| Sunday, 17th November 2024, 1:05 pm

കണ്ണൂരില്‍ ആര്‍.എസ്.എസ് നേതാവിനെ മാലയിട്ട് സ്വീകരിച്ചപ്പോള്‍ ആദര്‍ശം എവിടെപ്പോയി; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പറവൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എമ്മിനുമെതിരെ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

ബി.ജെ.പിയില്‍ നിന്ന് ആരും മറ്റൊരു പാര്‍ട്ടിയിലേക്കും പോകരുതെന്ന നിലപാടാണോ മുഖ്യമന്ത്രിക്കെന്ന് വി.ഡി. സതീശന്‍ ചോദിച്ചു. പറവൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം.

കണ്ണൂരില്‍ ആര്‍.എസ്.എസ് നേതാവിനെ മാലയിട്ട് സ്വീകരിച്ചപ്പോള്‍ ആദര്‍ശം എവിടെപ്പോയെന്നും വി.ഡി. സതീശന്‍ ചോദിച്ചു. ഒരു കാരണവശാലും കേരളത്തില്‍ മതപരമായി ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളെ ഐക്യജനാധിപത്യ മുന്നണി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് ഒരാള്‍ ബി.ജെ.പിയിലേക്ക് പോകുമ്പോള്‍ പരിഹസിക്കുന്നവര്‍ക്ക്, എന്തിനാണ് വര്‍ഗീയതുടെ രാഷ്ട്രീയം വെടിഞ്ഞ് ഒരാള്‍ തങ്ങളോടപ്പം ചേരുമ്പോള്‍ അതൃപ്തി ഉണ്ടാകുന്നതെന്നും വി.ഡി. സതീശന്‍ ചോദിച്ചു.

കഴിഞ്ഞ ദിവസം വരെ സന്ദീപ് വാര്യര്‍ ക്രിസ്റ്റല്‍ ക്ലിയര്‍ ആണെന്നും വെറുപ്പിന്റെ രാഷ്ട്രീയം വിട്ടാല്‍ കൈനീട്ടി സ്വീകരിക്കുമെന്നും പറഞ്ഞവരാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സന്ദീപ് വാര്യര്‍ സി.പി.ഐ.എമ്മിലേക്കാണ് പോയിരുന്നതെങ്കില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലായിരുന്നു. അവരുടെ മുഴുവന്‍ നേതാക്കള്‍ക്കും സന്ദീപിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കാം, അപ്പോള്‍ ബാബരി മസ്ജിദ് ഒന്നും ഒരു വിഷയമല്ല എന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് ഇനിയും ആളുകള്‍ കോണ്‍ഗ്രസിലേക്ക് വരും. മാധ്യമങ്ങള്‍ ഇപ്പോള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ പത്മജ വേണുഗോപാലിനോടും അനില്‍ ആന്റണിയോടും ചോദിക്കാതിരുന്നത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. എം.ബി. രാജേഷ് കപടതയുടെ വക്താവാണെന്നും സി.പി.ഐ.എമ്മിന്റെ നാണംകെട്ട രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഹകരണ മേഖലയില്‍ ഇനി സംസ്ഥാന സര്‍ക്കാരിനെ പിന്തുണക്കില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ഉണ്ടായ സംഘര്‍ഷത്തിലാണ് തീരുമാനം. ബാങ്കിലെ തങ്ങളുടെ അനുയായികളുടെ നിക്ഷേപം പിന്‍വലിക്കാനുള്ള തീരുമാനമുണ്ടെന്നും വിഷയം ചര്‍ച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Where did the ideal go when the RSS leader was received with garlands in Kannur; vd satheeshan against CM

We use cookies to give you the best possible experience. Learn more