| Wednesday, 14th March 2018, 7:45 pm

'ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു... സമയം ഒത്തുവന്നു, തിരിച്ചടിച്ചു'; ഉപതെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത് വലിയ സന്ദേശമാണെന്ന് അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം രാജ്യത്തിന് ന്ല്‍കുന്നത് വലിയ സന്ദേശമാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടന്നിരുന്നതെങ്കില്‍ എസ്.പിയുടെ ഭൂരിപക്ഷം ലക്ഷം കടക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഗോരഖ്പൂരിലെയും ഫുല്‍പൂരിലേയും തെരഞ്ഞെടുപ്പിന് ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെക്കുറിച്ച് പരാതികളുണ്ടായിരുന്നു. ബാലറ്റ് പേപ്പര്‍ വോട്ടെടുപ്പായിരുന്നെങ്കില്‍ ഭൂരിപക്ഷം ഇതിലും കൂടിയേനെ.”


Also Read: ‘സമരപന്തല്‍ കത്തിക്കുമ്പോള്‍ നിങ്ങള്‍ തീയിടുന്നത് കൃഷ്ണപ്പിള്ള മുതല്‍ ഈ രാജ്യത്ത് സൃഷ്ടിച്ച സമരത്തിന്റെ പാരമ്പര്യത്തിനാണ്’; കീഴാറ്റൂര്‍ സമരത്തില്‍ ആം ആദ്മി


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രിയുടെ മണ്ഡലമായ ഫുല്‍പൂരിലും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. രണ്ടിടത്തും എസ്.പി വിജയിച്ചു.

യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലത്തിലെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ഫുല്‍പൂരിലെയും തിരിച്ചടി ബി.ജെ.പി ദേശീയ നേതൃത്വത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു മത്സരിച്ച മണ്ഡലമാണ് ഫുല്‍പൂര്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് യോഗി ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും രാജിവച്ചതിനെ തുടര്‍ന്നാണ് യു.പിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.


Don”t Miss:  കെ.കെ രമയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി


ബിജെപിയുടെ കൗശലേന്ദ്ര സിങ് പട്ടേലിനെ 59,613 വോട്ടുകളുടെ വന്‍ഭൂരിപക്ഷത്തിലാണു നാഗേന്ദ്ര സിങ് അട്ടിമറിച്ചത്. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ കേശവ് പ്രസാദ് മൂന്നു ലക്ഷത്തിലധികം വോട്ടുകള്‍ക്കു ജയിച്ച മണ്ഡലമാണ് ഫുല്‍പൂര്‍.

ബി.ജെ.പിയ്ക്കും അവരുടെ ദുര്‍ഭരണത്തിനുമെതിരെ ജനങ്ങള്‍ ഒന്നിച്ചു വോട്ടുചെയ്തതിന്റെ ഫലമാണ് തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നിലെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് ഫലം കേന്ദ്രസര്‍ക്കാരിനു കൂടിയുള്ള മുന്നറിയിപ്പാണെന്നും അഖിലേഷ് പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്‍പ് നല്‍കിയ വാഗ്ദാനങ്ങളൊന്നു പോലും പാലിക്കാന്‍ യോഗി സര്‍ക്കാരിനായില്ലെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more