| Wednesday, 29th March 2023, 1:36 pm

ഫിനിഷറെക്കുറിച്ച് ആലോചിക്കുമ്പോള്‍ ധോണി എന്ന പേരേ മനസിലേക്ക് വരൂ; നാലാം നമ്പറില്‍ ഇറങ്ങാനാണിഷ്ടം: നയം വ്യക്തമാക്കി രാജസ്ഥാന്‍ യുവതാരം

സ്പോര്‍ട്സ് ഡെസ്‌ക്

ഒരു ഫിനിഷര്‍ എന്ന നിലയില്‍ ധോണിയെക്കാള്‍ മികച്ച താരമില്ലെന്ന് രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ്. ഫിനിഷര്‍ എന്ന റോളില്‍ കളിക്കുന്നത് തനിക്ക് സന്തോഷമുള്ള കാര്യമാണെന്നും എന്നാല്‍ ഐ.പി.എല്ലില്‍ നാലാം നമ്പറില്‍ അവസരം ലഭിച്ചാല്‍ അത് കൂടുതല്‍ സന്തോഷിപ്പിക്കുമെന്നും താരം വ്യക്തമാക്കി. തന്റെ അഞ്ചാമത്തെ ഐ.പി.എല്‍ സീസണില്‍ ബാറ്റേന്താനൊരുങ്ങുകയാണ് പരാഗ്.

‘ബാറ്റിങ് ഓര്‍ഡറില്‍ എവിടെ കളിക്കാനിറങ്ങണമെന്ന് രാജസ്ഥാന്‍ റോയല്‍സ് എന്നോട് ചോദിച്ചാല്‍ നാലാം നമ്പര്‍ എന്നായിരിക്കും എന്റെ ഉത്തരം. ഏത് പൊസിഷനിലാണോ ഞാന്‍ ബാറ്റിങ്ങിനിറങ്ങണമെന്ന് ടീം തീരുമാനിക്കുന്നത്, അവിടെ കളിക്കാന്‍ ഞാന്‍ തയ്യാറാണ്. ഇതൊരു ടീം ഗെയിമാണ്. എവിടെയാണോ കോമ്പിനേഷനുകള്‍ കൃത്യമായി വരുന്നത്, അതിനനുസരിച്ച് ബാറ്റിങ്ങിനിറങ്ങാന്‍ ഞാനൊരുക്കമാണ്,’ പരാഗ് പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഞാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഫിനിഷറുടെ റോളിലാണ് കളിക്കുന്നത്. ഫിനിഷര്‍ എന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ധോണി എന്ന പേര് മാത്രമേ എന്റെ മനസിലേക്ക് വരൂ. അദ്ദേഹത്തേക്കാള്‍ മികച്ച രീതിയില്‍ ആരെങ്കിലും ആ റോള്‍ കൈകാര്യം ചെയ്തതായി എനിക്കറിയില്ല. ഒരു മത്സരം അദ്ദേഹം എങ്ങനെ് ഫിനിഷ് ചെയ്യുന്നു എന്നത് ഞാനെപ്പോഴും ശ്രദ്ധിക്കാറുള്ള കാര്യമാണ്,’ പരാഗ് കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര സീസണില്‍ മികച്ച പ്രകടനം കാഴ്ച വെക്കാനായതിന്റെ ആത്മവിശ്വാസത്തോടെയാണ് താരം ഐ.പി.എല്ലിനെത്തുന്നത്. കഴിഞ്ഞ സീസണില്‍ മോശം പ്രകടനമായിരുന്നു താരത്തിന്റേത്. ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് പരാഗിന് കഴിഞ്ഞ സീസണില്‍ നേടാനായത്. 17 മത്സരങ്ങളില്‍ നിന്ന് 16.64 ശരാശരിയില്‍ 183 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

2018 അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു പരാഗ്. 2022-23 വിജയ് ഹസാരെ ട്രോഫിയില്‍ ഗംഭീര പ്രകടനമാണ് താരം പുറത്തെടുത്തത്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 69 ശരാശരിയില്‍ 552 റണ്‍സാണ് താരം അടിച്ചെടുത്തത്.

സയ്യിദ് മുഷ്താഖ് അലി ടി20 പരമ്പരയിലും പരാഗ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. രണ്ട് അര്‍ധ സെഞ്ച്വറികളോടെ 253 റണ്‍സായിരുന്നു നേടിയത്. 165.35 ആയിരുന്നു പരാഗിന്റെ സ്‌ട്രൈക്ക് റേറ്റ്.

തന്റെ ബൗളിങ് മെച്ചപ്പെടുത്താനും ശ്രമിക്കുന്നുണ്ടെന്ന് താരം പറഞ്ഞു. കഴിഞ്ഞ ആഭ്യന്തര സീസണില്‍ 350ലേറെ ഓവറുകള്‍ ബൗള്‍ ചെയ്‌തെന്നും ടീമിന് ആവശ്യമുള്ളപ്പോള്‍ ബൗളിങ്ങിലും തന്റെ സേവനം ലഭ്യമാകുമെന്നും പരാഗ് പറഞ്ഞു.

Content Highlihts: When thinks about a finisher only dhoni comes to my mind; parag

We use cookies to give you the best possible experience. Learn more