ചോദ്യം: ഇന്ന് ഈ വേദിയിലെത്താന്‍ താങ്കള്‍ നേരിട്ട വെല്ലുവിളികള്‍ എന്തെല്ലാമായിരുന്നു? രാവിലെ മുതലുള്ള കാര്യങ്ങള്‍ പറയാമോ?
ആര്‍. ബിന്ദു: ഈ കോണ്‍ക്ലേവിലേക്ക് എന്നെ ക്ഷണിച്ചതിന് ആദ്യമേ തന്നെ നന്ദി പറയുന്നു. ഇന്ന് എനിക്ക് മറ്റ് നിരവധി യോഗങ്ങളുണ്ട്, അതുകൊണ്ട് തന്നെ ഒരുപാട് സമയം ഇവിടെ ചെലവഴിക്കാനാകില്ല. പക്ഷെ ജെന്‍ഡറുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന ആശയങ്ങളെ കുറിച്ചുള്ള ചില ആശങ്കകളെ കുറിച്ച് സംവദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജെന്‍ഡറും അധികാരകേന്ദ്രങ്ങളും തമ്മിലുള്ള വിവേചനപരമായ ബന്ധത്തില്‍ മാറ്റം വരുത്താനാണ് ഒരു സാമൂഹ്യപ്രവര്‍ത്തക എന്ന നിലയില്‍ ഞാന്‍ എന്നും ശ്രമിച്ചിട്ടുള്ളത്, ശ്രമിക്കുന്നത്.
സ്ത്രീ-ട്രാന്‍സ്ജെന്‍ഡര്‍ സൗഹൃദപരമായ സാമൂഹ്യസാഹചര്യത്തിന്റെ നിര്‍മിതിക്കാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്.
ഇന്ത്യന്‍ സമൂഹത്തിന്റെ അധികാര പിരമിഡിന്റെ ഏറ്റവും താഴെത്തട്ടിലാണ് എക്കാലവും സ്ത്രീകളെ തളച്ചിട്ടുള്ളത്.
അതില്‍ മാറ്റം വരുത്താനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ഇന്നത്തെ ഈ കോണ്‍ക്ലേവും ആ ശ്രമത്തിന്റെ ഭാഗമാണെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യ ടുഡേ പോലെ ഒരു വിഖ്യാത മാധ്യമം ഇത്തരം ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിലൂടെ കൂടുതല്‍ പേരിലേക്ക് ഈ ആശയങ്ങളെ എത്തിക്കാനാകും.
ഇനി, ഇന്നത്തെ എന്റെ ദിവസത്തിലേക്ക് വന്നാല്‍, രാവിലെ മുതല്‍ പലവിധ മീറ്റിങ്ങുകളായിരുന്നു. മന്ത്രിയെന്ന നിലയില്‍ ജനങ്ങളെ കാണുകയും കേള്‍ക്കുകയും ചെയ്യുക എന്നത് കടമയാണ്. അതുകൊണ്ട് തന്നെ വളരെ തിരക്കുപിടിച്ച ഷെഡ്യൂളായിരുന്നു എന്റേത്. അതിനൊപ്പം കുടുംബകേന്ദ്രീകൃതമായ സാമൂഹ്യസ്ഥിതി സൃഷ്ടിക്കുന്ന അധിക ഉത്തരവാദിത്തങ്ങള്‍ കൂടി എനിക്ക് നോക്കേണ്ടതായി വരുന്നുണ്ട്.
ഞാന്‍ എവിടെ പോയാലും എന്റെ വീടിനെ കൂടി തലയില്‍ ചുമക്കാറുണ്ട്. കുടുംബത്തിന്റേതായ ബാധ്യതകളെ ഒരിക്കലും പൂര്‍ണമായും ഒഴിവാക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
എന്റെ മകന് 30 വയസായി. പക്ഷെ ഇപ്പോഴും അവന്റെ കാര്യങ്ങള്‍ എനിക്ക് ശ്രദ്ധിക്കേണ്ടി വരാറുണ്ട്. എന്റെ കരിയറിലുടനീളം കുടുംബ കേന്ദ്രീകൃതമായ ഉത്തരവാദിത്തങ്ങള്‍ എന്നെ പിന്തുടരുന്നുണ്ട്. എന്റെ കുടുംബാംഗങ്ങള്‍ ഇത്തരം ഉത്തരവാദിത്തങ്ങള്‍ പങ്കുവെക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ഒരു സ്ത്രീക്ക് ഒരിക്കലും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറിനില്‍ക്കാനാകുന്നില്ല എന്നതാണ് ഇവിടുത്തെ അധികാരശ്രേണിയുടെ വിചിത്രമായ സ്വഭാവം.
