| Thursday, 6th June 2024, 7:00 pm

അയോധ്യയും ഉത്തര്‍പ്രദേശും ആരുടേയും കുത്തകയല്ല; ബി.ജെ.പിക്ക് പിഴച്ചത് എവിടെയെല്ലാം?

രാഗേന്ദു. പി.ആര്‍

ലഖ്നൗ: അയോധ്യയില്‍ തോല്‍വിയറിഞ്ഞ ബി.ജെ.പിക്ക് പിഴച്ചത് എവിടെയെല്ലാം? നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്ന ബി.ജെ.പിയുടെ തോല്‍വി എന്നത് അയോധ്യയിലേതാണ്. ഈ തോല്‍വിയ്ക്ക് പിന്നിലെ കാരണങ്ങള്‍ ഏതൊക്കെയായിരിക്കും.

ആദ്യ കാരണം ബി.ജെ.പി നേതാക്കളുടെ അമിതമായ ആത്മവിശ്വാസം. അയോധ്യ ബി.ജെ.പിയുടേതാണെന്ന അമിത വിശ്വാസം. എന്നാല്‍ ഈ വിശ്വാസത്തെ ജനങ്ങള്‍ തന്നെ തകര്‍ത്തെറിയുകയായിരുന്നു. ഫൈസബാദ് അടക്കമുള്ള അയോധ്യയിലെ ഒമ്പത് മണ്ഡലങ്ങളില്‍ അഞ്ചെണ്ണവും വാരണാസിയിലെ 12 മണ്ഡലങ്ങളില്‍ ഒമ്പത് എണ്ണവും ബി.ജെ.പിയെ നിഷ്കരുണം കൈവിട്ടു.

‘ഫൈസാബാദിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി തോറ്റതിന് കാരണം അദ്ദേഹം തന്നെയാണ്. ഒന്നും ചെയ്തില്ലെങ്കിലും ജനങ്ങള്‍ കൂടെയുണ്ടാകുമെന്ന വിശ്വാസമാണ് ലല്ലു സിങ്ങിനെ തിരിച്ചടിച്ചത്. അതേസമയം സമാജ്‌വാദി പാര്‍ട്ടി മണ്ഡലത്തില്‍ കാര്യമായി പണിയെടുത്തു. അതിന്റെ ഭാഗമായി എസ്.പി വിജയിക്കുകയും ചെയ്തു,’ എന്നായിരുന്നു അയോധ്യ തോല്‍വിയില്‍ രാമദള്‍ ട്രസ്റ്റ് പ്രസിഡന്റ് കല്‍ക്കി റാം ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചത്.

ലല്ലു സിങ്

അയോധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള റോഡിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ ഫൈസാബാദില്‍ ബി.ജെ.പിയെ വെട്ടിലാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്ഷേത്രപാതയ്ക്കായി കടകളും വീടുകളും വിട്ടുനല്‍കിയവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാത്തത്ത് വോട്ടര്‍മാരെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചു.

100 വര്‍ഷത്തിലേറെയായി അയോധ്യയില്‍ താമസിക്കുന്ന ആളുകളാണ് തങ്ങളുടെ സ്ഥലങ്ങള്‍ ജില്ലാ ഭരണകൂടത്തിന് വിട്ടുകൊടുക്കാന്‍ നിര്‍ബന്ധിതരായത്. ഉപജീവന മാര്‍ഗം നഷ്ടപ്പെട്ടവര്‍ക്ക് അയോധ്യയിലെ രാമന്‍ തങ്ങളെ പിന്തുണക്കില്ലെന്ന് തോന്നിയിട്ടുമുണ്ടാകും.

അയോധ്യയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ബി.ജെ.പി വോട്ടുകളില്‍ ഗണ്യമായ കുറവുണ്ടാക്കി. രാമക്ഷേത്രത്തിലും പരിസരത്തും ഒഴികെ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ അയോധ്യ ബുദ്ധിമുട്ടുകയാണ്.

വൈദ്യുത വിതരണത്തിലെ തകര്‍ച്ച, കുഴികള്‍ നിറഞ്ഞ റോഡുകള്‍, ഗതാഗതക്കുരുക്, അനാരോഗ്യപരമായ ശൗചാലയങ്ങള്‍ തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാണ് അയോധ്യയെ ദുരിതത്തിലാഴ്ത്തുന്നത്. മോദിയുടെ പേരില്‍ രണ്ട് തവണ ഫൈസാബാദില്‍ നിന്ന് എം.പിയായ ലല്ലു സിങ് ഈ വിഷയങ്ങളിലേക്ക് തിരിഞ്ഞുപോലും നോക്കിയില്ലെന്ന് ജനങ്ങള്‍ പറയുന്നു.

