വീല്‍ചെയറുകള്‍ റിയാലിറ്റി ഷോകളുടെ കളിയുപകരണമാകുന്നതിലെ ക്രൂരതകള്‍
Discourse
വീല്‍ചെയറുകള്‍ റിയാലിറ്റി ഷോകളുടെ കളിയുപകരണമാകുന്നതിലെ ക്രൂരതകള്‍
ശബരി
Sunday, 19th July 2020, 6:01 pm

ആദ്യമായല്ല വീല്‍ചെയര്‍ ഒരു പ്രോപ്പര്‍ട്ടി ആയി ഉപയോഗിച്ചതിന് ഒരു മാധ്യമസ്ഥാപനവും അതിന്റെ കണ്ടന്റ് കണ്‍സള്‍ട്ടന്റ് മാരും വിമര്‍ശിക്കപ്പെടുന്നത്

‘കീപ്പിംഗ് അപ്പ് വിത്ത് ദ കഡാഷിയന്‍സ്’ എന്ന റിയാലിറ്റി ഷോ താരവും പ്രശസ്ത മോഡലും ആയ kylie jenner ‘ഇന്റര്‍വ്യൂ’ മാഗസിന് വേണ്ടി 2015 നവംബര്‍ – ഡിസംബറില്‍ നടത്തിയ ഫോട്ടോഷൂട്ട് അന്താരാഷ്ട്ര ഡിസേബിള്‍ഡ് കമ്യൂണിറ്റിയുടെ കടുത്ത വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ക്ഷണിച്ചുവരുത്തിയ ഒന്നായിരുന്നു. മാസികയുടെ കവര്‍പേജില്‍ വന്ന, യഥാര്‍ത്ഥ ജീവിതത്തില്‍ abled bodied ആയ kylie യുടെ വീല്‍ചെയറില്‍ ഇരിക്കുന്ന ഫോട്ടോ പ്രസിദ്ധീകരിച്ച മാസിക, ഷൂട്ട് ചെയ്ത ഫോട്ടോഗ്രാഫര്‍ സ്റ്റിവന്‍ ക്ലെയിന്‍, മോഡല്‍ ആയ kylieഎന്നിവരെ അവരുടെ ableist ദൃശ്യവത്കരണത്തിനെയും ന്യായീകരണങ്ങളെയും കടുത്ത ഭാഷയില്‍ ആണ് വിമര്‍ശിക്കപ്പെട്ടത്.

പ്രധാനമായും നാല് ഭാഗങ്ങള്‍ ആയിരുന്നു ഡിസേബിള്‍ഡ് കമ്യൂണിറ്റിയുടെ വിമര്‍ശനത്തിന്:
വീല്‍ചെയര്‍ യൂസര്‍മാരായ ഡിസേബിള്‍ഡ് മോഡലുകള്‍ തന്നെ ഒരുപാട് പേര്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരിക്കെ abled bodied ആയ ഒരു മോഡലിനെ കവറിലേക്ക് തിരഞ്ഞെടുക്കുന്നതിലൂടെ ഡിസേബിള്‍ഡ് മോഡലുകള്‍ക്ക് മനഃപൂര്‍വം അവസരം(ങ്ങള്‍) നിഷേധിക്കപ്പെട്ടു.

ഡിസേബിള്‍ഡ് ശരീര ബിംബത്തെ അപമാനവീകരിച്ചും over sexualization(അതീവലൈംഗികവത്കരണംഉം infantalization(ശിശുവത്കരണം)ഉം നിറഞ്ഞ sex dollകള്‍ക്ക് സമാനരായി കാഴ്ചപ്പെടുത്തപ്പെട്ടു.

