|

ഓഫീസുകളിലില്ല, കോളേജുകളിലുമില്ല; പ്ലസ് ടു കഴിഞ്ഞ് ആണ്‍കുട്ടികളൊക്കെ എങ്ങോട്ട് പോകുന്നു? കേരളത്തിന്റെ നേര്‍ച്ചിത്രം ചര്‍ച്ച ചെയ്ത് ഒരു പോസ്റ്റും കുറേ കമന്റുകളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തിലെ പ്ലസ്ടു കഴിഞ്ഞ ആണ്‍കുട്ടികളൊക്കെ എങ്ങോട്ടാണ് പോകുന്നതെന്ന ചോദ്യമുയര്‍ത്തി മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിലെ പ്ലസ്ടു ക്ലാസുകളിലെ ആണ്‍-പെണ്‍ അനുപാതം 50:50 ആണെങ്കിലും ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കെത്തുമ്പോള്‍ പെണ്‍കുട്ടികളാണ് കൂടുതല്‍ എന്നാണ് കൃത്യമല്ലെങ്കിലും കണക്കുകള്‍ സൂചിപ്പിക്കുന്നത്. എഞ്ചിനീയറിങ് കോളേജുകളിലും പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ ഇല്ലെന്നും അദ്ദേഹത്തിന്റെ പോസ്റ്റില്‍ പറയുന്നു. തൊഴിലിടങ്ങളിലും സ്ത്രീകളാണ് കൂടുതലായിട്ടുള്ളതെന്നും അദ്ദേഹം ഉദാഹരണം സഹിതം ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തില്‍ പ്ലസ്ടു വരെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തുല്യ അനുപാതത്തിലുള്ള സാഹചര്യത്തില്‍ നിന്നും ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് പ്രവേശിക്കാതെ കേരളത്തിലെ ആണ്‍കുട്ടികളെല്ലാം എങ്ങോട്ടാണ് പോകുന്നത് എന്ന ചോദ്യമാണ് മുരളി തുമ്മാരുക്കുടി ഉയര്‍ത്തിയിരിക്കുന്നത്.

വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരുള്‍പ്പെടെ നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ മറുപടിയുമായി എത്തിയിരിക്കുന്നത്. അവരവര്‍ ഇടപെടുന്ന മേഖലയിലുള്‍പ്പടെയുള്ള ഇത്തരത്തിലുള്ള അന്തരങ്ങള്‍ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടിയാണ് പലരും മറുപടി നല്‍കിയിരിക്കുന്നത്. അധ്യാപകര്‍, പ്രൊഫഷണലുകള്‍, അഭിഭാഷകര്‍ തുടങ്ങി വിവിധ സര്‍വീസ് സെക്ടറുകളില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പടെ പോസ്റ്റിന് താഴെ കമന്റുകള്‍ രേഖപ്പെടുത്തി.

ഉന്നത വിദ്യാഭ്യാസ മേഖലയിലും വൈറ്റ്‌കോളര്‍ തൊഴിലിടങ്ങളിലും ആണ്‍കുട്ടികളെ / പുരുഷന്‍മാരെ കാണാതാകുന്നതിന് വിവിധ കാരണങ്ങളാണ് പലരും പറയുന്നത്. ശാസ്ത്രീയമായ പഠനങ്ങളുടെയോ കണക്കുകളുടെയോ അടിസ്ഥാനത്തിലല്ല ഇത്തരം കമന്റുകളെങ്കിലും ഇവ പഠനത്തിന് വിധേയമാക്കേണ്ടതാണ് എന്നാണ് പലരുടെയും അഭിപ്രായം.

കേരളത്തിലെ പ്ലസ്ടു കഴിയുന്ന ആണ്‍കുട്ടികളില്‍ മഹാഭൂരിഭാഗവും ഡിഗ്രി കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നില്ലെന്നും ഐ.ടി.ഐ, പോളിടെക്‌നിക്, വിവിധ ഷോര്‍ട് ടേം കോഴ്‌സുകള്‍ എന്നിവയാണ് തെരഞ്ഞെടുക്കുന്നതെന്നും കമന്റുകളില്‍ പറയുന്നു. പെട്ടെന്ന് ജോലി ലഭിക്കാന്‍ സാധ്യതയുള്ള കോഴ്‌സുകള്‍ക്കാണ് ആണ്‍കുട്ടികള്‍ പ്രാധാന്യം നല്‍കുന്നത് എന്നും ഇവര്‍ പറയുന്നു.