ഉത്തരവാദിത്തങ്ങളുടെ ജനാധിപത്യപരമായ പങ്കുവെപ്പുകളുടെയും സ്നേഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തില്‍ കുടുംബവ്യവസ്ഥയെ നമ്മള്‍ നവീകരിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ സമത്വപൂര്‍ണവും ജനാധിപത്യപരവുമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനാകു.
ചോദ്യം: മന്ത്രിയെന്ന നിലയിലും അല്ലാതെയുമുള്ള താങ്കളുടെ ജീവിതസാഹചര്യങ്ങളില്‍ പാട്രിയാര്‍ക്കിയുടെ സാന്നിധ്യം എത്രത്തോളമാണ്? ഉദാഹരണങ്ങളോ സംഭവങ്ങളോ ചൂണ്ടിക്കാണിച്ചുകൊണ്ട് സംസാരിക്കാമോ?
ആര്‍. ബിന്ദു: മന്ത്രിയായതോടെ അടുക്കളയുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് എനിക്ക് ഒഴിയാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷെ അതിനുമുമ്പ് കോളേജ് അധ്യാപികയായിരുന്നപ്പോഴും മേയറായിരുന്നപ്പോഴും സജീവ രാഷ്ട്രീയപ്രവര്‍ത്തകയായിരുന്നപ്പോഴുമെല്ലാം ഏറെ ബുദ്ധിമുട്ടുകളിലൂടെയായിരുന്നു ഞാന്‍ കടന്നുപോയത്. ശരിക്കും കനലില്‍ ചവിട്ടിയായിരുന്നു ആ ദിനങ്ങളില്‍ ഞാന്‍ നീങ്ങിയത്. പൊതുരംഗത്തുള്ള എല്ലാ സ്ത്രീകളുടെ കാര്യവും ഇങ്ങനെ തന്നെയായിരിക്കും. കുടുംബാധിഷ്ഠിത വ്യവസ്ഥിതിയുടെ എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റുകയും ഒപ്പം പൊതുരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നത് ഒരിക്കലും എളുപ്പമല്ല.
കുട്ടിക്കാലം മുതലുള്ള ലിംഗപരമായ കണ്ടീഷനിങ്ങാണ് ഇതിന്റെയെല്ലാം അടിസ്ഥാനം.
കളിപ്പാട്ടങ്ങളിലെ രാഷ്ട്രീയത്തെ കുറിച്ച് നമ്മള്‍ സംസാരിച്ചേ മതിയാകൂ. ആണ്‍കുട്ടി ‘അഗ്രസീവായി വളരേണ്ടതുകൊണ്ട്’ അവന് കളിത്തോക്ക് നല്‍കുന്നു. പെണ്‍കുട്ടികള്‍ക്ക് ബാര്‍ബിപ്പാവകളും കിച്ചണ്‍സെറ്റും നല്‍കി അവളുടെ ഇടം അടുക്കളയാണെന്ന് പറഞ്ഞുവെക്കുന്നു. ആത്യന്തികമായി ഒരു സ്ത്രീയുടെ സ്ഥാനം അടുക്കളയിലും വീട്ടിനുള്ളിലും തന്നെയാണെന്ന് കരുതുന്ന സമൂഹത്തിലാണ് ഇപ്പോഴും നമ്മള്‍ ജീവിക്കുന്നത്.
‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്’ എന്ന മുദ്രാവാക്യം കേരളത്തില്‍ അലയടിച്ചുയുര്‍ന്ന് നൂറ് വര്‍ഷം പിന്നിട്ടിട്ടും, ആ വാചകത്തെ പൂര്‍ണാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഇന്നും നമുക്ക് കഴിഞ്ഞിട്ടില്ല. കുടുംബശ്രീ പോലുള്ള അഭിമാനകരമായ പല പ്രസ്ഥാനങ്ങളും നമ്മുടെ മുന്നിലുണ്ടെങ്കിലും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളില്‍ ജനാധിപത്യപരമായ പങ്കുവെപ്പുകളിലേക്ക്, കൂട്ടുത്തരവാദിത്തത്തിലേക്ക് സമൂഹം ഇനിയും വളര്‍ന്നിട്ടില്ല.
ചോദ്യം: സാക്ഷരതയുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസമന്ത്രിയെന്ന നിലയില്‍ കേരളത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരത്തെ കുറിച്ചും വിദ്യാഭ്യാസം സ്ത്രീശാക്തീകരണത്തിലേക്ക് നയിക്കുന്നുണ്ടോ എന്നതിനെ കുറിച്ചും, കണക്കുകളുടെ കൂടി അടിസ്ഥാനത്തില്‍ വിശദമാക്കാമോ?
