ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന ബാബാരാംദേവിന്റെ പരാതിയില്‍ സി.പി.ഐ(എം) ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ ഹരിദ്വാര്‍ പോലീസ് കേസെടുത്തിരിക്കുകയാണ്. രാമായണത്തിലും മഹാഭാരതത്തിലുമടക്കം ഹിംസയും അക്രമവുമുണ്ടെന്ന യെച്ചൂരിയുടെ പരാമര്‍ശം ഹൈന്ദവ പാരമ്പര്യത്തെയും ആചാര്യന്മാരെയും അപമാനിക്കലാണെന്നും അത് ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തലാണെന്നുമാണ് ഹരിദ്വാര്‍ എസ്.പിക്ക് ബാബാരാംദേവ് നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
ഇത്തരമൊരു പരാതിയുടെ അടിസ്ഥാനത്തില്‍ ഹരിദ്വാര്‍ പോലീസ് എടുത്ത കേസ് പരിഹാസ്യവും അങ്ങേയറ്റം ജനാധിപത്യവിരുദ്ധവുമായ നടപടിയാണ്. ഇന്ത്യയുടെ സംസ്‌കാരത്തെയും അതിന്റെ ഈടുവെപ്പുകളായ വേദേതിഹാസങ്ങളെയും പുരാണങ്ങളെയും വിമര്‍ശനാത്മകമായി പരിശോധിക്കാനുള്ള ധൈഷണിക സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണമാണിത്. ഹിന്ദുരാഷ്ട്രാഭിമാനത്തെ വിമര്‍ശിക്കുന്നവരോടുള്ള സംഘപരിവാറിന്റെ അസഹിഷ്ണുതയാണ് യെച്ചൂരിക്കെതിരായ കേസിലൂടെ പ്രകടമാകുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും വിമര്‍ശന സ്വാതന്ത്ര്യത്തിനും നേരെ ഉയരുന്ന ഈവിധ ഫാസിസ്റ്റ് ഭീഷണിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്.
ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ലെന്ന ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിംഗിന്റെ വാദത്തിന് മറുപടിയായിട്ടാണ് യെച്ചൂരി രാമായണത്തിലും മഹാഭാരതത്തിലുമടക്കം അക്രമമുണ്ടായിരുന്നുവെന്ന് സൂചിപ്പിച്ചത്. ഹിന്ദുത്വവാദികള്‍ ഇന്ത്യയുടെ സുവര്‍ണകാലമായി കൊണ്ടാടുന്ന മധ്യകാലത്തെ രാജഭരണകാലഘട്ടം യുദ്ധപരമ്പരകളുടേതായിരന്നു. രാമായണവും മഹാഭാരതവുമടക്കം പുരാണേതിഹാസകൃതികളെല്ലാം അത് രചിക്കപ്പെട്ടകാലത്തിന്റെ വൈരുദ്ധ്യങ്ങളെയും സാമൂഹ്യസംഘര്‍ഷങ്ങളെയുമാണ് ആവിഷ്‌ക്കരിക്കുന്നത്. സാമൂഹ്യ സംഘട്ടനങ്ങളും ജീവിത സംഘര്‍ഷങ്ങളും അത്തരം കൃതികളില്‍ നമുക്ക് ദര്‍ശിക്കാം.
ഭൂതകാലത്തിന്റെ നന്മകളെയാകെ കയ്യൊഴിയുന്ന, കാര്യപ്രാപ്തിക്ക് ഏത് ദുര്‍മാര്‍ഗവും ഉപയോഗിക്കാമെന്ന് അനുശാസിക്കുന്ന നീതിശാസ്ത്രമാണ് ഇന്ത്യയുടെ പാരമ്പര്യത്തില്‍ നിന്നും എന്നും ആര്‍.എസ്.എസ് സ്വീകരിച്ചിട്ടുള്ളത്. ശൂദ്രരരെയും സ്ത്രീകളെയും നീചജന്മങ്ങളായി കാണുന്ന മനുസ്മൃതിയിലും കാര്യം നേടാന്‍ എന്തുമാകാമെന്ന് അനുശാസിക്കുന്ന കൗടില്യന്റെ നീതിശാസ്ത്രത്തിലുമാണ് ഹിന്ദുത്വവാദത്തിന്റെ പ്രത്യയശാസ്ത്ര വേരുകള്‍ ആഴ്ന്നു കിടക്കുന്നത്.
