പൊട്ടിപൊളിഞ്ഞ കൊടും ഭീകരത നിറഞ്ഞ വഴികളിലൂടെ അയാള്‍ നടന്നുനീങ്ങിയത് ഇസ്രഈല്‍ ടാങ്കറുകളുടെ മുമ്പിലേക്കെന്ന് ലോകം. പേര് ഹുസാം അബു സഫിയ. ഗസയില്‍ പ്രവര്‍ത്തനക്ഷമമായ അവസാനത്തെ ആശുപത്രിയായ കമല്‍ അദ്‌വാനില്‍ രോഗികളെ ചേര്‍ത്തുപിടിച്ച മനുഷ്യന്‍. പെട്ടെന്ന് ഒരു ദിവസമാണ് ഹുസാം അബു സഫിയെ കാണാതാവുന്നത്.
Hussam Abu Safiyya
പെട്ടെന്ന് ഒരു ദിവസമല്ല, കൃത്യമായി പറഞ്ഞാല്‍ ഡിസംബര്‍ 29ന്. സഫിയെ കമല്‍ അദ്‌വാനില്‍ നിന്ന് ഇസ്രഈലി സൈന്യം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പക്ഷെ ഒരു ദിവസത്തിനിപ്പുറം സഫിയയുടേതായി ഒന്നിലധികം ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു.
ഫലസ്തീനികളുടെ മാലാഖയായ ഹുസാം അബു സഫിയ, ഇസ്രഈല്‍ ആക്രമണങ്ങളാല്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ നിഗൂഢത നിറഞ്ഞ വീഥികളിലൂടെ ഒരു വെള്ള ഓവര്‍കോട്ടും ധരിച്ച് നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ക്കാണ് ലോകം സാക്ഷിയായത്.
സോഷ്യല്‍ മീഡിയയെന്ന ആഗോള കേന്ദ്രം മുഴുവനും ആ മാലാഖയുടെ നെഞ്ചുറപ്പിനെയും ധൈര്യത്തെയും വാഴ്ത്തി. അദ്ദേഹം നടന്നുനീങ്ങുന്നത് ഒരുപക്ഷെ ക്രൂരതയും വിദ്വേഷവും മാത്രം തുപ്പുന്ന ഇസ്രഈല്‍ സൈന്യത്തിന്റെ കൈകളിലേക്കാണെന്നും സോഷ്യല്‍ മീഡിയ പറഞ്ഞു.
എന്നാല്‍ തെറ്റിയില്ല, തിങ്കളാഴ്ച അതായത് ഡിസംബര്‍ 30ന് സഫിയയെ തങ്ങള്‍ ചോദ്യം ചെയ്തുവെന്ന് ഇസ്രഈല്‍ സൈന്യം അറിയിച്ചു.
‘ഞങ്ങള്‍ അവനെ സംശയിക്കുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ സാധ്യതയുള്ള ഒരാള്‍. ചോദ്യം ചെയ്യണം, സഫിയയെ തടവിലാക്കിയിരിക്കുകയാണ്,’ എന്ന് ഐ.ഡി.എഫ് വക്താവ് നദവ് ശോഷാനി എക്സിലൂടെ അറിയിച്ചു.
ആര്‍ക്കും അത്ഭുതമൊന്നും തോന്നിയില്ല. ഹുസാം അബു സഫിയ ചെയ്യുന്നത് തീവ്രവാദമാണെങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് എന്താണെന്ന് ആഗോള ലോകം ഇസ്രഈലി സൈന്യത്തോട് ചോദിച്ചു. സഫിയ സുരക്ഷിതനായിരിക്കുമോ എന്ന ചോദ്യങ്ങളും നാല് ദിക്കില്‍ നിന്ന് ഉയര്‍ന്നു. സഫിയക്കുണ്ടായ ധൈര്യം തന്നെയാണ് 2023 ഒക്ടോബര്‍ ഏഴ് മുതല്‍, അല്ല അതിനേക്കാള്‍ മുമ്പ് തന്നെ ഓരോ ഫലസ്തീനികളെയും മുന്നോട്ട് നയിക്കുന്നത്.
യു.എന്‍ ഏജന്‍സിയായ യൂണിസെഫ് റിപ്പോര്‍ട്ടില്‍, 2024 കുട്ടികളെ സംബന്ധിച്ച് ഏറ്റവും മോശമായ വര്‍ഷമാണെന്ന് പറയുന്നു. ശിശുരോഗ വിദഗ്ധനായ ഹുസാം അബുവും ഇത് തന്നെയാണ് തടവിലാകുന്നത് വരെ ദിനംപ്രതി പറഞ്ഞുകൊണ്ടിരുന്നത്. ഗസയിലെ അതിശൈത്യത്തില്‍ നവജാത ശിശുക്കള്‍ മുതല്‍ ആരോഗ്യപ്രവര്‍ത്തകന്‍ വരെ മരിച്ചുവീഴുമ്പോള്‍ സഫിയ എവിടെയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
ലോകാരോഗ്യ സംഘടന അടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍ അപേക്ഷിച്ചിട്ടും സഫിയെ എവിടെയാണെന്നോ സുരക്ഷിതനാണെന്നോ നെതന്യാഹുവിന്റെ പടയാളികള്‍ പറയുന്നില്ല.
ഫലസ്തീന്‍ സായുധ സംഘടനായ ഹമാസിന്റെ കമാന്‍ഡ് സെന്ററാണെന്ന് ആരോപിച്ച് കമല്‍ അദ്‌വാനേ ഐ.ഡി.എഫ് അഗ്‌നിക്കിരയാക്കിയപ്പോള്‍, രോഗികളെ അര്‍ധ നഗ്‌നരാക്കി ശൈത്യത്തിലേക്ക് ഇറക്കിവിട്ടപ്പോള്‍ ഒരുപക്ഷെ ഹുസാം സൈന്യത്തിന് മുമ്പില്‍ തലകുനിക്കുമെന്ന് കരുതിയിട്ടുണ്ടാകും.
പ്രതീക്ഷിച്ച കീഴടങ്ങല്‍ ലഭ്യമാകാതിരുന്നതുകൊണ്ടാകാം രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മുമ്പില്‍ നിന്ന് ഹുസാം സഫിയെ ഇസ്രഈല്‍ സൈന്യം വലിച്ചിഴച്ചുകൊണ്ട് പോയത്.
ഒരുപക്ഷെ തന്നെ കാത്തിരിക്കുന്ന തോക്കിന്‍ മുനകള്‍ക്കും ടാങ്കറുകള്‍ക്കും വെടിക്കോപ്പുകള്‍ക്കും ആയുധങ്ങള്‍ക്കും മുമ്പില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹം ആലോചിക്കുന്നത് ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 45,541 ഫലസ്തീനികളെയും 11,946 സ്ത്രീകളെയും 18,858 കുഞ്ഞുങ്ങളെയും പരിക്കേറ്റ 108,338 ഫലസ്തീനികളെയുമായിരിക്കാം.
2025 പിറക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഹുസാം അബു സഫിയ ഉള്‍പ്പെടെയുള്ള ഫലസ്തീനികള്‍ സ്വാതന്ത്ര്യവും സമാധാനവും രുചിക്കുമെന്ന് പ്രതീക്ഷിക്കാം.