കൂടുതല്‍ കാലം പഠിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് ലഭിക്കുന്ന പിന്തുണക്ക് സമാനമായ പിന്തുണ ആണ്‍കുട്ടികള്‍ക്ക് ലഭിക്കുന്നില്ലെന്നും ചിലര്‍ കമന്റ് ചെയ്യുന്നു. അതിനാല്‍ തന്നെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്ന് ആണ്‍കുട്ടികള്‍ പിന്തള്ളപ്പെടുന്നു എന്നും ചിലര്‍ കമന്റ് ചെയ്യുന്നു.

പുതിയ വിദ്യാഭ്യാസ നയം പ്രകാരം കോഴ്‌സുകളുടെ ധൈര്‍ഘ്യം വര്‍ധിപ്പിച്ചതും ആണ്‍കുട്ടികളെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്ന് പിന്‍തിരിയാന്‍ പ്രേരിപ്പിച്ചു എന്നും അഭിപ്രായമുണ്ട്. ഡിഗ്രി കോഴ്‌സുകളുടെ ധൈര്‍ഘ്യം നാല് വര്‍ഷമാക്കിയതും ഒരു വര്‍ഷം മാത്രമായിരുന്ന ബി.എഡ്. കോഴ്‌സുകളുടെ ധൈര്‍ഘ്യം രണ്ട് വര്‍ഷമാക്കിയതും ഈ രണ്ട് കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നതില്‍ നിന്ന് ആണ്‍കുട്ടികളെ നിരുത്സാഹപ്പെടുത്തുന്നു.

ഈ രീതിയില്‍ പ്ലസ്ടുവിന് ശേഷം ആറ് വര്‍ഷമെങ്കിലും പഠിച്ചെങ്കിലേ ഹൈസ്‌കൂള്‍ അധ്യാപകനായെങ്കിലും ജോലി ലഭിക്കൂ. അതും ഉറപ്പുള്ള കാര്യമല്ല എന്നാണ് അധ്യാപകരായ ചിലര്‍ മുരളി തുമ്മാരുക്കുടിയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

പ്ലസ് ടുവിന് ശേഷമുളള്ള പഠനത്തിനായി മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് പോകുന്നവരുടെ എണ്ണത്തില്‍ ആണ്‍കുട്ടികളാണ് കൂടുതലെന്നും കമന്റുകളുണ്ട്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അഡ്മിഷന്‍ ലഭിക്കുന്നതിന് ആവശ്യമായ മാര്‍ക്ക് പ്ലസ് ടു തലത്തില്‍ ആണ്‍കുട്ടികള്‍ക്ക് ലഭിക്കുന്നില്ലെന്നും അതിനാലാണ് കര്‍ണാടക, തമിഴ്‌നാട് ഉള്‍പ്പടെയുള്ള സമീപ സംസ്ഥാനങ്ങളിലേക്ക് ആണ്‍കുട്ടികള്‍ പോകുന്നത് എന്നും കമന്റുകളുണ്ട്.

എന്നാല്‍ ഇന്ത്യക്ക് പുറത്തേക്ക് ഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന കുട്ടികളുടെ ആണ്‍-പെണ്‍ അനുപാതം 50:50 തന്നെയാണെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ഉദ്ധരിച്ചു കൊണ്ട് മുരളി തുമ്മാരുകുടി അദ്ദേഹത്തിന്റെ പോസ്റ്റില്‍ പറയുന്നുണ്ട്. പകുതിയില്‍ വെച്ച് പഠനം നിര്‍ത്തിപ്പോകുന്നതിലും ആണ്‍കുട്ടികളാണ് കൂടുതല്‍ എന്നും ചിലര്‍ ഈ പോസ്റ്റിന് കമന്റുകളായി രേഖപ്പെടുത്തിയിട്ടുണ്ട്.

