| Saturday, 8th August 2020, 1:14 pm

എത്ര കാലത്തിനുള്ളില്‍ ബി.ജെ.പി കേരളം ഭരിക്കും? നിരാശരാകുന്ന കോണ്‍ഗ്രസ്സുകാരോട് ചിലത്‌

ഫാറൂഖ്

എത്ര കാലത്തിനുള്ളില്‍ ബി.ജെ.പി കേരളം ഭരിക്കും?
ഈ ചോദ്യത്തിന് ലഭിക്കുന്ന ഉത്തരം നിങ്ങള്‍ ആരോടാണ് ചോദിക്കുന്നത് എന്നതിനനുസരിച്ചിരിക്കും. ഉദാഹരണത്തിന്, ബി.ജെ.പിക്കാരനോട് ഈ ചോദ്യം ചോദിച്ചാല്‍ പത്തോ പതിനഞ്ചോ വര്‍ഷത്തിനുള്ളില്‍ എന്ന് പറയും, കമ്മ്യൂണിസ്റ്റുകാരനോട് ചോദിച്ചാല്‍ ബി.ജെ.പി ഒരിക്കലും കേരളം ഭരിക്കില്ല എന്ന് പറയും. കേരളത്തിന്റെ ഡെമോഗ്രാഫിയും ഭൂമിശാസ്ത്രവും ശരിയായി മനസ്സിലാക്കിയ ഏതെങ്കിലും നിരീക്ഷകനോട് ചോദിച്ചാല്‍ മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കിയാല്‍ തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കേരളം ഭരിക്കുമെന്നായിരിക്കും ഉത്തരം.

ഇതേ ചോദ്യം ഡല്‍ഹിയിലെ ഉപജാപ രാഷ്ട്രീയക്കാര്‍ തിങ്ങി നിറഞ്ഞ ലുട്യന്‍സ് ഡല്‍ഹി എന്നറിയപ്പെടുന്ന പ്രദേശത്തുള്ള ആരോടെങ്കിലും ചോദിച്ചു നോക്കൂ. അമിത്ഷാ എന്ന് വേണമെന്ന് വിചാരിക്കുന്നോ അന്ന് മുതല്‍ ബി.ജെ.പി കേരളം ഭരിക്കുമെന്നായിരിക്കും ഉത്തരം. നിങ്ങള്‍ക്കവരോട് വിയോജിക്കാന്‍ കുറെ ബുദ്ധിമുട്ടെണ്ടി വരും, കാരണം സമീപകാല ചരിത്രം അങ്ങനെയാണ്.

അമിത്ഷാ ഏതെങ്കിലും സംസ്ഥാനത്തു ഭരണം വേണമെന്ന് തീരുമാനിച്ചാല്‍ അത് ഭരിച്ചിരിക്കും. ആദ്യം സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ്, ഇന്‍കം ടാക്‌സ് തുടങ്ങിയ എല്ലാവരെയും വിട്ട് എം.എല്‍.എ മാരെ വിരട്ടും, അത് കഴിഞ്ഞു കോടികളുടെ ഓഫറുമായി ബി.ജെ.പി ഡീല്‍ ബ്രോക്കര്‍മാര്‍ എത്തും. ആദ്യമൊക്കെ ഇതിനൊക്കെ രഹസ്യ സ്വഭാവമൊക്കെ ഉണ്ടായിരുന്നു, ഇപ്പൊ അങ്ങനെയൊന്നുമില്ല. 50 കോടി വരെയാണ് ഇപ്പോഴത്തെ ഓഫര്‍.

