നിയമം അറിയില്ലെങ്കില്‍ കളിക്കാന്‍ ഇറങ്ങിയത് എന്തിനാണ് ? ഗംഭീറിനെതിരെ എ.എ.പി സ്ഥാനാര്‍ത്ഥി അതിഷി മര്‍ലിന
D' Election 2019
നിയമം അറിയില്ലെങ്കില്‍ കളിക്കാന്‍ ഇറങ്ങിയത് എന്തിനാണ് ? ഗംഭീറിനെതിരെ എ.എ.പി സ്ഥാനാര്‍ത്ഥി അതിഷി മര്‍ലിന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th April 2019, 9:30 am

ന്യൂദല്‍ഹി: അനുമതിയില്ലാതെ റാലി നടത്തിയതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസ് കൊടുത്ത സംഭവത്തില്‍ ഗൗതംഗംഭീറിനെതിരെ വിമര്‍ശനവുമായി ഈസ്റ്റ് ദല്‍ഹി എ.എ.പി സ്ഥാനാര്‍ത്ഥി അതിഷി മര്‍ലിന.

ആദ്യം നാമനിര്‍ദേശ പത്രികയില്‍ വൈരുദ്ധ്യം. പിന്നെ സ്വന്തം പേരില്‍ രണ്ട് ഐ.ഡി കാര്‍ഡുണ്ടെന്ന് കണ്ടെത്തിയത്. ഇപ്പോള്‍ അനുമതിയില്ലാതെ റാലി നടത്തി. എനിക്ക് ഗംഭീറിനോട് പറയാനുള്ളത് നിയമം അറിയില്ലെങ്കില്‍ പിന്നെന്തിനാണ് കളിക്കാന്‍ വരുന്നതെന്നാണ്. അതിഷി മര്‍ലിന ട്വീറ്റ് ചെയ്തു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് കൊണ്ട് അനുമതി വാങ്ങാതെ ഏപ്രില്‍ 25ന് ദല്‍ഹിയിലെ ജങ്പുരയിലാണ് ഗംഭീര്‍ റാലി നടത്തിയത്. സംഭവത്തില്‍ ഈസ്റ്റ് ദല്‍ഹി ഇലക്ടറല്‍ ഓഫീസര്‍ കെ. മഹേഷ് ദല്‍ഹി പൊലീസിനോട് കേസെടുക്കാന്‍ പറഞ്ഞിരുന്നു.

ദല്‍ഹിയില്‍ രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് ആരോപിച്ച് ആംആദ്മി പാര്‍ട്ടിയുടെ അതിഷി മര്‍ലിന നല്‍കിയ മറ്റൊരു പരാതിയും ഗൗതം ഗംഭീറിനെതിരെ നിലനില്‍ക്കുന്നുണ്ട്. രാജേന്ദ്ര നഗറിലും കരോള്‍ ബാഗിലുമായി 2 വോട്ടര്‍ പട്ടികയില്‍ ഗൗതം ഗംഭീറിന്റെ പേരുണ്ടെന്നും ഈ രണ്ടു സ്ഥലങ്ങളിലെയും വോട്ടര്‍ ഐ.ഡി ഗംഭീറിന്റെ പക്കലുണ്ടെന്നും എ.എ.പി ആരോപിച്ചിരുന്നു.

ബി.ജെ.പി നിലപാടുകള്‍ സ്വീകരിച്ചിരുന്ന ഗംഭീര്‍ കഴിഞ്ഞ മാസമാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതും സ്ഥാനാര്‍ത്ഥിയായതും.