ഡിസേബിള്‍ഡ് ശരീരങ്ങളെ പ്രതികരണശേഷിയോ ചലനശേഷിയോ ഇല്ലാത്ത ദുര്‍ബലരും അശക്തരും ആയി കാഴ്ചപ്പെടുത്തപ്പെട്ടു.
നാലാമതായി, വീല്‍ചെയര്‍ ഒരു വെറും പ്രോപ്പര്‍ട്ടി ആയി കാഴ്ചപ്പെടുത്തപ്പെട്ടു. ഉപയോഗിക്കപ്പെട്ടു.
ഫ്‌ളവേഴ്‌സിലെ ഷോയ്ക്ക് എതിരായ ഒറ്റപ്പെട്ട വിമര്‍ശനം അല്ല, അന്താരാഷ്ട്ര ഡിസേബിള്‍ഡ് കമ്യൂണിറ്റിയുടെ വിമര്‍ശനം കൂടിയാണ് എന്ന് സൂചിപ്പിച്ചതാണ്.

ആ നാലാമത്തെ കാര്യം ഉണ്ടല്ലോ അതു വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതു മാത്രം ഒന്ന് ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക് പരിപാടിയിലെ വീല്‍ചെയര്‍ ഗെയിം മുന്‍നിര്‍ത്തി കൂടി വിശദീകരിക്കാം എന്നു കരുതുന്നു.

വീല്‍ചെയര്‍ ഒരു ക്യൂറിയസ് പ്രോപ്പര്‍ട്ടി അല്ല, മൊബിലിറ്റി ഡിവൈസ് ആണ്. പരിമിത സഞ്ചാര ശേഷി ഉള്ള ഡിസേബിള്‍ഡ് വ്യക്തികള്‍ക്ക് ഉള്ള സ്വാതന്ത്ര്യത്തിലേക്ക് ഉള്ള പല ഉപകരണങ്ങളില്‍ ഒന്ന്. അംഗവിഹീനര്‍, ചലനശേഷി പരിമിതികള്‍ ഉള്ളവര്‍, chronic pain ഉള്ളവര്‍ തുടങ്ങി ഡിസേബിള്‍ഡ് / ന്യൂറോ ഡൈവേഴ്‌സ് കമ്യൂണിറ്റിയില്‍ പെട്ട അനേകം പേരുടെ സ്വാശ്രയ സ്വാതന്ത്ര്യ മാധ്യമം. പലര്‍ക്കും ഏകമാത്ര ആശ്രയം. ആ വീല്‍ചെയര്‍ പോലും ലഭിക്കാത്ത വലിയൊരു ജനസംഖ്യ ഡിസേബിള്‍ഡ് വ്യക്തികള്‍ ഉണ്ട് ഇവിടെ എന്നത് വേറൊരു വസ്തുത ആണ്.

ആ വീല്‍ചെയറിനെ abled bodied ആയ ആളുകള്‍ ഒരു ഗെയിം നു വേണ്ടി മാത്രം ഉപയോഗിക്കുന്നത് വീല്‍ചെയര്‍ യൂസര്‍മാരെ അപമാനവീകരിക്കുന്ന ഒന്നാണ്.