ആ നിരക്കില്‍ നോക്കിയാല്‍ കേരളത്തില്‍ 71 എം.എല്‍.മാരെ വാങ്ങാന്‍ പരമാവധി 3550 കോടി രൂപ മതിയാവും. ആ തുക അറേഞ്ച് ചെയ്യാന്‍ അമിത്ഷാക്ക് അഞ്ചു മിനിട്ടു പോലും വേണ്ടി വരില്ല. കേരളത്തിലെ എം.എല്‍.എ മാരൊക്കെ ആദര്‍ശ ധീരരല്ലെ, വെറും അന്‍പത് കോടിക്ക് വേണ്ടി അവരാരെങ്കിലും പാര്‍ട്ടി മാറുമോ എന്ന് ചോദിക്കുന്നവരുണ്ടാകും. ഇരുപതിനായിരം കോടി, ലക്ഷം കോടി എന്നൊക്കെയുള്ള വിനോദ് റായിയുടെ പൊലിപ്പിച്ച കണക്കുകള്‍ സ്ഥിരമായി കേള്‍ക്കാറുണ്ടായിരുന്നത് കൊണ്ട് തോന്നുന്നതാണ്. സത്യത്തില്‍ അമ്പതു കോടി എന്നത് കേരളത്തിലെ ഒരു സാദാ എം.എല്‍.എ യെ സംബന്ധിച്ചു വലിയ തുകയാണ്. 50 കോടി വെറുതെ ഫിക്‌സഡ് ഡെപ്പോസിറ്റ് ആയി ബാങ്കിലിട്ടാല്‍ മാസത്തില്‍ 30 ലക്ഷത്തില്‍ കൂടുതല്‍ പലിശ കിട്ടും, എന്ന് പറഞ്ഞാല്‍ ദിവസം ഒരു ലക്ഷം രൂപ ചിലവാക്കി ആഡംബരമായി മരണം വരെ ജീവിക്കാം, 50 കോടി മുതല്‍ അവിടെത്തന്നെ ഉണ്ടാവും, മരിക്കുമ്പോള്‍ മക്കള്‍ക്ക് കൈമാറുകയും ചെയ്യാം.

ഇനി അഥവാ ഇന്ത്യയില്‍ ഇത്രക്ക് പണവുമായി ജീവിക്കാന്‍ പേടിയാണെങ്കില്‍, കാലം അതാണല്ലോ, ഈ അമ്പതു കോടിയില്‍ അഞ്ചു കോടി മുടക്കി ദുബായ് ബുര്‍ജ് ഖലീഫയില്‍ ഒരു ഫ്‌ലാറ്റ് വാങ്ങി അവിടെ ജീവിക്കാം, 99 കൊല്ലത്തെ വിസയും കിട്ടും. അല്ലെങ്കില്‍ ബ്രിട്ടന്‍ മുതല്‍ അമേരിക്ക വരെ, മൗറീഷ്യസ് മുതല്‍ കയ്മാന്‍ ഐലന്‍ഡ് വരെ എവിടെ വേണമെങ്കിലും പൗരത്വമോ ഗ്രീന്‍കാര്‍ഡോ കിട്ടും രണ്ടോ മൂന്നോ കോടി ചിലവാക്കിയാല്‍. ഇപ്പറഞ്ഞതില്‍ എവിടെ വേണമെങ്കിലും പണം അമിത്ഷാ എത്തിച്ചു തരും, സംഘപരിവാറിന്റെ കള്ളപ്പണ നെറ്റ്വര്‍ക്ക് ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നതല്ല, ഇന്റര്‍നാഷണല്‍ ആണ്.

അമിത്ഷാ

എല്ലാവര്‍ക്കും ഒരു ബ്രേക്കിങ് പോയിന്റ് ഉണ്ട് എന്നാണ് പറയുക. ഇനി അഥവാ 50 കോടി ഏതെങ്കിലും ഒരു എം.എല്‍.എ യുടെ ബ്രേക്കിംഗ് പോയിന്റ് അല്ലെങ്കില്‍ മറ്റെന്തെങ്കിലും ബ്രേക്കിംഗ് പോയിന്റ് ഉണ്ടാകും. കുറച്ചു കൂടെ പണം, അല്ലെങ്കില്‍ മക്കള്‍ക്ക് എന്തെങ്കിലും സ്ഥാനം, അല്ലെങ്കില്‍ ഭീഷണി, ഇതിലേതെങ്കിലും ഒന്നില്‍ മിക്കവാറും രാഷ്ട്രീയക്കാര്‍ മറിയും. എന്തിന് രാഷ്ട്രീയക്കാരെ പറയുന്നു, വെറുമൊരു രാജ്യസഭാ സീറ്റിനും ഡല്‍ഹിയിലെ ഒരു ബംഗ്ലാവിനും വേണ്ടി വിധികള്‍ മാറ്റിയെഴുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരുള്ള നാടാണ്.