ആര്‍. ബിന്ദു: കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് 56 ശതമാനത്തോളം സ്ത്രീകളാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സാക്ഷരതയിലും മലയാളി സ്ത്രീകള്‍ ഏറെ മുന്നിലാണ്. പക്ഷെ തീരുമാനങ്ങളെടുക്കാനാകുന്ന, നിര്‍ണായാധികാരമുള്ള തലത്തിലേക്ക് എത്തുന്ന സ്ത്രീകളുടെ എണ്ണം കേരളത്തില്‍ താരതമ്യേന കുറവാണ്. അതുകൊണ്ട് തന്നെ പെണ്‍കുട്ടികളില്‍ ഏജന്‍ഷ്യല്‍ പൊട്ടന്‍സി (Agential Potency) വളര്‍ത്തിയെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ചോദ്യം: ആഗോളതാപനവും മഴയുടെ കുറവും വെള്ളപ്പൊക്കവുമടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിപ്പിക്കുന്നതായും അവരുടെ ജീവിതത്തെ ഏറെ മോശമായി ബാധിക്കുന്നതായും പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന് മൃദുല രമേഷ് ഇവിടെ സൂചിപ്പിച്ചു. ഗാര്‍ഹിക പീഡനങ്ങളും സ്ത്രീധനത്തിന്റെ പേരിലുള്ള കൊലകളും വരെ വര്‍ധിക്കുന്നതായാണ് ഈ പഠന റിപ്പോര്‍ട്ടുകള്‍. താങ്കള്‍ ഈ പഠനങ്ങളോട് യോജിക്കുന്നുണ്ടോ? എങ്ങനെയാണ് ഇതിനെ വിലയിരുത്തുന്നത് ?
ആര്‍. ബിന്ദു: ഞാന്‍ ഇതിനോട് പൂര്‍ണമായും യോജിക്കുന്നു.
ഇന്ത്യയിലെ സ്ത്രീകളില്‍ 70 ശതമാനത്തോളം പേരും ഗാര്‍ഹിക പീഡനം അനുഭവിക്കുന്നവരാണ്.
ഇവിടെ സ്ത്രീകള്‍ക്ക് അവരുടെ കഴിവുകളുടെ പരമാവധി തിരിച്ചറിയാനാകുക എന്നത് പോലും ഏറെ ശ്രമകരമായ ദൗത്യമാണ്. സ്ത്രീകള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത, ഏറെ അപകടം പിടിച്ച രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. ചരിത്രപരമായ ചില പശ്ചാത്തലം കൂടി ഇതിന് പിന്നിലുണ്ട്. ജന്മിത്വവ്യവസ്ഥയുടെ ജീര്‍ണതകളും മുതലാളിത്തത്തിന്റെ കച്ചവടതാല്‍പര്യങ്ങളും ഒന്നിച്ചുപേറുന്ന ഒരു വിചിത്ര വ്യവസ്ഥിതിയാണ് ഇവിടെ നിലനില്‍ക്കുന്നത്. ഈ രണ്ട് സ്ത്രീവിരുദ്ധ ആശയങ്ങളും ചേര്‍ന്നാണ് സ്ത്രീകളെ ശ്വാസം മുട്ടിക്കുന്നത്.
ചോദ്യം: സ്ത്രീകള്‍ സമൂഹത്തിന്റെ നാനാതുറകളിലും മുന്നേറ്റം നടത്തുന്നതായി നമുക്കിന്ന് കാണാം. പക്ഷെ, ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി കോര്‍പറേറ്റ് രംഗത്ത് സ്ത്രീകളുടെ എണ്ണത്തില്‍ കുറവ് വരുന്നതായാണ് കണക്കുകള്‍. എന്തുകൊണ്ടാകും അങ്ങനെ സംഭവിക്കുന്നത്?
ആര്‍. ബിന്ദു: നിയോലിബറല്‍ ആശയങ്ങളാണ് അതിന് കാരണം. സ്ത്രീകളെ പിന്തുണക്കാത്ത ഈ ആശയധാരയും പ്രവര്‍ത്തനങ്ങളുമാണ് ഈ പ്രശ്നം സൃഷ്ടിക്കുന്നത്.
ചോദ്യം: രാഷ്ട്രീയരംഗത്തെ സ്ത്രീകളുടെ എണ്ണത്തില്‍ ഇന്നും നമ്മള്‍ വളരെ പുറകിലാണ്. അതില്‍ എങ്ങനെ മാറ്റം വരുത്താനാകും?
ആര്‍. ബിന്ദു: സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വന്നാലേ ഇന്ന് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാകൂ. സ്ത്രീകളെ പാസീവ് ഒബ്ജക്ടുകളല്ലാതെ ആക്ടീവ് ഏജന്റുകളായി പരിഗണിക്കാന്‍ നമുക്കാകണം. സ്ത്രീകളിലും അതിനനുസരിച്ചുള്ള മാറ്റമുണ്ടാകണം.
CONTENT HIGHLIGHTS: In the India Today Conclave, Relevant parts of what Minister R. Bindu spoke are in Malayalam