വിവിധ മേഖലകളില്‍ അധ്യാപകരായി ജോലി ചെയ്യുന്നവര്‍ തങ്ങള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങളിലും ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികളാണെന്ന് ഈ പോസ്റ്റിന് താഴെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കാക്കനാട് മീഡിയ അക്കാദമിയില്‍ പഠിപ്പിക്കുന്ന അധ്യാപകനായ പ്രഭാകരന്‍ മാധവന്‍ അക്കാദമിയിലെ ജേര്‍ണലിസം, പി.ആര്‍. ബാച്ചുകളില്‍ 10 ശതമാനം പോലും ആണ്‍കുട്ടികളില്ലെന്ന് പറയുന്നു. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി പഠിപ്പിക്കുന്ന അഡ്വ. ഹസീന പാലേങ്ങര തന്റെ സ്ഥാപനത്തിലും പെണ്‍കുട്ടികളാണ് കൂടുതലെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഫോട്ടോഗ്രഫി, ഗെയ്മിങ്, കണ്ടന്റ് ക്രിയേഷന്‍ ഉള്‍പ്പടെ അക്കാദമിക്കായി കൂടുതല്‍ പഠിക്കാതെ തന്നെ പണം സമ്പാദിക്കാന്‍ കഴിയുന്ന ക്രിയേറ്റീവായ മാര്‍ഗങ്ങളിലേക്ക് ആണ്‍കുട്ടികള്‍ പ്രവേശിക്കുന്നു എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. വിവാഹം നീട്ടിക്കൊണ്ട് പോകാനും വീടുകളിലെ സ്വാതന്ത്ര്യമില്ലായ്മയില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളായും പെണ്‍കുട്ടികളില്‍ പഠനം തെരഞ്ഞെടുക്കുന്നവരുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ആണ്‍കുട്ടികള്‍ക്ക് അത്തരം അവസ്ഥയുണ്ടാകുന്നില്ലെന്നും ശ്രീലക്ഷ്മി അറക്കല്‍ ഉള്‍പ്പടെ കമന്റ് ചെയ്തു.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ആണ്‍കുട്ടികളുടെ അഭാവം പോലെ തന്നെ മുരളി തുമ്മാരുക്കുടിയുടെ പോസ്റ്റില്‍ ചൂണ്ടിക്കാണിച്ച മറ്റൊരു സംഭവം തൊഴിലിടങ്ങളിലെ വര്‍ധിച്ച സ്ത്രീപ്രാധിനിത്യമാണ്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ തന്റെ സുഹൃത്തിന്റെ സ്ഥാപനം സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. അവിടെയുള്ള ജീവനക്കാരില്‍ മഹാഭൂരിഭാഗവും സ്ത്രീകളായിരുന്നു എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ഇത് ശരിവെക്കും തരത്തിലാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ വന്ന കമന്റുകളില്‍ മഹാഭൂരിഭാഗവും. കേരളത്തില്‍ ഇത്തരത്തിലുള്ള ഓഫീസുകളിലും വിവിധ സര്‍വീസ് സെക്ടറുകളിലും ജോലി ചെയ്യുന്നവരില്‍ മഹാഭൂരിഭാഗവും സ്ത്രീകളാണെന്ന് നിരവധി പേര്‍ സാക്ഷ്യപ്പെടുത്തുന്നു. അധ്യാപകര്‍, ബാങ്ക് ജീവനക്കാര്‍, അക്കൗണ്ടിങ് മേഖല, അഭിഭാഷകര്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലെല്ലാം ഭൂരിഭാഗം സ്ത്രീ തൊഴിലാളികളാണെന്ന് പലരും കമന്റ് ചെയ്യുന്നു.

തന്റെ ഓഫീസില്‍ ലഭിക്കുന്ന ഇന്റേണ്‍ അപേക്ഷകളില്‍ മഹാഭൂരിഭാഗവും സ്ത്രീകളുടേതാണെന്ന് അഭിഭാഷകനായ അഡ്വ. ഹരീഷ് വാസുദേവന്‍ പറയുന്നു. കോടതികളില്‍ എന്റോള്‍ ചെയ്യുന്നവരിലും മഹാഭൂരിഭാഗവും സ്ത്രീകളാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. വെറും ജോലി പോരാ, സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പാകത്തിനുള്ള നല്ല ജോലി വേണമെന്ന് ഈ തലമുറയിലെ സ്ത്രീകള്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറയുന്നു.