ഇതൊക്കെയായിട്ടും എന്താണ് ബി.ജെ.പി ഇപ്പോഴും കേരളം ഭരിക്കാത്തതെന്നായിരിക്കും നിങ്ങളുടെ അടുത്ത ചോദ്യം, ഉത്തരം, എല്ലാ ഏകാധിപത്യ സര്‍ക്കാരുകള്‍ക്കും തങ്ങള്‍ ജനാധിപത്യക്കാരാണെന്ന ഒരു നാട്യം ആവശ്യമുണ്ട്. അതിനു അവിടെയിവിടെയായി ചില പ്രതിപക്ഷ സര്‍ക്കാരുകള്‍ വേണം, വിമര്‍ശിക്കാന്‍ കുറെ പത്രങ്ങള്‍ വേണം, കുറെ ട്രോളന്മാര്‍ വേണം. ഇവരാരും പരിധി വിടില്ല എന്ന ഉറപ്പ് അമിത് ഷാക്കുണ്ട്. പ്രിട്ടന്‍സ് ഓഫ് ഡെമോക്രസി അഥവാ ജനാധിപത്യ നാട്യം ഇല്ലാതെ ആധുനിക കാലത്തു ഏകാധിപതികള്‍ക്ക് മുന്നോട്ട് പോകാനാവില്ല. ജനാധിത്യമുണ്ടെന്ന് സ്വയം തോന്നാനും മറ്റുള്ളവര്‍ക്ക് തോന്നിക്കാനും നിലനിര്‍ത്തിയിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളുമാണ് കേരള സര്‍ക്കാര്‍, ടെലിഗ്രാഫ് ന്യൂസ്പേപ്പര്‍, എന്‍.ഡി.ടി.വി, രാമചന്ദ്ര ഗുഹ, രാഹുല്‍ ബജാജ് തുടങ്ങിയവയൊക്കെ, കഴുത്തില്‍ കയറു കെട്ടി മേയാന്‍ വിട്ടിരിക്കുന്ന പശുക്കള്‍.

കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്ന രണ്ടു പ്രസ്താവനകളെ ഒരു പാട് ട്രോളുകയും പരിഹസിക്കുകയും ചെയ്തവരാണ് നമ്മള്‍ കേരളീയര്‍. ഒന്നാമത്തെ പ്രസ്താവന ഇന്ത്യയിലെ ഓരോ തരി മണ്ണും ആര്‍.എസ്.എസ്സിന്റെ കാല്‍ക്കീഴിലാണെന്ന മോഹന്‍ ഭാഗവതിന്റെ പ്രസ്താവന, രണ്ടാമത്തേത് അടുത്ത അമ്പതു വര്‍ഷമെങ്കിലും ബി.ജെ.പി ഇന്ത്യ ഭരിക്കും എന്ന അമിത്ഷായുടെ പ്രസ്താവന. രണ്ടും സത്യത്തോട് വളരെ അടുത്ത് നില്‍ക്കുന്നതാണ്, അംഗീകരിക്കാതിരിക്കുന്നതില്‍ കാര്യമില്ല.

നരേന്ദ്ര മോദി, അമിത് ഷാ

ഒന്നാമത്തെ പ്രസ്താവന, ഇന്ത്യയുടെ ഓരോ തരി മണ്ണും എങ്ങനെയാണ് ആര്‍.എസ്.എസ്സ് ഭരിക്കുന്നത്, എല്ലാ സംസ്ഥാന സര്‍ക്കാരുകളും ബി.ജെ.പിയുടേതല്ലല്ലോ എന്ന് സാങ്കേതികമായി പറയാം. പക്ഷെ മിക്കവാറും ബി.ജെ.പി ഇതര സര്‍ക്കാരുകളും ആര്‍.എസ്.എസ്സിന്റെ ആജ്ഞകള്‍ അക്ഷരം പ്രതി നടപ്പാക്കുന്നവരാണ്, ഉദാഹരണത്തിന് തമിഴ്‌നാട്, ഒറീസ്സ, ആന്ധ്രാ, തെലുങ്കാന സര്‍ക്കാരുകള്‍. മറ്റു ചിലര്‍ ആര്‍.എസ്.എസ്സ് തന്നെ സൃഷ്ടിച്ചു പരിപാലിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ്, എ.എ.പി മാത്രമല്ല, വേറെ ചിലരും ഉണ്ട് അക്കൂട്ടത്തില്‍, സമയത്തിനനുസരിച്ചു ഓരോരുത്തരായി പുറത്തു വരും. ഇത്തരക്കാരെ എംബെഡ്ഡഡ് ഓപ്പോസിഷന്‍ പാര്‍ട്ടികള്‍ എന്ന് പറയാം. ബാക്കിയുള്ളത് പേടിച്ചു ജീവിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളാണ്.

