ഔറംഗാബാദ്: സംവരണ വിഷയത്തില്‍ രൂക്ഷ നിലപാടുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. സംവരണം എന്നാല്‍ അതിനര്‍ത്ഥം ജോലിയല്ലെന്നും സംവരണം ഉള്ളതുകൊണ്ട് ജോലി ലഭിച്ചുകൊള്ളണമെന്നില്ലെന്നുമായിരുന്നു നിതിന്‍ ഗഡ്കരിയുടെ പ്രതികരണം.
ഓരോ സമൂഹത്തിലേയും പിന്നാക്കക്കാരെ അല്ലെങ്കില്‍ ദരിദ്രരെ പരിഗണിക്കണമെന്ന ഒരു ചിന്താഗതി അല്ലെങ്കില്‍ ഒരു നയം ഉണ്ടെന്നും എന്നുകരുതി എല്ലാവര്‍ക്കും ജോലി എന്ന കാര്യം നടപ്പുള്ളതല്ലെന്നുമായിരുന്നു ഗഡ്കരിയുടെ പ്രതികരണം.
സംവരണത്തിനായി ദീര്‍ഘനാളായി മറാത്ത വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ടും ഇതേ ആവശ്യമുന്നയിച്ചുകൊണ്ടുള്ള മറ്റു വിഭാഗക്കാരുടെ സമരത്തേയും കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി.
“” സംവരണം നല്‍കി എന്ന് തന്നെ നിങ്ങള്‍ കരുതുക. എന്നാല്‍ ഇവിടെ ഇവര്‍ക്ക് കൊടുക്കാന്‍ തൊഴില്‍ ഇല്ല. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ആവിര്‍ഭാവത്തോടെ തൊഴിലുകളുടെ എണ്ണത്തില്‍ കുറവുവന്നിട്ടുണ്ട്. സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് ഏതാണ്ട് മരവിച്ച അവസ്ഥയിലാണ്. സംവരണം ഉണ്ട് എന്ന് പറഞ്ഞ് ഇവര്‍ക്കെല്ലാം എടുത്തുകൊടുക്കാന്‍ എവിടെയാണ് ജോലിയുള്ളത്? – നിതിന്‍ ഗഡ്കരി ചോദിക്കുന്നു.
രാഷ്ട്രീയതാത്പര്യമായി പിന്നാക്കക്കാരുടെ സംവരണ ആവശ്യം മാറിക്കഴിഞ്ഞെന്നും തങ്ങള്‍ പിന്നാക്ക വിഭാഗക്കാരാണെന്ന് എല്ലാവരും പറയുന്ന അവസ്ഥയാണ് ഇപ്പോഴെന്നും നിതിന്‍ ഗഡ്കരി പറയുന്നു.
ബീഹാറിലും ഉത്തര്‍പ്രദേശിലും ബ്രാഹ്മണര്‍ ശക്തരാണ്. അവര്‍ക്ക് രാഷ്ട്രീയത്തില്‍ സ്വാധീനമുണ്ട്. അവരും പറയുന്നു തങ്ങള്‍ പിന്നാക്കവിഭാഗമാണെന്ന്. ദരിദ്രരായ വ്യക്തികള്‍ ദരിദ്രര്‍ തന്നെയാണ്. അവര്‍ക്ക് പ്രത്യേകം ജാതിയുണ്ടാവില്ല, മതമുണ്ടാവില്ല. ഭാഷയുണ്ടാവില്ല.
ഹിന്ദുക്കളായാലും മുസ് ലീങ്ങളായാലും മറാത്ത ആയാലും അവരിലും ഭക്ഷണവും വെള്ളവും വസ്ത്രവും പാര്‍പ്പിടവും ഇല്ലാത്ത വിഭാഗങ്ങളുണ്ടാകും. ഓരോ സമൂഹത്തിലേയും പിന്നാക്കക്കാരെ അല്ലെങ്കില്‍ ദരിദ്രരെ പരിഗണിക്കണമെന്ന ഒരു ചിന്താഗതി ഇവിടെ നിലനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ പലരും അത് രാഷ്ട്രീയതാത്പര്യത്തോടെ ഉപയോഗപ്പെടുത്തുകയാണെന്നും ഗഡ്കരി പറഞ്ഞു.