| Monday, 17th January 2022, 8:46 pm

റിപ്പോര്‍ട്ട് ഉണ്ടാക്കിക്കോ, പക്ഷെ പുറത്തുവിടരുത് | Trollodu Troll

അനുഷ ആന്‍ഡ്രൂസ്

സിനിമാ മേഖലയിലെ സത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച് രണ്ടര വര്‍ഷം നീണ്ട പഠനത്തിലൂടെ ഹേമ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇല്ലേ? ആ റിപ്പോര്‍ട്ടിന് വേണ്ടി സര്‍ക്കാര്‍ 2017 മുതല്‍ 2020 വരെ ചെലവിട്ടത് 10,6,55000 രൂപയാണ്.

ഹൊ 1,06,55,000 രൂപയുണ്ടെങ്കില്‍ എത്ര തിരുവാതിരക്കളി നടത്തായിരുന്നു…

ആ 1,06,55,000 രൂപയുണ്ടായിരുന്നെങ്കില്‍ എത്ര ഗാനമേള ബുക്കിംഗ് നടത്തായിരുന്നു…

1,06,55000 രൂപയുണ്ടെങ്കില്‍ എത്ര എത്ര സര്‍വേ കല്ലുകള്‍ കുഴിച്ചിട്ട് കളിക്കാമായിരുന്നു…

1,06,55,000 രൂപയപണ്ടെങ്കില്‍ എത്ര ഏത്തപഴം വാങ്ങി പുഴുങ്ങി തിന്നാമായിരുന്നു.

എന്നിട്ട് അത്ര പണം മുടക്കി തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടോ? ഇല്ല! സ്ത്രീസുരക്ഷ മുന്നില്‍ കണ്ടുകൊണ്ട് റിപ്പോര്‍ട്ട് പുറത്ത് വിടണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം.

ഇതിപ്പോ ആകെ കണ്‍ഫ്യൂഷന്‍ ആയല്ലോ. സ്ത്രീസുരക്ഷ മുന്നില്‍ കണ്ടാണെന്ന് പറഞ്ഞ് ഹേമ കമ്മിറ്റിയെ നിയോഗിച്ചു. എന്നിട്ടിപ്പോ സ്ത്രീസുരക്ഷയുടെ പേരില്‍ തന്നെ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്തുവിടില്ല എന്ന് പറയുന്നു.

രൂപം കൊണ്ട കാലം മുതല്‍ ഹേമ കമ്മീഷന്‍ എന്നായിരുന്നു മാധ്യമങ്ങളിലും നിയമസഭാ രേഖകകളിലും സര്‍ക്കാര്‍ അനുബന്ധ വൃത്തങ്ങളിലുമൊക്കെ സമിതിയെ വിശേഷിപ്പിച്ചിരുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഇത്രയും കാലമായിട്ടും അത് പുറത്തുവിടാത്തതില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ പറയുന്നു അത് കമ്മീഷനായിരുന്നില്ല വെറുമൊരു കമ്മിറ്റിയായിരുന്നു എന്ന്.

1952 ലെ കമ്മീഷന്‍സ് ഓഫ് എന്‍ക്വയറി ആക്റ്റ് പ്രകാരം രൂപീകരിച്ച ഒരു കമ്മീഷന്‍ അല്ല, അത് പകരം, ഒരു കമ്മറ്റി മാത്രമായിരുന്നു. അതുകൊണ്ട് തന്നെ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നോ നിയമസഭയില്‍ അവതരിപ്പിക്കണമെന്നോ നിര്‍ബന്ധം ഇല്ല എന്നൊക്കെയാണ് വനിത കമ്മീഷന്‍ അദ്ധ്യക്ഷ, പി സതീദേവി, വുമണ്‍ ഇന്‍ സിനിമ കളക്ടീവിലെ അംഗങ്ങളോട് പറഞ്ഞത്. ഹൊ! വല്ലാത്തൊരു ടെക്‌നിക്കാലിറ്റി.

‘പിന്നെന്തിനാടോ നിങ്ങള്‍ ഇക്കണ്ട കാശും മുടക്കി ‘കമ്മിറ്റിയെക്കൊണ്ട്’ ഈ പണി മുഴുവന്‍ ചെയ്യിപ്പിച്ചത്? ഒറ്റക്ക് വായിച്ച് രസിക്കാനാണോ?’ എന്നാണ് ചോദിക്കേണ്ടതെങ്കിലും, മറ്റൊരു ചോദ്യം ചോദിക്കാം.

പതിനാലാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തില്‍ വെച്ച്, അതായത് 2019 ഒക്ടോബര്‍ ആറിന് അങ്കമാലി എം.എല്‍.എ റോജി എം. ജോണ്‍ ചോദിച്ച നക്ഷത്രമിടാത്ത ചോദ്യം നമ്പര്‍ 867 ന് അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നല്‍കിയ മറുപടിയില്‍ നല്ല വെണ്ടക്ക അക്ഷരത്തില്‍ ജസ്റ്റിസ് ഹേമ കമ്മീഷന്‍ എന്ന് അടിവരയിട്ട് വെച്ചിട്ടുണ്ട്.