ബീഹാറിനെ പറ്റി അടുത്തിടെ കേട്ടതാണ്. അവിടെ തിരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. തെജസ്വി യാദവിനെ ഉപദേശിക്കാന്‍ വേണ്ടി ഒരു പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്റ് ചെന്നു, ഇപ്പോള്‍ കണ്‍സള്‍ട്ടന്റുകളുടെ കാലമാണല്ലോ. ഉപദേശം ഇത്രയേയുള്ളൂ, തേജസ്വി ഒരു പദയാത്ര നടത്തണം, ബീഹാറിന് വിലങ്ങനേയും തലങ്ങനേയും. പദയാത്രകള്‍ ഇന്ത്യയില്‍ തെരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ വളരെ പ്രധാനപ്പെട്ട ഒരായുധമാണ്, ജഗന്‍ അടുത്ത കാലത്തു ആന്ധ്രയില്‍ ജയിച്ചതിന്റെ ഒരു പ്രധാനകാരണം പദയാത്രകളാണ്. പക്ഷെ തേജസ്വി യാദവിന് താല്പര്യമില്ല. കാരണം ലളിതം, തേജസ്വി കാര്യമായിട്ടാണ് എന്ന് കണ്ടാല്‍ അമിത്ഷാ പിടി മുറുക്കും, പണം ആവശ്യത്തിലധികമുണ്ട്, അച്ഛന്‍ ജയിലിലാണ്, എന്‍ഫോഴ്സ്മെന്റുകാര്‍ വാതിലില്‍ മുട്ടും.

ഇനി അഥവാ തേജസ്വി കഷ്ടപ്പെട്ട് ആര്‍.ജെ.ഡി യെ അധികാരത്തിലെത്തിച്ചാല്‍ തന്നെ പത്തോ ഇരുപതോ എം.എല്‍.എ മാരെ അമിത്ഷാ വാങ്ങും, ഈ കഷ്ടപ്പാടൊക്കെ വെറുതെയാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം അതാണ് സംഭവിച്ചത്. അത് കൊണ്ട് തേജസ്വി യാദവ് എന്‍.ഡി.എ യുമായി ഒരു ഫ്രണ്ട്ലി മാച്ച് നടത്തും, എന്‍.ഡി.എ വിജയിക്കും. തേജസ്വി പ്രതിപക്ഷ നേതാവായി തുടരും, അദ്ദേഹത്തിന് വേണ്ട സൗകര്യങ്ങളും പരിഗണനകളുമൊക്ക അമിത് ഷാ കൊടുക്കും. തേജസ്വി സന്തോഷമായി ജീവിക്കും. ഇനി അഞ്ചോ പത്തോ കൊല്ലം കഴിയുമ്പോള്‍ ഒരു പക്ഷെ ആര്‍.എസ്.എസ്സ് തന്നെ മുന്‍കൈയെടുത്തു തേജസ്വിയെ തന്നെ മുഖ്യമന്ത്രിയാക്കാനും മതി.

തേജസ്വി യാദവ്‌

ഇതേ രീതിയിലാണ് മറ്റുള്ള പ്രതിപക്ഷ നേതാക്കളുടെയും രാഷ്ട്രീയ പ്രവര്‍ത്തനം. മായാവതിയും അഖിലേഷ് യാദവുമൊന്നും വീട്ടിനു പുറത്തിറങ്ങാറില്ല. പത്തു മുപ്പതു കൊല്ലമായി തന്റെ പാര്‍ട്ടിക്ക് മാത്രം വോട്ടു ചെയ്യുന്ന പാവങ്ങളെ ജന്മിമാര്‍ ട്രാക്ടറുകളില്‍ തോക്കുമായി വന്നു വെടിവച്ചു കൊന്നപ്പോള്‍ അവരെ സമാശ്വസിപ്പിക്കാന്‍ പോലും ചെന്നില്ല മായാവതി. അഖിലേഷ് യാദവിന്റെ പ്രധാന രാഷ്ട്രീയ പ്രവര്‍ത്തനം ഭാര്യയുടെയും മകളുടെയും ഒപ്പമുള്ള സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതാണ്.

