| Friday, 8th June 2018, 9:58 pm

വധഭീഷണി; മോദിക്ക് പ്രശസ്തി കുറയുമ്പോഴുണ്ടാകുന്ന തന്ത്രമാണെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോദിക്ക് പ്രശസ്തി കുറയുമ്പോള്‍ പ്രയോഗിക്കുന്ന തന്ത്രമാണ് “വധഭീഷണി”യെന്ന് കോണ്‍ഗ്രസ് വക്താവ് സഞ്ജയ് നിരുപം. “രാജീവ് ഗാന്ധി വധ”” ത്തിന്റെ മാതൃകയില്‍ മാവോയിസ്റ്റുകള്‍ മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന പൂണെ പൊലീസിന്റെ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു സഞ്ജയ് നിരുപം.

“സന്ദേശം പൂര്‍ണ്ണമായും തെറ്റാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ മോദി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മുതലുള്ള തന്ത്രമാണിത്. എപ്പോഴൊക്കെ അദ്ദേഹത്തിന്റെ ജനപ്രീതി കുറയുന്നുവോ അന്നെല്ലാം വധശ്രമമെന്ന വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അതുകൊണ്ട് ഇതിലെ സത്യാവസ്ഥ അന്വേഷിക്കണം” സഞ്ജയ് നിരുപം പറഞ്ഞു.

കണ്ടെടുത്ത രഹസ്യ രേഖയില്‍ ഇങ്ങനെ പറയുന്നതായി പോലീസ് പറയുന്നു: മോഡി രാജ് അവസാനിപ്പിക്കാന്‍ “”രാജീവ് ഗാന്ധി വധ”” ത്തിന്റെ മാതൃകയില്‍ പദ്ധതിയിടാന്‍ സഖാക്കള്‍ നിര്‍ദേശിക്കുന്നു. ഇത് പരാജയപ്പെടാന്‍ തീര്‍ച്ചയായും സാധ്യത ഉണ്ട്, പക്ഷെ പാര്‍ട്ടി ഇതിനെക്കുറിച്ചു ആലോചിക്കുക തന്നെ വേണം. അദ്ദേഹത്തിന്റെ റോഡ് ഷോകളെ ഉന്നം വയ്ക്കുന്നത് ഫലപ്രദമായിരിക്കും. എന്നാല്‍ പാര്‍ട്ടിയുടെ നിലനില്‍പ്പാണ് എല്ലാത്തിലും ഉപരിയെന്നു നമ്മള്‍ കൂട്ടായി വിശ്വസിക്കുന്നു”.

ബുധനാഴ്ച അറസ്റ്റ് ചെയ്ത അഞ്ചുപേരില്‍ നിന്നാണ് ഈ കത്തുകള്‍ കണ്ടെടുത്തതെന്നാണ് പൊലീസ് പറയുന്നത്. ഭീമ കൊറേഗോണ്‍ സംഭവവുമായി ബന്ധപ്പെട്ടാണ് അഞ്ച് പേരെയും അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ യു.എ.പി.എയാണ് ചുമത്തിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more