Hema committee mentioned as ” Hema commison” in niyamasabha documents

അത് അന്നത്തെ സര്‍ക്കാരല്ലേ എന്നാണെങ്കില്‍, ഇന്നത്തെ സര്‍ക്കാരിലേക്ക് വരാം. പതിനഞ്ചാം നിയമഭയുടെ രണ്ടാം സമ്മേളനത്തില്‍ ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്റെ ചോദ്യത്തിന് ഇപ്പോഴത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നല്‍കിയ മറുപടിയിലും ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന് തന്നെയാണ് അടിവരയിട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.

Hema committee mentioned as ” Hema commison” in niyamasabha documents

വേറെയും നിരവധി നിയമസഭാ രേഖകളില്‍ ‘കമ്മീഷന്‍ കമ്മീഷന്‍’ എന്ന് തന്നെയാണുള്ളത്. മലയാളത്തിലെ എല്ലാ മാധ്യമങ്ങളും കമ്മീഷന്‍ എന്ന് തന്നെയാണ് ഉപയോഗിച്ചുകൊണ്ടിരുന്നതും. അന്നൊന്നും അത് തിരുത്താതിരുന്ന സര്‍ക്കാര്‍ ഒരു സുപ്രഭാതത്തില്‍ കമ്മീഷനെ കമ്മിറ്റിയാക്കി മാറ്റിയത് എന്തിനാണാവോ.

നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയതിന് പിന്നാലെയാണ് സിനിമ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യം പഠിക്കുന്നതിന് സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായ സമിതിയെ ചുമതലപ്പെടുത്തിയത്. ഒരു കോടിയിലധികം രൂപയാണ്, 2017 മുതല്‍ 2020 വരെയുള്ള കാലയളവിലെ സമിതിയുടെ ചെലവ.

The K. Hema commission report being submitted to Chief Minister Pinarayi Vijayan by the panel members on December 31, 2019.

ഒരിക്കലും പുറത്തുവിടേണ്ടാത്ത, പ്രത്യേകിച്ച് നടപടിയൊന്നും സ്വീകരിക്കേണ്ടാത്ത, എന്തിനോ വേണ്ടി തയ്യാറാക്കപ്പെട്ട ഒരു റിപ്പോര്‍ട്ടിന് വേണ്ടി ഒരു കോടിയിലധികം രൂപ ചെലവഴിക്കുന്ന ആ ഒരു രീതി വളരെയധികം അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.

സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനാണ് സമിതിയെ നിയോഗിച്ചത് എന്നുള്ള കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നുമില്ലല്ലോ അല്ലേ.. ആ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും, അതിലെ ഒരു ശിപാര്‍ശ പോലും സര്‍ക്കാര്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. അതിന്റെ കാരണം എന്താണെന്ന് ചോദിക്കുമ്പോള്‍, റിപ്പോര്‍ട്ട് നടപ്പിലാക്കുന്ന വിഷയം വിശദമായി പരിശോധിച്ച് വരികയാണെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന മറുപടി. ആ തിരുവാതിരക്കളി നടത്തിയത് പോലെ എല്ലാം വളരെ വിശദമായി അവലോകനം ചെയ്ത് ചെയ്യുന്ന സര്‍ക്കാറായതുകൊണ്ട് നമുക്ക് തെറ്റ് പറയാനും പറ്റില്ല.

സിനിമാ മേഖലയിലെ അറുപതോളം സ്ത്രീകളുടെ മൊഴി ഹേമ കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ അനുഭവിച്ച പീഡനങ്ങളെല്ലാം ഓര്‍ത്തെടുത്ത് എണ്ണിയെണ്ണി പറഞ്ഞ സിനിമാ മേഖലയിലെ സ്ത്രീകള്‍ ആ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്നതിനെ നമുക്ക് എന്തെങ്കിലും പറയാന്‍ പറ്റുമോ സൂര്‍ത്തുക്കളെ.

WCC members handing over a copy of their recommendations to be included in the cinema policy to Kerala Women’s Commission chairperson P Sathidevi in Kozhikode.

തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ പുറത്തുവരും എന്ന് അറിഞ്ഞുകൊണ്ട് തന്നെ ആണല്ലോ അവര്‍ തെളിവുകളും മൊഴികളും ഹാജരാക്കിയത്. ലൈംഗികാതിക്രമടക്കമുള്ള കേസുകളില്‍ അക്രമം നേരിട്ടവരുടെ വ്യക്തിവിവരങ്ങള്‍ പുറത്തുവിടാതിരിക്കുക എന്നതല്ലാതെ ആ അക്രമത്തെ മൊത്തത്തില്‍ മൂടിവെക്കുകയാണോ ചെയ്യാറുള്ളത് ?

എന്നിട്ട് ഇവിടെ അവര്‍ പോലും ആവശ്യപ്പെടാത്ത സുരക്ഷയുടെ പേരില്‍ റിപ്പോര്‍ട്ട് പുറത്തു വിടാന്‍ സമ്മതിക്കാതെ പൂഴ്ത്തി വെച്ചിരിക്കുകയാണ്. ഇതിപ്പൊ കുമ്പസാര രഹസ്യം ഒന്നുമല്ലല്ലോ പുറത്ത് പറയാതിരിക്കാന്‍.

