മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന മേധാവിയുമായ ഏക്‌നാഥ് ഷിന്‍ഡെയെ കുറിച്ച് സ്റ്റാന്റ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ കേസെടുത്തതില്‍ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി എം.പി ജയ ബച്ചന്‍. അഭിപ്രായ സ്വതന്ത്ര്യം എവിടെ എന്ന് ചോദിച്ചാണ് ജയ ബച്ചന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.
കുനാല്‍ കമ്രയുടെ ഷോ ചിത്രീകരിച്ച മുംബൈയിലെ വേദി നശിപ്പിച്ച സംഭവത്തിലും ജയ ബച്ചന്‍ അപലപിച്ചു. പാര്‍ലമെന്റ് പരിസരത്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ജയ ബച്ചന്‍ വിമര്‍ശനമുന്നയിച്ചത്.
സംസാരിക്കുന്നതിന് നിയന്ത്രണമുണ്ടെങ്കില്‍ നിങ്ങളുടെ അവസ്ഥ എന്താകുമെന്നും എന്തായാലും മാധ്യമങ്ങളടക്കം മോശം അവസ്ഥയിലാണെന്നും നിങ്ങളുടെ മുകളിലും നിയന്ത്രണങ്ങളുണ്ടെന്നും ജയ ബച്ചന്‍ പറഞ്ഞു.
ചില വിഷയങ്ങളില്‍ മാത്രം സംസാരിക്കാനും ചില ചോദ്യങ്ങള്‍ ചോദിക്കരുതെന്നും നിങ്ങളോട് പറയുമെന്നും സംസാര സ്വാതന്ത്ര്യം എവിടെയാണെന്നും ജയ ബച്ചന്‍ ചോദിച്ചു.
പ്രതിപക്ഷത്തെ തല്ലുക, സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്യുക, ആളുകളെ കൊല്ലുക തുടങ്ങിയ ബഹളങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമേ സ്വാതന്ത്ര്യമുള്ളൂവെന്നും ഏക്‌നാഥ് ഷിന്‍ഡെ യഥാര്‍ത്ഥ പാര്‍ട്ടി വിട്ട് അധികാരത്തിന് വേണ്ടി മറ്റൊരു പാര്‍ട്ടി രൂപീകരിച്ചത് ബാലാ സാഹിബിന് അപമാനമല്ലേയെന്നും ജയ ബച്ചന്‍ ചോദിച്ചു.
കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിക്കിടെ ‘ദില്‍ തോ പാഗല്‍ ഹെ’ എന്ന ഗാനത്തിന്റെ പാരഡി പാടിയാണ് ഷിന്‍ഡെ രാജ്യദ്രോഹിയാണെന്ന് കമ്ര പരാമര്‍ശം നടത്തിയത്. പിന്നാലെ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
‘ആദ്യം ബി.ജെ.പിയില്‍ നിന്ന് ശിവസേന പുറത്തുവന്നു. പിന്നെ ശിവസേനയില്‍ നിന്ന് ശിവസേന പുറത്തുവന്നു. എന്‍.സി.പിയില്‍ നിന്ന് എന്‍.സി.പിയും പുറത്തുവന്നു. അവര്‍ ഒരു വോട്ടര്‍ക്ക് ഒമ്പത് വോട്ടിങ് ബട്ടണുകള്‍ നല്‍കി, അതോടെ അവര്‍ ആശയക്കുഴപ്പത്തിലുമായി,’ ഇതായിരുന്നു കുനാല്‍ കമ്ര പറഞ്ഞത്.
കമ്രയുടെ പരാമര്‍ശം വലിയ വിവാദമാണ് മഹാരാഷ്ട്രയില്‍ ഉണ്ടാക്കിയത്. രണ്ട് ദിവസത്തിനുള്ളില്‍ കമ്ര മാപ്പ് പറയണമെന്നും കമ്രക്കെതിരെ നടപടി എടുക്കണമെന്നും ശിവസേന എം.എല്‍.എ മുര്‍ജി പട്ടേല്‍ പറഞ്ഞു.
ഇതിനിടെ കുനാല്‍ കമ്ര പരിപാടി നടത്തിയ ഹോട്ടല്‍ ഷിന്‍ഡെ അനുകൂലികള്‍ അടിച്ച് തകര്‍ത്തു. മുംബൈയിലെ ഖാറില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഷിന്‍ഡെ അനുകൂലികള്‍ തകര്‍ക്കുകയായിരുന്നു.
ഹോട്ടല്‍ തകര്‍ത്ത സംഭവത്തിലും മുംബൈ പൊലീസ് കേസെടുത്തിട്ടുണ്ട്. ബി.എന്‍.എസിലെ വകുപ്പുകളും മഹാരാഷ്ട്ര പൊലീസ് ആക്ടും അനുസരിച്ചാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ശിവസേന യുവസേന ജനറല്‍ സെക്രട്ടറി രാഹൂള്‍ കനാല്‍ അടക്കം 19 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
Content Highlight: Where is freedom of expression?: Jaya Bachchan on filing a case against Kunal Kamra