ചിദംബരം ജയിലില്‍ കിടന്നത് ഇപ്പറഞ്ഞ എല്ലാവര്‍ക്കും ഒരു പാഠമായി. നൂറു ദിവസം കഴിഞ്ഞപ്പോള്‍ ചിദംബരം പുറത്തിറങ്ങിയത് നീതിന്യായ സംവിധാനത്തിന്റെ വിജയമാണെന്നൊന്നും വിചാരിക്കുന്ന ഒരു വിഡ്ഢിയും ഇന്ത്യയിലില്ല, ചിദംബരം തല്‍ക്കാലം പുറത്തു നില്‍ക്കട്ടെ എന്ന് അമിത്ഷാ തീരുമാനിച്ചു, അത്ര തന്നെ.

അമിത്ഷായുടെ അമ്പതു കൊല്ലം ഭരിക്കുമെന്ന പ്രസ്താവന അങ്ങനെ വിവിധ പാര്‍ട്ടികളിലൂടെ സത്യമാവും. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ റോള്‍ എന്താവും, അല്ലെങ്കില്‍ എന്താവണം?

ഫാസിസം, കമ്മ്യൂണിസം, ക്യാപിറ്റലിസം എന്നൊക്കെ എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുമെങ്കിലും ഇതിന്റെയൊക്കെ അടിസ്ഥാന സ്വാഭാവം മനസ്സിലാക്കുന്നതില്‍ നമ്മള്‍ പലപ്പോഴും പരാജയമാണ്. ഉദാഹരണത്തിന് ഫാസിസം. ആര്‍.എസ്.എസ്സ് ഒരു ഫാസിസ്റ്റ് പ്രസ്ഥാനമാണെന്ന് പൊതുവെ എല്ലാവരും അംഗീകരിക്കുമെങ്കിലും തെരഞ്ഞെടുപ്പില്‍ അവരെ തോല്‍പ്പിക്കാമെന്ന് വിചാരിക്കുന്നവരാണ് പലരും. ഫാസിസത്തിന് അങ്ങനെയൊരു ചരിത്രമില്ല. ഫാസിസ്റ്റുകളെ തിരഞ്ഞെടുപ്പുകളിലൂടെ പല രാജ്യക്കാരും അധികാരത്തിലേറ്റിയിട്ടുണ്ട്, പക്ഷെ ആരും ഇറക്കിയിട്ടില്ല.

ഫാസിസ്റ്റുകളെ ഏതെങ്കിലും രാജ്യം അധികാരത്തിലെത്തിച്ചാല്‍ പിന്നെ ആ രാജ്യത്തിന്റെ സര്‍വനാശം വരാതെ അവര്‍ ഇറങ്ങി പോവില്ല, പുലിപ്പുറത്തുള്ള സഞ്ചാരമാണ്. അതിന് എത്ര കാലം എടുക്കുമെന്ന കാര്യത്തില്‍ മാത്രമേ അഭിപ്രായ വ്യത്യാസം ഉണ്ടാകേണ്ട കാര്യമുള്ളൂ. ഇന്ത്യ കെട്ടിപ്പടുത്തിരിക്കുന്നത് അതി ദൃഢമായ അടിത്തറയിലാണ്, ഒട്ടേറെ തൂണുകളുമുണ്ട്. ഡോക്ടര്‍ അംബേദ്കര്‍ എന്ന ഇന്ത്യ കണ്ട എക്കാലത്തെയും മഹാനായ പ്രതിഭയാണ് അത് ഡിസൈന്‍ ചെയ്തത്, നെഹ്റുവെന്ന മഹാനായ ശില്പിയാണ് അതിന്റെ നിര്‍മാതാവ്. അടിത്തറ മാന്താന്‍ സമയമെടുക്കും.