സിനിമാ രംഗത്ത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാനും,അടിസ്ഥാന സൗകര്യങ്ങളും തൊഴിലിടത്തെ സുരക്ഷയും ഉറപ്പാക്കാനും, തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള സിനിമാ റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാനുമൊക്കെ സര്‍ക്കാര്‍ കൊടുക്കുന്ന ആ ശ്രദ്ധ കണ്ടാല്‍ അറിയാം ഇത് ഈ അടുത്ത കാലത്തൊന്നും നടപ്പിലാവില്ല എന്ന്.

അയ്യോ! ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടും? ആ റിപ്പോര്‍ട്ട് വന്ന്, അതുകണ്ട്, അവസാനം സിനിമയിലേക്ക് പുതിയ പെണ്‍കുട്ടികള്‍ കടന്നു വരുമ്പോള്‍ അവര്‍ക്ക് ആത്മവിശ്വാസം പോവില്ലേ, എന്നൊക്കെ പറയാതെ പറയുന്ന നല്ല ഔദ്യോഗിക വാദങ്ങള്‍ കൂടിയുണ്ടല്ലോ. ഒരുമാതിരി റേപ്പ് നടക്കാതിരിക്കാന്‍ പെണ്‍കുട്ടികള്‍ അവരുടെ ഡ്രസ്സിംഗ് ശ്രദ്ധിക്കണം എന്ന് പറഞ്ഞത് പോലെയുള്ള ലോജിക്കല്‍ കണ്‍ക്ലൂഷനാണിതും.

ഇരയാക്കപ്പെടുന്നവര്‍ അവര്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ പുറത്തായാല്‍ സ്വാഭാവികമായും വേട്ടക്കാരുടെ പേരും പുറത്താവും. കാസ്റ്റിംഗ് കൗച്ച് നടത്തുന്നവരുടേയും സെക്‌സ് റാക്കറ്റുമായി ബന്ധമുള്ളവരുടേയുമൊക്കെ പേരുകള്‍ സിനിമാ മേഖലയെ മൊത്തത്തില്‍ താഴെയിടാന്‍ കെല്‍പ്പുള്ളവരുടെ പേരുകളാണൈങ്കില്‍ സര്‍ക്കാര്‍ ആപ്പിലായി പോകുമല്ലോ. അതുകൊണ്ട് സ്ത്രീപക്ഷ സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ ധൈര്യപൂര്‍വ്വം തീരുമാനം എടുക്കാന്‍ ഒന്ന് മടിക്കും എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

‘ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് സമര്‍പ്പിച്ചിട്ട് രണ്ട് വര്‍ഷം!
സുരക്ഷ ഉറപ്പുവരുത്തുമെന്ന വാഗ്ദാനങ്ങളുടെ നാല് വര്‍ഷങ്ങള്‍!
വ്യവസ്ഥാപിതമായ അടിച്ചമര്‍ത്തലിന്റെ നീണ്ട ചരിത്രം!
നീതിക്ക് വേണ്ടി ഇനിയും എത്ര നാള്‍ നമ്മള്‍ കാത്തിരിക്കണം?’ എന്നാണ് ഡബ്ല്യു.സി.സി കഴിഞ്ഞ ദിവസം എഫ്.ബിയില്‍ കുറിച്ചത്.

വനിതാ കമ്മീഷനടക്കം ‘ഇത്ര ശക്തമായ രീതിയില്‍’ പീഡിപ്പിക്കപ്പെട്ട സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ ഇനിയും എത്ര കാലം കാത്തിരിക്കേണ്ടി വരും എന്ന് ഊഹിക്കാവുന്നതാണ്. സ്ത്രീകള്‍ ഒരുമിച്ച് നിന്ന് ഇത്ര വലിയ ഒരു ഇന്‍ഡസ്ട്രിക്കെതിരെ യുദ്ധം ചെയ്യുന്നത് തന്നെ പലര്‍ക്കും കല്ലുകടിയാണ്. എന്‍.ജി.ഒ, ലേഡീസ് വാട്‌സാപ്പ് ഗ്രൂപ്പ് എന്നൊക്കെ പറഞ്ഞ് ഡബ്ല്യു.സി.സിയെ അവഹേളിക്കല്‍ ആളുകളുടെ ഒരു ഹോബിയാണ്. അതുകൊണ്ട് തന്നെ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ അടുത്തകാലത്തൊന്നും പുറത്ത് വിടാനുള്ള ഒരു സാധ്യതയും കാണുന്നില്ല.

എന്തായാലും ഈ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത വിടണോ എന്ന് പഠിക്കാന്‍ ഇപ്പൊ വേറെ ഒരു കമ്മിറ്റിയെ നിയോഗിച്ചു എന്ന് പറയുന്നുണ്ട്. എല്ലാവരും കൂടെ കുളമാക്കുമോ എന്തോ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Justice Hema Committe Report and the criticism against Kerala govt

അനുഷ ആന്‍ഡ്രൂസ്

ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.