| Sunday, 9th May 2021, 9:40 am

ചൈനീസ് റോക്കറ്റ് ഭൂമിയില്‍ പതിച്ചു; ശരിയായത് സ്വതന്ത്ര ഗവേഷകരുടെ നിഗമനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാലി: നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഒടുവില്‍ ഭൂമിയില്‍ പതിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് റോക്കറ്റ് പതിച്ചത്.മാലിദ്വീപിനടുത്താണ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ പതിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ചൈനീസ് സ്‌പേസ് ഏജന്‍സിയും യു.എസ് മിലിട്ടറി ഡാറ്റ ബേസും റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിച്ചുവെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്ന ലോംഗ് മാര്‍ച്ച് 5ബി എന്ന റോക്കറ്റിന്റെ അവശിഷ്ടങ്ങളാണ് ഭൂമിയില്‍ പതിച്ചത്. റോക്കറ്റ് കടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു ഒമാന്‍, ഇസ്രാഈല്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ചിത്രം ലഭിച്ചത്.

എവിടെയായിരിക്കും അവശിഷ്ടങ്ങള്‍ വന്നുപതിക്കുകയെന്ന കാര്യത്തില്‍ വലിയ ആശയക്കുഴപ്പമാണ് ഉണ്ടായിരുന്നത്. ശാന്തസമുദ്രത്തില്‍ പതിയ്ക്കാനാണ് സാധ്യതയെന്നായിരുന്നു മിക്ക രാജ്യങ്ങളിലെയും ഗവേഷകരുടെ അനുമാനം. ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് വീഴാന്‍ സാധ്യതയെന്നായിരുന്നു ചില സ്വതന്ത്ര ഗവേഷകരുടെ കണ്ടെത്തല്‍. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇവരുടെ കണ്ടെത്തലാണ് ശരിയായിരിക്കുന്നത്.

മെഡിറ്ററേനിയന്‍ കടലില്‍ പതിയ്ക്കുമെന്നായിരുന്നു ചൈന അറിയിച്ചിരിക്കുന്നത്. മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗതിയിലാണ് റോക്കറ്റ് വലം വെയ്ക്കുന്നതെന്നും അതിനാല്‍ കാര്യമായ വലിപ്പമുള്ള അവശിഷ്ടങ്ങളൊന്നുമുണ്ടാകില്ലെന്നും ചൈന പറഞ്ഞിരുന്നു. റോക്കറ്റിന്റെ വന്നുപതിച്ച ഭാഗങ്ങളെ കുറിച്ചുള്ള കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.

ചൈനയുടെ പ്രധാന ബഹിരാകാശ പദ്ധതികളിലൊന്നായ ലാര്‍ജ് മോഡ്യുലാര്‍ സ്പേസ് സ്റ്റേഷന്റെ ഭാഗമായ ടിയാന്‍ഹെ മൊഡ്യൂളിനെ ഭ്രമണപഥത്തിലെത്തിച്ച് മടങ്ങി വരവേ ഏപ്രില്‍ 29നാണ് റോക്കറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടത്. റോക്കറ്റ് ശനിയാഴ്ചയോടെ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുമെന്ന അമേരിക്കയുടെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ലോകരാഷ്ട്രങ്ങള്‍ ആശങ്കയിലായിരുന്നു.

റോക്കറ്റിന്റെ ഭാഗങ്ങള്‍ കത്തിതീരുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ചൈന നേരത്തെയും അറിയിച്ചിരുന്നത്. എന്നാല്‍ റോക്കറ്റ് പൂര്‍ണ്ണമായും കത്തിനശിക്കണമെന്നില്ലെന്നും ചില ഭാഗങ്ങള്‍ ഭൂമിയില്‍ പതിയ്ക്കാന്‍ തന്നെയാണ് സാധ്യതയെന്നുമാണ് ബഹിരാകാശ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചത്.

ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസിലന്റ്, ആഫ്രിക്ക, തെക്കേ അമേരിക്ക, വടക്കേ അമേരിക്കയുടെ തെക്കന്‍ പ്രദേശം എന്നിവിടങ്ങള്‍ ഈ റോക്കറ്റിന്റെ സഞ്ചാരപഥത്തില്‍ വരുന്നതായിരുന്നു. റഷ്യയും ചൈനയുടെ മിക്ക പ്രദേശങ്ങളും യൂറോപ്പും ഇതിന്റെ സഞ്ചാരപഥത്തിന് പുറത്തുമായിരുന്നു. യു.എസ് പ്രതിരോധ വകുപ്പും പെന്റഗണുമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നത്.

നേരത്തെയും വിവിധ രാജ്യങ്ങളുടെ ബഹിരാകാശ പദ്ധതികളുടെ ഭാഗമായി, റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിയ്ക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Chinese Rocket landed on earth, in Indian Ocean near the Maldives

We use cookies to give you the best possible experience. Learn more