കുകയായിരുന്നു.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഭൂരിപക്ഷം കുറയുമെന്ന് മെയ് മാസത്തില്‍ ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ മാധവ് പറഞ്ഞിരുന്നു. പാര്‍ട്ടിക്ക് 300 സീറ്റുകള്‍ ലഭിക്കുമെന്ന് അമിത് ഷാ ഊന്നിപ്പറയുന്ന ഘട്ടത്തിലായിരുന്നു രാം മാധവിന്റെ ഈ പ്രസ്താവന.
എന്നാല്‍ താന്‍ ഒരു പ്രചാരകനാണെന്നും അതിനാല്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നുമാണ് രാം മാധവ് തന്റെ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടി കൃത്യമായി അദ്ദേഹത്തെ ഒതുക്കിയതാണെന്നാണ് അണിയറ സംസാരം.