അവര്‍ നന്നായി തുടങ്ങിയത് വിസ്മരിച്ചു കൊണ്ടല്ല ഇത് പറയുന്നത്. അഞ്ചു വര്‍ഷം കൊണ്ട് തന്നെ ഇക്കോണമി പട്ടി നക്കിയ കലം പോലെയായിട്ടുണ്ട്. ഔദ്യോഗികമായി നാലര ശതമാനമായിരുന്നു കോവിഡിന് മുമ്പെയുള്ള വളര്‍ച്ചാ നിരക്ക്, ശരിക്കുള്ളത് രണ്ടര. പത്തു ശതമാനത്തിനു മുകളില്‍ പോയിക്കൊണ്ടിരുന്നതാണ്. നാല്പത്തഞ്ചു കൊല്ലത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മയാണ് ഇന്ത്യയിലെന്നതാണ് ഔദ്യോഗിക കണക്ക്. ഉള്ളതെല്ലാം വിറ്റുപെറുക്കി നാട് വിട്ട ചെറുകിട വ്യവസായങ്ങളുടെ ഉടമകളുടെ എണ്ണം പതിനായിരക്കണക്കിലാണ്. റിയല്‍ എസ്റ്റേറ്റ്, ടെക്‌സ്റ്റെയ്ല്‍സ് തുടങ്ങിയ മേഖലകളൊക്കെ തീരുമാനമായ മട്ടാണ്. കുറച്ചു തൂണുകളുടെ കാര്യങ്ങളും തീരുമാനമായിട്ടുണ്ട്, തിരഞ്ഞെടുപ്പ് കമ്മീഷന്‍, ജുഡീഷ്യറി, മാധ്യമങ്ങള്‍ തുടങ്ങിയവ.

അയല്പക്കങ്ങളിലുള്ള മുഴുവന്‍ രാജ്യങ്ങളെയും ശത്രുക്കളാക്കിയിട്ടുണ്ട്. ഏറ്റവും വലിയ സുഹൃത്തുക്കളായിരുന്ന ഇറാനും ബംഗ്ലാദേശും നേപ്പാളും വരെ ഇന്ന് ശത്രുക്കളാണ്. ചൈനയൊക്കെ ചുമ്മാ സ്ഥലം കയ്യേറി കെട്ടിടം നിര്‍മിച്ചു അവിടെ പട്ടാളക്കാരെ താമസിപ്പിക്കുന്നു. അവരെ പുറത്താക്കുന്നത് പോയിട്ട് ചൈന എന്ന പേര് പറയാന്‍ പോലും ഭരിക്കുന്നവര്‍ക്ക് ധൈര്യമില്ല.

ഈ പോക്ക് പോയാല്‍ അമിത്ഷാ പറഞ്ഞ അമ്പതു കൊല്ലം വേണ്ടി വരില്ല, ഇരുപത്തഞ്ചോ മുപ്പതോ കൊല്ലം മതിയാവും. അത്രയും കാലം ഇന്ത്യയിലെ ഓരോ മണല്‍ത്തരിയും ആര്‍.എസ്.എസ്സിന്റെ കാലിനടിയില്‍ കിടക്കും. നമ്മെ സംബധിച്ചിടത്തോളം അതൊരു വലിയ കാലയളവാണ്, ഇത് വായിക്കുന്നവരില്‍ പലരും ഇന്ത്യയില്‍ മറ്റൊരു ഭരണം കാണില്ല. പക്ഷെ ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇരുപത്തഞ്ചോ മുപ്പതോ കൊല്ലം ഒരു വലിയ കലയാളവല്ല. ഇന്ത്യ സഹസ്രാബ്ദങ്ങള്‍ താണ്ടിയ സംസ്‌കാരമാണ്. ഒട്ടേറെ അധിനിവേശങ്ങള്‍ കണ്ടിട്ടുണ്ട്. അവസാനം കണ്ട ബ്രിട്ടീഷ് അധിനിവേശം പോലും അഞ്ഞൂറ് കൊല്ലം നീണ്ടു നിന്നിട്ടുണ്ട്. അതും ഒരു വലിയ കാലയളവല്ല.

പറയാന്‍ വന്നത് കോണ്‍ഗ്രസ്സുകാരോടാണ്. പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനക്ക് ശേഷം നിരാശരായ ഒരു പാട് കോണ്‍ഗ്രെസ്സുകാരെ കണ്ടു. സോഷ്യല്‍ മീഡിയയിലെ പ്രമുഖനായ കോണ്‍ഗ്രസ് അനുഭാവിയുടെ പേരില്‍ വാട്‌സാപ്പില്‍ പ്രചരിക്കുന്ന ഒരു കുറിപ്പാണ് ഈ ലേഖനത്തിന്റെ പ്രചോദനം തന്നെ. ഒരു പാസ്‌പോര്‍ട്ട് എടുക്കണം, മകന് വേണ്ടിയാണെങ്കിലും യൂറോപ്പിലേക്കോ മറ്റോ കുടിയേറണമെന്നതാണ് കുറിപ്പിന്റെ കാതല്‍.