മലേഗാവ് സ്‌ഫോടനകേസിലെ പ്രതിയായിട്ടുള്ള പ്രജ്ഞാ സിങ് ഠാക്കൂര്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായി വരുന്നത് ഈയൊരു ന്യായശാസ്ത്രയുക്തിയനുസരിച്ചാണല്ലോ. അവര്‍ അക്രമത്തിനും ഹിംസക്കുമെതിരെ സംസാരിക്കുന്നത് ചെകുത്താന്‍ വേദമോതുന്നതുപോലെയാണെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ലായെന്ന അവരുടെ പ്രസ്താവനക്ക് മറുപടിയായിട്ടാണ് നമ്മുടെ ഇതിഹാസകൃതികളിലെയും ഇന്ത്യയുടെ രാജഭരണകാലത്തെയും അക്രമങ്ങളെയും യുദ്ധങ്ങളെയും പറ്റി യെച്ചൂരി പരാമര്‍ശിച്ചത്. ഇത് ചരിത്രത്തെയും സംസ്‌കാരത്തെയും ശരിയായി മനസ്സിലാക്കാന്‍ വിസമ്മതിക്കുന്ന വര്‍ഗീയവാദികളെ പ്രകോപിപ്പിക്കുമെന്നതില്‍ അത്ഭുതമില്ല.
മഹാഭാരതത്തിലും രാമായണത്തിലും ആദര്‍ശാധിഷ്ഠിതമല്ലാത്തതും അധീശത്വശക്തികളെ സാധൂകരിക്കുന്നതുമായ സംഘര്‍ഷങ്ങളും യുദ്ധങ്ങളും സാര്‍വ്വത്രികമാണ്. രാമായണത്തിലെ താടകാവധവും ശൂര്‍പ്പണഖയോട് കാണിച്ച ക്രൂരതയും ബാലിവധവും എന്തിന് സീതാ പരിത്യാഗവും എല്ലാവിധ ആദര്‍ശാത്മകതകളെയും അതിലംഘിക്കുന്ന ഹിംസയും അക്രമവും തന്നെയാണ്.
ഒരു പക്ഷെ ബാബാരാംദേവിനും യെച്ചൂരിക്കെതിരെ കേസെടുത്ത ഹരിദ്വാറിലെ പോലീസിനും മഹാഭാരതകഥ അറിയില്ലായിരിക്കാം. മഹാഭാരതത്തിലെ കേന്ദ്രപ്രമേയം തന്നെ കുരുക്ഷേത്ര യുദ്ധമാണ്. ബലവും ജയവുമാണ് ആദര്‍ശത്തെ നിര്‍ണയിക്കുന്നതെന്ന് മഹാഭാരതത്തിലുടനീളം പറയുന്നുണ്ട്. കുടിലതയും ഹിംസയും യുദ്ധവുമാണ് ഇതിഹാസകാവ്യത്തിന്റെ കേന്ദ്രാംശമായിരിക്കുന്നത്. എല്ലാ ഹിംസകളും അധര്‍മ്മങ്ങളും ന്യായീകരിക്കപ്പെടുന്നത് ധര്‍മ്മം ലക്ഷ്യമാക്കിക്കൊണ്ടുള്ള അവതാരകഥയിലൂടെയും ദൈവസങ്കല്‍പ അവതരണത്തിലൂടെയുമാണല്ലോ. ചതിയെ ആദര്‍ശവല്‍ക്കരിക്കുകയാണല്ലോ ഇവിടെ അവതാരകഥകളിലൂടെ. ഭീഷ്മരെയും ദ്രോണരെയും കര്‍ണനെയും ശല്യരെയും പാണ്ഡവര്‍ കുരുക്ഷേത്രയുദ്ധത്തിലൂടെ ജയിക്കുന്നത് സാക്ഷാല്‍ ഭഗവാന്‍ കൃഷ്ണനൊരുക്കുന്ന ചതികളിലൂടെയാണ്.