നഴ്‌സിങ് മേഖലയില്‍ മെയ്ല്‍ നഴ്‌സുമാര്‍ക്ക് ജോലി ലഭ്യത കുറവാണെന്നാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്ന ഉണ്ണിക്കൃഷ്ണന്‍ പി.എസ്. എന്നയാള്‍ പറയുന്നത്. വിദേശത്ത് വലിയ സാലറി ലഭിക്കുമെങ്കിലും കേരളത്തിലെ ആശുപത്രികള്‍ ഇപ്പോഴും മെയ്ല്‍ നഴ്‌സുമാരെ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറയുന്നു.

സ്ത്രീകള്‍ക്ക് കുറഞ്ഞ വേതനം നല്‍കിയാല്‍ മതിയെന്ന തെറ്റായ ധാരണയും കൂടുതലായും പ്രൈവറ്റ് മേഖലയില്‍ സ്ത്രീകളെ ജോലിക്കെടുക്കുന്നതിന് സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നതായും ചിലര്‍ അഭിപ്രായപ്പെടുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലടക്കം സ്ത്രീ ജീവനക്കാര്‍ വര്‍ധിക്കാനുള്ള കാരണമിതാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

വൈറ്റ്‌കോളര്‍ ജോലി ചെയ്യുന്ന ഇടങ്ങളിലാണ് സ്ത്രീകള്‍ കൂടുതലെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഇ കോമേഴ്‌സ് ഡെലിവറി സ്റ്റാഫ്, ഡ്രൈവര്‍മാര്‍, സെയ്ല്‍സ് സ്റ്റാഫ് തുടങ്ങി വിവിധ കൈത്തൊഴില്‍, നിര്‍മാണ മേഖല തുടങ്ങി അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ മഹാഭൂരിഭാഗവും പുരുഷന്‍മാരാണെന്നാണ് ഇത്തരക്കാരുടെ അഭിപ്രായം. പ്ലസ്ടു കഴിഞ്ഞ് ചെറിയ സംരഭങ്ങളിലേക്ക് തിരിയുന്നവരിലും ജോലി തേടി വിദേശത്തേക്ക് പോകുന്നവരിലും ആണ്‍കുട്ടികളാണ് കൂടുതലെന്ന അഭിപ്രായമുള്ളവരുമുണ്ട്.

ജി.സി.സി. രാജ്യങ്ങളിലടക്കം ഹോട്ടലുകളിലും ഷോപ്പുകളിലും ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും 30 വയസ്സിന് താഴെയുള്ള മലയാളി പുരുഷന്‍മാരാണെന്നും ഇവര്‍ പറയുന്നു. കേരളത്തിലെ പി.എസ്.സി കോച്ചിങ് സെന്ററുകളില്‍ അധികവും പെണ്‍കുട്ടികളാണെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. കേരളത്തിന് പുറത്ത് ജോലിക്ക് പോകുന്നവരില്‍ 60 ശതമാനവും ആണ്‍കുട്ടികളാണെന്നാണ് ജെ.എസ്. അടൂരിനെ പോലുള്ളവര്‍ കമന്റ് ചെയ്തിരിക്കുന്നത്.

അതേസമയം കേരളത്തിന്റെ സെക്‌സ് റേഷ്യോയിലെ അന്തരം തന്നെയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലുമുള്ള ഈ വ്യത്യാസത്തിന് കാരണമെന്ന് പറയുന്നവരുമുണ്ട്. ജെ.എസ്. അടൂരിനെ പോലുള്ളവരും ഈ വാദം മുന്നോട്ട് വെക്കുന്നു. കേരളത്തില്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണെന്നതിനാല്‍ തന്നെ ഈ വ്യത്യാസം എല്ലാ മേഖലയിലും പ്രതിഫലിക്കുമെന്നാണ് ഇവര്‍ പറയുന്നത്.

മേല്‍പറഞ്ഞ കണക്കുകളും അഭിപ്രായങ്ങളുമെല്ലാം ഏതെങ്കിലും തരത്തില്‍ ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ളതല്ലെങ്കിലും ഈ വിഷയം പഠന വിധേയമാക്കേണ്ടതുണ്ട് എന്നാണ് കമന്റ് രേഖപ്പെടുത്തിയ മഹാഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.

content highlights: Where do all the boys go after plus two? A post and several comments discussing the portrait of Kerala

Latest Stories