ചെന്നൈ: സിക്‌സറുകളുടെ പെരുമഴയ്ക്കായിരുന്നു ഇന്നലെ ചെപ്പോക്ക് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഐ.പി.എല്‍ അഞ്ചാം മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്ത വിന്‍ഡീസ് താരം റസ്സലിന്റെ വെടിക്കെട്ടിന്റെ പിന്‍ബലത്തില്‍ 202 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ അതേ നാണയത്തിലായിരുന്നു തിരിച്ചടിച്ചത്.
ഓപ്പണര്‍മാരായി ഇറങ്ങിയ ഷെയ്ന്‍ വാട്‌സണിന്റെയും അമ്പാട്ടി റായിഡുവിന്റെയും നേതൃത്വത്തിലായിരുന്നു ചെന്നൈയുടെ പ്രത്യാക്രമണം. അവസാന ഓവര്‍വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ ബ്രാവോയും ജഡേജയും കൂടിയാണ്‌ചെന്നൈ വിജയം ഉറപ്പിച്ചത്. വിനയ് കുമാര്‍ എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്ത് സിക്‌സര്‍ പറത്തിയ ജഡേജയാണ് ചെന്നൈയുടെ വിജയ റണ്‍ കുറിച്ചത്.
വാട്സണ്‍ 19 പന്തില്‍ നിന്ന് 42 റണ്‍സായിരുന്നു നേടിയത്. മൂന്ന് വീതം സിക്സിന്റെയും ബൗണ്ടറിയുടെയും അകമ്പടിയോടെയായിരുന്നു വാട്‌സന്റെ പോരാട്ടം. ഓസീസ് താരത്തിനു ഉറച്ച പിന്തുണ നല്‍കിയ അമ്പാട്ടി റായിഡു 26 പന്തില്‍ നിന്നും 39 റണ്‍സും നേടി. പിന്നാലെ സാം ബില്ലിങ്ങ്‌സ് നടത്തിയ പോരാട്ടമായിരുന്നു ചെന്നൈയുടെ വിജയ പ്രതീക്ഷയ്ക്ക് കരുത്തേകിയത്. ബില്ലിങ്ങ്‌സ് 23 പന്തില്‍ നിന്നും 56 റണ്‍സാണ് നേടിയിരുന്നത്. അഞ്ചു സിക്‌സറുകളും രണ്ട് ഫോറുകളും ഉള്‍പ്പെടുന്നതായിരുന്നു ബില്ലിങ്ങ്‌സിന്റെ ഇന്നിങ്‌സ്.
റസ്സല്‍ നടത്തിയെ വെടിക്കെട്ടിനു പിന്നാലെ സ്റ്റേഡിയത്തിലെത്തിയ ചെന്നൈ താരങ്ങള്‍ ആരാധകര്‍ക്ക് സിക്‌സ് വിരുന്നായിരുന്നു ഒരുക്കിയത്. ഇതില്‍ പവര്‍ പ്ലേയുടെ അവസാന ഓവറില്‍ വാട്‌സന്റെ ബാറ്റില്‍ നിന്നും പിറന്ന “പവര്‍ സിക്‌സും” ഉള്‍പ്പെടുന്നതായിരുന്നു. ബോള്‍ ചെന്നു പതിച്ചത് പവലിയനിലെ മാധ്യമ സംഘത്തിന്റെ ഇടയിലെ ലാപ്‌ടോപ്പിലായിരുന്നു. നിരവധി ക്യാമറകള്‍ക്ക് നടുവിലെ ലാപ്പില്‍ പതിച്ച പന്ത് ലാപ്പ് ടോപ്പ് തകര്‍ക്കുകയും ചെയ്തു.
പന്ത് ലാപ്പ് തകര്‍ത്ത സമയത്ത്, നിങ്ങള്‍ക്ക് അതിനു ബാറ്റ്‌സ്മാനില്‍ നിന്നു നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ കഴിയുമോയെന്നായിരുന്നു കമന്റേറ്റര്‍ ചോദിച്ചത്. വാട്‌സന്റെ പവര്‍ ഹിറ്റിന്റെ വീഡിയോ കാണാം.