പാര്‍ത്ഥസാരഥിയായ കൃഷ്ണന്‍ കുരുക്ഷേത്രത്തില്‍ ഗീതോപദേശത്തിലൂടെ അര്‍ജ്ജുനന്റെ മനസ്സിലെ ആദര്‍ശനിഷ്ഠയുടെ അവസാനകണികയും നീക്കിക്കളയുകയാണ്. അവതാരകഥകളിലൂടെ മനുഷ്യമനസ്സിലെ എല്ലാവിധ ധര്‍മ്മബോധങ്ങളെയും സാഹോദര്യഭാവങ്ങളെയും ഉച്ചാടനം ചെയ്യുന്ന ദൈവപ്രഘോഷണമാണ് കൃഷ്ണന്‍ നടത്തുന്നത്. ചാതുര്‍വര്‍ണ്യാധിഷ്ഠിതമായ ക്ഷത്രിയധര്‍മ്മ നിര്‍വ്വഹണമാണതെന്ന കാര്യം ഡോ.ഡി.ബി.കൊസാമ്പിയെയും ദേബിപ്രസാദ്ചതോപാധ്യായെയും പോലുള്ളവരുടെ പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
യെച്ചൂരിയുടെ പ്രസ്താവന ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തലാണെന്ന ബാബാരാംദേവിന്റെ പരാതി ഇന്ത്യയുടെ ദാര്‍ശനിക പാരമ്പര്യത്തെയും സാമൂഹ്യചരിത്രത്തെയും സംബന്ധിച്ച തികഞ്ഞ അജ്ഞതയില്‍നിന്നും വര്‍ഗീയഭ്രാന്തില്‍ നിന്നും ഉയര്‍ന്നുവരുന്നത് മാത്രമാണ്. ഇന്ത്യയുടെ സാമൂഹ്യചരിത്രത്തിലോ ദാര്‍ശനിക പാരമ്പര്യത്തിലോ ‘ഹിന്ദു’ എന്ന പേരില്‍ ഏകശിലാരൂപമായ ഒരു മതത്തെ എവിടെയും കാണാനാവില്ല. പേര്‍ഷ്യക്കാര്‍ സിന്ധുനദിക്ക് നല്‍കിയ ഹിന്ദു എന്ന നാമത്തെ അറബികള്‍ അല്‍ഹിന്ദ് എന്നും ഗ്രീക്കുകാര്‍ ഇന്‍ഡോസെന്നും മാറ്റിവിളിച്ചു. അതവര്‍ക്ക് ക്രമേണ ഇന്ത്യയെന്ന രാജ്യത്തെക്കുറിച്ചുള്ള പരിചിത നാമമായി പരിണമിക്കുകയായിരുന്നു.