ഈ ഗെയിം കളിക്കാര്‍ക്ക് / അഭിനേതാക്കള്‍ക്ക് കളി കഴിഞ്ഞാല്‍ വീല്‍ചെയറില്‍ നിന്ന് എഴുന്നേറ്റ് അവരുടെ abled ‘നോര്‍മല്‍’ ജീവിതങ്ങളിലേക്ക് തിരിച്ചുപോകാവുന്നതേ ഉള്ളു എന്ന അബോധ ableist ബോധ്യം കൊണ്ടാണ് ‘ചന്ദ്രലേഖയിലെ സുകന്യയെ പോലെ…’ എന്നത് ആ ഗെയിമിലെ ഏബിലിസ്റ്റ് കോമഡി ആയി മാറുന്നത്. അതായത് ആ മത്സരാര്‍ത്ഥികളുടെ ചലന-സഞ്ചാര പരിമിതി താത്കാലികവും ‘ജസ്റ്റ് ഫോര്‍ ഫണ്‍ ഉം’ ആണെന്ന് അവര്‍ക്ക് തന്നെ അറിയാം(കാഴ്ചക്കാര്‍ക്കും). അങ്ങനെ വീല്‍ചെയറില്‍ നിന്നും മാറിയാല്‍ abled ആവുന്നതല്ല യഥാര്‍ത്ഥ ഡിസേബിള്‍ഡ് ജീവിതങ്ങള്‍ എന്ന യാഥാര്‍ത്ഥ്യത്തെ, തങ്ങളുടെ പ്രിവിലേജ്ഡ് ശരീരങ്ങളുടെ ആഘോഷക്കാഴ്ചയില്‍ മുക്കികളയുകയാണ് സ്റ്റാര്‍ മാജിക് പ്രവര്‍ത്തകര്‍ ചെയ്തത്. ആ അതീവ ableist ബോധം തന്നെയാണ് ഒറ്റ ‘ചന്ദ്രലേഖ’ കമന്റില്‍ കാണാന്‍ ആവുന്നത്.

സിനിമ അടക്കമുള്ള ജനപ്രിയ സംസ്‌കാരം ഡിസേബിലിറ്റിയെ കുറിച്ചുള്ള പൊതുബോധത്തെ എങ്ങനെ ഷേയ്പ് ചെയ്യുന്നു എന്നത് കൂടിയാണ് ഞാന്‍ ശ്രദ്ധിച്ചത്. മിക്കവാറും abled ആളുകള്‍ക്ക് ഡിസേബിള്‍ഡ് ജീവിതങ്ങള്‍ എന്നുവെച്ചാല്‍ സിനിമകളില്‍ കണ്ട പരിചയമേ ഉള്ളു എന്നതും.

വീല്‍ചെയര്‍, ക്രച്ചസ്, വാക്കിംഗ് സ്റ്റിക്ക്, വൈറ്റ് കെയ്ന്‍, ഗൈഡ് കെയ്ന്‍ അടക്കം ഡിസേബിള്‍ഡ് കമ്യൂണിറ്റിയുടെ സ്വാതന്ത്ര്യ ഉപകരണങ്ങള്‍ ആയ പലതരം ഉപകരണങ്ങളെ അവയുടെ ഫങ്ഷനില്‍ നിന്നും വേറിട്ട ‘വെറും പ്രോപ്പര്‍ട്ടികള്‍’ ആയി മനസിലാക്കുന്ന ableist ബോധ്യങ്ങള്‍ക്ക് സാരമായ പ്രശ്നങ്ങളുണ്ട്.

ഉറിയടിക്കുന്ന കോലോ, കോലു പോലോ അല്ല ഗൈഡ് കെയ്ന്‍. കളിയുന്തുവണ്ടിയോ, ഉന്തുവണ്ടി പോലോ അല്ല വീല്‍ചെയര്‍. അതു മനസിലാക്കാന്‍ മലയാളി പൊതുബോധത്തിനു ഉളുപ്പ് വന്നിട്ടില്ല. അതുകൊണ്ടല്ലേ കണ്ണുകെട്ടി ഉറിയടി കളിക്കുന്നത് അന്ധരെ കളിയാക്കല്‍ ആവുമോ, രണ്ടുകാലില്‍ നടക്കുന്നത് കാലില്ലാത്തവരെ കളിയാക്കല്‍ ആവുമോ തുടങ്ങിയതോ അതിലും അതീവ ഇന്‍സെന്‍സിറ്റിവ് ആയതോ ആയ കമന്റ്കള്‍ വരുന്നത്.

