ന്യൂദല്‍ഹി: രണ്ടാം തവണയും എന്‍.ഡി.എ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരികയാണെങ്കില്‍ ആദ്യം എടുക്കേണ്ട തീരുമാനം കശ്മീര്‍ വിഷയത്തിലാകണമെന്ന് നേരത്തെ ഉറപ്പിച്ചിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
” എന്‍.ഡി.എയ്ക്ക് അനുകൂലമായി വലിയ ജനവിധിയാണ് രണ്ടാം തവണ ഞങ്ങള്‍ക്ക് ലഭിച്ചത്. രണ്ടാമതും അധികാരത്തിലെത്തുകയാണെങ്കില്‍ കശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി റദ്ദാക്കുമെന്നും സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുമെന്നും നേരത്തെ തീരുമാനിച്ചിരുന്നു. അധികാരത്തിലെത്തുന്ന പക്ഷം സര്‍ക്കാര്‍ കൈക്കൊള്ളുന്ന ആദ്യ നടപടി അതായിരിക്കണമെന്ന് തീരുമാനിച്ചിരുന്നു”- എന്നായിരുന്നു അമിത് ഷായുടെ വാക്കുകള്‍.
ഇപ്പോള്‍ കശ്മീര്‍ വികസനത്തിന്റെ പാതയിലാണ്. കശ്മീരില്‍ എന്തെങ്കിലും രീതിയിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഇനി ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ ഒന്നോര്‍ക്കണം, അവിടെ കാവലായി ഇനി ഞങ്ങളുടെ സൈന്യമുണ്ട്’ -അമിത് ഷായുടെ മുന്നറിയിപ്പ് ഇതായിരുന്നു.
കശ്മീരില്‍ വീരമൃത്യുവരിച്ച ജവാന്‍മാരോടുള്ള ആദരസൂചകമായാണ് ജമ്മു കശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി റദ്ദാക്കുകയും ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുകയും ചെയ്തതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി രാജ്യത്തെ സുരക്ഷിതമാക്കിയിരിക്കുകയാണ്. രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച എല്ലാ ജവാന്‍മാര്‍ക്കും വേണ്ടി നമ്മുടെ പ്രധാനമന്ത്രി ഉചിതമായ ആദരാഞ്ജലിയാണ് ഇതിലൂടെ അര്‍പ്പിച്ചത്. ഇനിയൊരു സൈനികനും ജീവത്യാഗം ചെയ്യേണ്ടിവരാതിരിക്കാനാണ് ഈ തീരുമാനം- അമിത് ഷാ പറഞ്ഞു.