പഴയ പേര്‍ഷ്യന്‍ രേഖകളില്‍ 5 മുതല്‍ 42 വരെ ഹിന്ദുമതങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ട്. യൂറോപ്യന്‍ അധിനിവേശത്തിനുശേഷം ജൂഡായിറ്റ് മതങ്ങളില്‍ ഉള്‍പ്പെടാത്ത ഇന്ത്യക്കാരെ ഒന്നിച്ച് ഹിന്ദു എന്ന് വിശേഷിപ്പിക്കപ്പെട്ടു. മതപരിവര്‍ത്തനവുമായി വന്ന കത്തോലിക്ക-പ്രൊട്ടസ്റ്റന്റ് മിഷണറിമാര്‍ തങ്ങള്‍ മതം മാറ്റുന്നത് ഹിന്ദുക്കളെയാണെന്നും പ്രസ്താവിച്ചു. യഥാര്‍ത്ഥത്തില്‍ പില്‍ക്കാലത്ത് ഓറിയന്റലിസ്റ്റ് ചരിത്രകാരന്മാര്‍ ബ്രാഹ്മണരുടെ ജീവിതചര്യകളെയും വിശ്വാസപ്രമാണങ്ങളെയും അടിസ്ഥാനമാക്കി ഒരു ഹിന്ദുമതത്തെയും ഹൈന്ദവസംസ്‌കാരത്തെക്കുറിച്ചും പറയാന്‍ തുടങ്ങി. ഈ ഓറിയന്റലിസ്റ്റ് പണ്ഡിതന്മാരാണ് മുസ്‌ലീം ക്രിസ്ത്യന്‍ വിഭാഗങ്ങളെ അപരരായി നിര്‍വ്വചിക്കുന്ന ഒരു ഇന്ത്യന്‍ സമുദായ സങ്കല്‍പം കൊണ്ടുവരുന്നത്.
ഇന്ത്യന്‍ ദാര്‍ശനിക ഗ്രന്ഥങ്ങളിലൊന്നും പരാമര്‍ശിക്കപ്പെടാത്ത ആര്യന്‍ മഹിമാ വാദവും ഈ ഓറിയന്റലിസ്റ്റ് പണ്ഡിതരുടെ സൃഷ്ടിയാണ്. റൊമിളാഥാപര്‍ പറയുന്നതുപോലെ ഒരു യൂറോപ്യന്‍ ആവിഷ്‌കാരമാണ് ആര്യന്‍ ശ്രേഷ്ഠവര്‍ഗ സിദ്ധാന്തം. മനുസ്മൃതിയും ആര്യന്‍ ശ്രേഷ്ഠ സിദ്ധാന്തവും എല്ലാം ചേര്‍ന്ന വരേണ്യവും ഹിംസാത്മകവുമായ ഒരു പ്രത്യയശാസ്ത്രമെന്ന നിലയിലാണ് നമ്മള്‍ ഇന്ന് മനസ്സിലാക്കുന്ന ഹിന്ദുമതം ആവിഷ്‌ക്കരിക്കപ്പെട്ടത്. വര്‍ണാശ്രമ ധര്‍മ്മങ്ങളിലധിഷ്ഠിതമായ ഈ ഹിന്ദുമതം മഹാഭൂരിപക്ഷം വരുന്ന ശൂദ്രരരെയും അപരമത സമൂഹങ്ങളെയും ശത്രുവായി കാണുന്ന ഹിന്ദുത്വമായി വികസിപ്പിക്കുകയാണ് സവര്‍ക്കര്‍ തൊട്ട് പ്രഗ്യാസിംഗും ബാബാരാംദേവും വരെയുള്ളവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ഹിന്ദുമതത്തെ വിമര്‍ശിക്കുന്നത് ഇന്ത്യയിലെ ഭൂരിപക്ഷ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തലായി കാണാനാവില്ല.
രാജ്യത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും ദുര്‍വ്യാഖ്യാനം ചെയ്താണ് വര്‍ഗീയവാദികള്‍ തങ്ങളുടെ ഹിന്ദുത്വമെന്ന അധീശത്വപ്രത്യയശാസ്ത്രത്തിന് സമ്മതി നിര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. വര്‍ണാശ്രമധര്‍മ്മത്തിലധിഷ്ഠിതമായ ഹിന്ദുത്വത്തെ ദളിതരുടെയും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അധ്വാനിക്കുന്ന എല്ലാവിഭാഗം ജനങ്ങളുടെയും പക്ഷത്തുനിന്ന് വിമര്‍ശനവിധേയമാക്കിക്കൊണ്ടേ ഇന്ത്യയില്‍ ജനാധിപത്യത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള സമരത്തെ മുന്നോട്ടുകൊണ്ടുപോകാനാവൂ.