| Thursday, 25th May 2023, 8:40 am

യോഗി അധികാരമേറ്റത് മുതല്‍ ഓരോ രണ്ടാഴ്ചയിലും ഒരാള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 2017ല്‍ യോഗി ആദിത്യനാഥ് അധികാരത്തിലേറിയതു മുതല്‍ ഇതുവരെ 186 ഏകപക്ഷീയമായ ഏറ്റുമുട്ടലുകള്‍ നടന്നതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ 15 ദിവസത്തിലും ഒന്നിലധികം കുറ്റാരോപിതരെ പൊലീസ് കൊലപ്പെടുത്തുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

കഴിഞ്ഞ ആറ് വര്‍ഷത്തില്‍ പൊലീസ് വെടിവെപ്പില്‍ ( കാലില്‍) 5,046 പേര്‍ക്കാണ് പരിക്കേറ്റത്. ഓരോ 15 ദിവസത്തിനുള്ളിലും 30ലധികം കുറ്റാരോപിതര്‍ക്ക്‌ വെടിയേറ്റ് പരിക്ക് പറ്റുന്നു. പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 186 പേരുടെ പട്ടികയില്‍ 96 പേര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരായിരുന്നു. രണ്ട് പേര്‍ പീഡനം, കൂട്ടബലാത്സംഗം, പോക്‌സോ എന്നീ കേസുകളിലും ഉള്‍പ്പെട്ടവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2016നും 2022നും ഇടയില്‍ കുറ്റകൃത്യങ്ങളില്‍ ഇടിവ് സംഭവിച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. മോഷണകുറ്റങ്ങളില്‍ 82 ശതമാനം കുറവും കൊലപാതക കുറ്റങ്ങളില്‍ 37 ശതമാനത്തിന്റെ കുറവുമാണ് ഔദ്യോഗിക രേഖകള്‍ അനുസരിച്ച് ഉണ്ടായിട്ടുള്ളത്.

ഭൂരിഭാഗം ഏറ്റുമുട്ടല്‍ മരണങ്ങളും ചോദ്യം ചെയ്യപ്പെടാതെ പോകുന്നതായി റെക്കോഡുകള്‍ സൂചിപ്പിക്കുന്നു. ഒരു മജിസ്റ്റീരിയല്‍ അന്വേഷണം മാത്രമാണ് ഉണ്ടാകുന്നത. 161 ഏറ്റുമുട്ടല്‍ മരണങ്ങള്‍ ആരുടെയും എതിര്‍പ്പില്ലാതെ തീര്‍പ്പാക്കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മീററ്റ് മേഖലക്ക് കീഴിലുള്ള ജില്ലകളില്‍ 65 കുറ്റാരോപിതരെയാണ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. വാരണാസി, ആഗ്ര എന്നിവിടങ്ങളില്‍ 14-20 ആളുകളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി.

ഓപ്പറേഷന്‍ ലന്‍ഗാഡയില്‍ 2017നും 2022നും ഇടയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 5,046  കുറ്റാരോപിതര്‍ക്ക്‌  കാലില്‍ വെടിയേറ്റതായി റെക്കോഡുകള്‍ കാണിക്കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. ഇതില്‍ മീററ്റ് മേഖലയില്‍ ആണ് കൂടുതല്‍ പേര്‍,1,752 പേര്‍.

2017 മാര്‍ച്ച് മുതല്‍ 2023 ഏപ്രില്‍ വരെയുള്ള സംസ്ഥാനത്തെ വെടിവെപ്പില്‍ 13 പൊലീസുകാര്‍ കൊല്ലപ്പെടുകയും 1,443 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ട പൊലീസുകാരില്‍ ഒരാളും പരിക്കേറ്റ പൊലീസുകാരില്‍ 405 പേരും മീററ്റില്‍ നിന്നുള്ളവരാണ്.

Contenthighlight: When yogi took charge ovee one killed every fortnight in police encounter

We use cookies to give you the best possible experience. Learn more