ഇന്ത്യക്കാര്‍ ഒന്നായി അണിനിരന്നു അധിനിവേശത്തിനെതിരെ പോരാടിയത് കോണ്‍ഗ്രസിന്റെ കീഴിലാണ്, ബ്രിട്ടീഷുകാര്‍ക്കെതിരെ. ഇന്ത്യക്കാര്‍ നടത്തിയ ഒരു പാട് പോരാട്ടങ്ങളുണ്ടാകും, കുഞ്ഞാലി മരക്കാര്‍ മുതല്‍ ഝാന്‍സി റാണി വരെ, പഴശ്ശി മുതല്‍ ടിപ്പു വരെ. അതൊക്കെ പ്രാദേശികമായിരുന്നു. ഇന്ത്യയെ മുഴുവന്‍ ഒരുമിച്ചു നിര്‍ത്തി ഒരു മഹാ സാമ്രാജ്യത്തിനെതിരെ പോരാടി വിജയം വരിച്ച ഒരു പ്രസ്ഥാനം മാത്രമേ ഉള്ളൂ. – കോണ്‍ഗ്രസ്സ്.

ഇരുപത്തഞ്ചോ മുപ്പതോ കൊല്ലം കഴിയുമ്പോള്‍ സഹികെട്ട ഇന്ത്യക്കാര്‍ക്ക് പോരാടാന്‍ ഒരു പാര്‍ട്ടി വേണ്ടി വരും, ദിശാബോധം നല്‍കുവാന്‍ ഒരു പ്രത്യയ ശാസ്ത്രവും. ഇന്ത്യക്ക് യോജിക്കുന്നത് എന്താണെന്ന് നമുക്കറിയാം, നമ്മുടെ തലമുറ നെഹ്‌റുവിനെയും അംബേദ്കറെയും അറിഞ്ഞിട്ടുണ്ട്, വായിച്ചിട്ടുണ്ട്. പക്ഷെ ഇരുപത്തഞ്ചോ മുപ്പതോ കൊല്ലങ്ങള്‍ കഴിയുമ്പോള്‍ തെരുവിലിറങ്ങുന്ന സഹികെട്ട മനുഷ്യര്‍ നമ്മളാവില്ല. നമ്മുടെ മക്കളാവും.

ഇപ്പൊ കാണുന്ന നേതാക്കന്മാര്‍ മിക്കവാറും ബി.ജെ.പിയിലേക്ക് പോകും. പ്രത്യേകിച്ച് മടിയില്‍ കനമുള്ളവര്‍. സിന്ധ്യയും സച്ചിനുമൊക്കെ പോയി. സിംഗ്വിയും സിബലുമൊക്കെ ഉടനെ പോകും. പോകാത്ത നേതാക്കന്മാര്‍ വിനീത വിധേയന്മാരായി തുടരും. പോരാട്ട വീര്യമുള്ളവര്‍ അല്ലെങ്കില്‍ പ്രത്യയ ശാസ്ത്ര ദൃഢതയുള്ളവര്‍ നശിപ്പിക്കപ്പെടും. സാധാരണ പ്രവര്‍ത്തകന്മാര്‍ മാത്രം ബാക്കിയാവും. അങ്ങനെ ബാക്കിയാവുന്ന സാധാരണ കോണ്‍ഗ്രെസ്സുകാര്‍ ചെയ്യേണ്ടത് ഒന്നേയുള്ളൂ, മക്കള്‍ക്ക് നെഹ്‌റുവിനെയും അംബേദ്കറെയും ആസാദിനെയും പരിചയപ്പെടുത്തുക. അവരുടെ പുസ്തകങ്ങള്‍ വായിക്കാന്‍ കൊടുക്കുക. ശാസ്ത്രബോധം വളര്‍ത്തുക. ഈ രാജ്യം അവര്‍ തിരിച്ചു പിടിച്ചോളും. നിരാശരാവരുത്.

ഫാറൂഖിന്റെ മറ്റ് ലേഖനങ്ങള്‍ ഇവിടെ വായിക്കാം

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: when will bjp rule over Kerala, a reminder to congress party

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more