വീല്‍ചെയര്‍ ഫണ്‍ ആണെന്ന് അതില്‍ ഇരുന്നു ചലിച്ചു കളിച്ചനുഭവിച്ചു അഭിപ്രായം പറയാന്‍ വീല്‍ചെയര്‍ യൂസര്‍മാരുണ്ട് ഇവിടെ. വീല്‍ചെയര്‍ സ്പോര്‍ട്സ് ഉണ്ട്. വീല്‍ചെയര്‍ സ്പോര്‍ട്സ് താരങ്ങള്‍ ഉണ്ട്. ഫ്ളവേഴ്സിന് എന്നല്ല, ഒരു ചാനല്‍ ഫ്ലോറിനും ഡിസേബിള്‍ഡ് വീല്‍ചെയര്‍ യൂസേഴ്സിനെ വെച്ച് അതേ ഗെയിം കളിക്കാം എന്നു തോന്നില്ല. കാരണം എന്താണെന്നോ? അതിനു അവര്‍ സ്റ്റുഡിയോ യും ഫ്ലോറും വീല്‍ചെയര്‍ accessible ആക്കേണ്ടി വരും. ഡിസേബിള്‍ഡ് inclusive ആക്കേണ്ടി വരും. അതൊക്കെ വലിയ പാടല്ലേ? പിന്നെ, ഡിസേബിള്‍ഡ് ആയ വീല്‍ചെയര്‍ യൂസര്‍മാര്‍ വീല്‍ചെയറില്‍ കളിച്ചാല്‍ അവരെ വെച്ച് കണ്ണീര്‍കഥകള്‍ എഴുതാന്‍ പറ്റില്ലല്ലോ. അല്ലേ?

ഇന്റര്‍വ്യൂ മാഗസിന്‍ ഉളുപ്പില്ലാത്ത ന്യായീകരണം വെച്ച് ഒരു മാപ്പ് പ്രസിദ്ധീകരിച്ചു. ആ മാപ്പും ഫോട്ടോഗ്രാഫറുടെയും kylie jenner ടെയും ന്യായീകരണങ്ങളും വീണ്ടും അന്താരാഷ്ട്ര തലത്തില്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. ഫ്‌ളവേഴ്‌സ് എന്തായാലും അതൊന്നും ചെയ്യേണ്ടി വരില്ല എന്നതും ഫ്‌ളവേഴ്‌സ് ചാനലിന്റെ നിലപാടിനെ സപ്പോര്‍ട് ചെയ്യാനും ആളുകള്‍ ഉണ്ടാകും ഇവിടെ എന്നതും വസ്തുതയാണ്.

‘ആദിവാസികളെ കളിയാക്കിയതും കറുപ്പിനെ കളിയാക്കിയതും ഒക്കെ തെറ്റാണ്. പക്ഷേ വീല്‍ചെയര്‍ ഉപയോഗിച്ചത് എങ്ങനെ ഒഫന്‍സീവ് ആകും? ഇങ്ങനെ പോയാല്‍ തമാശ പറയാനോ ഗെയിം കളിക്കാനോ പറ്റില്ലല്ലോ’ എന്നൊക്കെ പറയുന്നവര്‍ക്ക് അങ്ങനെ ചിന്തിക്കാന്‍ കഴിയുന്നതും കൂടിയാണ് പ്രിവിലേജ്.’ വംശീയതയും ജാതീയതയും സെക്സിസവും സ്ത്രീവിരുദ്ധതയും ഒക്കെ വേണമെങ്കില്‍. വേണമെങ്കില്‍. അത്രയും നിര്‍ബന്ധം ആണെങ്കില്‍ സമ്മതിക്കാം (അതു പുരോഗമനം ആണല്ലോ, ഇത്രയൊക്കെ ഞങ്ങള് സമ്മതിച്ചു തരുന്നുണ്ടല്ലോ ), പക്ഷേ ഏബിലിസം ഉണ്ടെന്ന് സമ്മതിക്കാന്‍ ഞങ്ങളുടെ പ്രിവിലേജ് ഞങ്ങളെ അനുവദിക്കുന്നില്ല ‘എന്ന്. യേത്?

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