| Wednesday, 12th April 2023, 7:36 pm

ഫ്രഞ്ച് ജനാധിപത്യം എവിടെ; അക്രമത്തിന്റെയും കാപട്യത്തിന്റെയും പ്രസിഡന്റാണ് നിങ്ങള്‍; നെതര്‍ലാന്‍ഡ്‌സില്‍ ഇമ്മാനുവല്‍ മക്രോണിന്റെ സന്ദര്‍ശനത്തില്‍ വ്യാപക പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആംസ്റ്റര്‍ഡാം: യൂറോപ്പിന്റെ ഭാവി എന്ന വിഷയത്തില്‍ സംസാരിക്കാന്‍ നെതര്‍ലാന്‍ഡ്‌സിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് നേരെ വ്യാപക പ്രതിഷേധം.

ബുധനാഴ്ച ആംസ്റ്റര്‍ഡാം സര്‍വകലാശാലയില്‍ നടത്തിയ പരിപാടിയില്‍ ആണ് ഫ്രാന്‍സിലെ പെന്‍ഷന്‍ പരിഷ്‌കരണത്തിനെതിരെ പ്രതിഷേധമുണ്ടായത്.

‘മക്രോണിന് ഇഷ്ടമായില്ലെങ്കിലും ഞങ്ങള്‍ ഇവിടെയുണ്ടാകും’ എന്ന മുദ്രാവാക്യത്തോട് കൂടിയാണ് പ്രതിഷേധക്കാര്‍ പരിപാടിയില്‍ പങ്കെടുത്തത്.

‘എവിടെയാണ് ഫ്രഞ്ച് ജനാധിപത്യം. നിങ്ങള്‍ക്കെതിരെ തെരുവുകളില്‍ ദശലക്ഷക്കണക്കിന് പ്രതിഷേധക്കാരുണ്ട്. അക്രമത്തിന്റെയും കാപട്യത്തിന്റെയും പ്രസിഡന്റാണ് നിങ്ങള്‍,’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് മക്രോണിനെതിരെ പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.

അതേസമയം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ തയ്യാറാക്കുന്ന നിയമങ്ങളെ ദുര്‍ബലപ്പെടുത്തുന്നവര്‍ ജനാധിപത്യത്തെ അപകടത്തിലാക്കുകയാണെന്ന് 2021ലെ യു.എസ്. ക്യാപിറ്റല്‍ കലാപവും 203ലെ ബ്രസീലിയന്‍ കോണ്‍ഗ്രസിനെതിരെയുള്ള ആക്രമണവും ഉദ്ധരിച്ച് മക്രോണ്‍ പറഞ്ഞു.

ഫ്രാന്‍സില്‍ നടപ്പാക്കുന്ന പെന്‍ഷന്‍ പരിഷ്‌കരണത്തെ ന്യായീകരിച്ചും മാക്രോണ്‍ സംസാരിച്ചു. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ പെന്‍ഷന്‍ പ്രായം 64ല്‍ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഫ്രഞ്ച് പ്രസിഡന്റ് നെതര്‍ലാന്‍ഡ്‌സ് സന്ദര്‍ശിക്കുന്നത്.

അതേസമയം മക്രോണ്‍ കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തില്‍ തായ്‌വാന്‍, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ചൈന എന്നിവയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളും വിവാദത്തിലായിരുന്നു. തായ്‌വാനിലേക്ക് വരുമ്പോള്‍ യൂറോപ്പ് അമേരിക്കയുടെയോ ചൈനയുടെയോ അനുയായികള്‍ ആകരുതെന്നായിരുന്നു മക്രോണ്‍ പറഞ്ഞത്.

വിരമിക്കല്‍ പ്രായം 62ല്‍ നിന്ന് 64ലേക്ക് ഉയര്‍ത്തുന്നത് അടക്കമുള്ള നിയമത്തിനെതിരെയുള്ള രാജ്യവ്യാപകമായ പ്രതിഷേധം ഫ്രാന്‍സില്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

ജനുവരിയിലായിരുന്നു പ്രധാനമന്ത്രി എലിസബത്ത് ബോര്‍ണ്‍ പുതിയ പെന്‍ഷന്‍ പരിഷ്‌കാരം പ്രഖ്യാപിച്ചത്. പെന്‍ഷന്‍ പ്രായം 62ല്‍ നിന്ന് 64 ആയി ഉയര്‍ത്തും, 43 വര്‍ഷം സര്‍വീസിലിരിക്കുന്നവര്‍ക്ക് മാത്രമേ പെന്‍ഷന്‍ അനുവദിക്കുകയുള്ളൂ തുടങ്ങിയ പരിഷ്‌കാരങ്ങളാണ് നിയമത്തിലുള്ളത്.

content highlight: Where is French democracy; You are a president of violence and hypocrisy; Widespread protests over Emmanuel Macron’s visit to the Netherlands

We use cookies to give you the best possible experience. Learn more