ഗ്രാമങ്ങളെ നഗരസംസ്‌കാരം പിടിമുറുക്കിയതും ജനങ്ങളെ ചൊടിപ്പിച്ചു. ഗ്രാമങ്ങളില്‍ വ്യാപകമായി സ്ഥാപിക്കപ്പെട്ട ബാരിക്കേഡുകള്‍, പൊലീസ് ചെക്കിങ്ങുകള്‍, ഗതാഗതം വഴിതിരിച്ചുവിടല്‍, വി.ഐ.പി സംസ്‌കാരം, ബ്യൂറോക്രാറ്റിക് ആധിപത്യം, വസ്തു ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാകാതിരിക്കല്‍ തുടങ്ങിയവയെല്ലാം ഗ്രാമങ്ങളിലെ വോട്ടര്‍മാരെ ബി.ജെ.പിയില്‍ നിന്ന് അകറ്റി. രാമക്ഷേത്രത്തിന്റെ പേരില്‍ അയോധ്യയിലെ കല്ലിനോട് പോലും വോട്ട് ചോദിച്ച ബി.ജെ.പിക്ക് അവിടെയും പാളി.

അതേസമയം ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി സച്ചിദാനന്ദ് പാണ്ഡെ ബ്രാഹ്‌മണ സമുദായത്തില്‍ നിന്നുള്ള ഒരാളായതും ബി.ജെ.പിയ്ക്ക് വെല്ലുവിളിയായി. മോദി അടക്കമുള്ള ബി.ജെ.പി നേതാക്കളുടെ വര്‍ഗീയ, സംവരണ പ്രസംഗങ്ങള്‍ ദളിതരെയും മുസ്‌ലിങ്ങളെയും ബി.ജെ.പിയില്‍ നിന്ന് അകറ്റുകയും ചെയ്തു. ഫൈസാബാദിലെ 22 ശതമാനം ഒ.ബി.സി വിഭാഗക്കാരും 21 ശതമാനം ദളിതരും 19 ശതമാനം മുസ്‌ലിങ്ങളും മോദിയുടെ വര്‍ഗീയ പരാമര്‍ശങ്ങളോട് മുഖം തിരിച്ചു.

മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടിയാല്‍ മാത്രമേ ഭരണഘടന തിരുത്തിക്കുറിക്കാന്‍ പറ്റുവെന്ന് വാതോരാതെ പ്രസംഗിച്ച ലല്ലു സിങ് പിന്നീട് ആ പരാമര്‍ശങ്ങള്‍ തിരുത്താന്‍ ശ്രമിച്ചതും ബി.ജെ.പിയുടെ അടിത്തറ ഇളക്കി.

മൂന്നാം തവണയും വാരണാസി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച നരേന്ദ്ര മോദി സീറ്റ് നിലനിര്‍ത്തിയെങ്കിലും, ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലുള്ള വിജയം മാത്രമായിരുന്നു മോദിയുടേത്. നരേന്ദ്ര മോദി 6,74,664 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അജയ് റായ് വാരണാസിയില്‍ നിന്ന് പിടിച്ചെടുത്തത് 4,79,000 വോട്ടുകളാണ്.

1,52,513 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മോദിയ്ക്ക് തോല്‍പ്പിക്കാന്‍ കഴിഞ്ഞത്. 2019ല്‍ സംസ്ഥാനത്ത് 62 സീറ്റുകള്‍ നേടിയ ബി.ജെ.പിക്ക് ഇത്തവണ 33 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. അതായത് ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നിലനിര്‍ത്തിയിരുന്ന സീറ്റുകളില്‍ ഗണ്യമായി കുറവ് സംഭവിച്ചുവെന്നതാണ് യഥാര്‍ഥ്യം.

അയോധ്യയും ഉത്തര്‍പ്രദേശും ആരുടേയും കുത്തകയല്ലെന്നും അന്തിമ വിധിയെഴുത്ത് തങ്ങളുടേത് തന്നെയാണെന്നും ഉറപ്പിക്കുകയുമാണ് അയോധ്യയിലെ വോട്ടര്‍മാര്‍.

Content Highlight: Where did BJP go wrong in Ayodhya?

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more