സംഘപരിവാര്‍ ഗാന്ധിയെ ഹൈജാക്ക് ചെയ്യുമ്പോള്‍
Opinion
സംഘപരിവാര്‍ ഗാന്ധിയെ ഹൈജാക്ക് ചെയ്യുമ്പോള്‍
രജീഷ് പാലവിള
Wednesday, 9th October 2019, 4:13 pm
ലക്ഷങ്ങള്‍ വിലവരുന്ന കോട്ടുകള്‍ ധരിച്ച് ചര്‍ക്കയ്ക്ക് മുന്നില്‍ ചമ്രം പിടഞ്ഞിരുന്ന് കോടികള്‍ പൊടിച്ച് ഫോട്ടോഷൂട്ടുകള്‍ നടത്തി ഗാന്ധിയിലേക്ക് പരകായപ്രവേശം നടത്തി ലോകത്തിന്റെ മുന്നില്‍ 'മഹാത്മായി' അവതരിക്കാനുള്ള നരേന്ദ്രമോദിയുടെ പൊറാട്ടുനാടകങ്ങളുടെ ഭാഗം മാത്രമാണ് 'ന്യൂയോര്‍ക്ക് ടൈംസില്‍' വന്ന മോദിയുടെ പെയ്ഡ് ലേഖനത്തിലും തെളിയുന്നത്!

‘അതിദാരുണമായ’ രണ്ടു പത്രവാര്‍ത്തകള്‍ കണ്ടു. ഒന്ന്, ‘ന്യൂയോര്‍ക്ക് ടൈംസില്‍’ നരേന്ദ്ര മോദി, ഗാന്ധിയെ അനുസ്മരിച്ചെഴുതിയ ‘എന്തുകൊണ്ട് ഇന്ത്യയ്ക്കും ലോകത്തിനും ഗാന്ധിയെ ആവശ്യമുണ്ട്’ എന്നതും രണ്ട്, ഗാന്ധി തന്റെ ജീവിതകാലത്ത് സന്ദര്‍ച്ചിട്ടുള്ള ,ഗാന്ധിയുടെ ചിതാഭസ്മം ഉള്‍പ്പടെ പലസ്മരണകളും സൂക്ഷിക്കുന്ന പത്രപാരമ്പര്യം കൊട്ടിഘോഷിക്കുന്ന ‘മാതൃഭൂമി’ ആര്‍.എസ്.എസ്സിന്റെ സര്‍സംഘ്ചാലകായ മോഹന്‍ ഭാഗവതിന്റെ ഗാന്ധിസ്മൃതി പ്രസിദ്ധീകരിച്ചതും!

ഗാന്ധിയെ വെടിവച്ചു കൊല്ലാന്‍ ഏതു ചിന്തയും വികാരവുമാണോ ഗോഡ്സയെ നയിച്ചത് അതിന്റെ പ്രചണ്ഡഭാവത്തെ മുഴുവന്‍ ആവാഹിച്ച് രാജ്യത്തിന്റെ ഓരോ അണുവിലും പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കുന്ന, ഇന്ത്യാ വിഭജനത്തിന്റെ മുഴുവന്‍ പഴിയും ഗാന്ധിയുടെ തലയില്‍ കെട്ടിവച്ച, ഇന്ത്യ ഹിന്ദുരാജ്യമാക്കാന്‍ കഴിയാതെപോയതില്‍ ഗാന്ധിയേയും നെഹ്രുവിനേയും നിരന്തരം ക്രൂശിക്കുന്ന സംഘപരിവാര്‍ ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികം ആഘോഷിക്കുകയാണ്! ഇറച്ചിവെട്ടുകാരന്‍ തന്റെ അറവുമാടിനെക്കുറിച്ച് പറയുംപോലെ ഗാന്ധിക്കുവേണ്ടി മുതലക്കണ്ണീര്‍ പൊഴിക്കുകയാണ്.

ഗാന്ധിയന്‍ ദര്‍ശനങ്ങളെയും സംഘപരിവാര്‍ ആശയങ്ങളെയും കുറിച്ച് സാമാന്യബോധമുള്ള ആര്‍ക്കും ഇത് ഞെട്ടലുണ്ടാക്കും! ഗാന്ധിയുടെ നെഞ്ച് തുളച്ച ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ മുറുകെപ്പിടിക്കുന്ന, ഹിന്ദുരാജ്യത്തിനുവേണ്ടി,ഹിന്ദുത്വദേശീയതയ്ക്ക് വേണ്ടിനിലകൊള്ളുന്ന, അധികാരത്തിന്റെ മുഴുവന്‍ ശക്തിയും അതിന്റെ വികാസത്തിനും അവതരണത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്ന ഓരോ ചലനങ്ങളിലും ഇന്ത്യയുടെ മതേതരത്വത്തെ, ബഹുസ്വരതയെ മുറിവേല്‍പ്പിക്കുന്ന സംഘപരിവാര്‍ ഗാന്ധിയെ ഹൈജാക്ക് ചെയ്യുന്നതും തങ്ങള്‍ ഗാന്ധിസത്തിന്റെ വക്താക്കളാണെന്ന് ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നതും അങ്ങേയറ്റം ആസൂത്രിതമായ അപകടകരമായ രാഷ്ട്രീയമാണ്. ഇതിനെ പ്രതിരോധിക്കേണ്ടത് ഇന്ത്യയുടെ മതേതരഭാവിയുടെ ഏറ്റവും നിര്‍ണ്ണായകമായ ആവശ്യങ്ങളില്‍ ഒന്നാണ്.

മോദി, എന്തുകൊണ്ട് ഗാന്ധിയെ സ്തുതിച്ച് നിര്‍ലജ്ജം ലേഖനമെഴുതി ? ലോകരാജ്യങ്ങള്‍ ചുറ്റിനടക്കുന്ന മോദിക്ക് കുറച്ചെങ്കിലും ബോധ്യപ്പെട്ടു ലോകത്തിന്റെ മുന്നില്‍ ഗാന്ധിയ്ക്ക് വലിപ്പമുണ്ടെന്ന്, അനിഷേധ്യങ്ങളായ സ്ഥാനമാണങ്ങളുണ്ടെന്ന്! ഗാന്ധിക്ക് എവിടെയും കിട്ടുന്ന സ്വീകാര്യത ‘അഭിനവ രാഷ്ട്രപിതാവാകാന്‍’ പ്രച്ഛന്നവേഷം കെട്ടിയിരിക്കുന്ന മോദിയെ അമ്പരപ്പെടുത്തിയിട്ടുണ്ട്.

പൂര്‍ണ്ണകായ ചിത്രങ്ങള്‍ പതിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളും സോഷ്യല്‍ മീഡിയായും പി.ആര്‍.ഓ സംഘങ്ങളും ഇല്ലാത്ത കാലത്ത് ഗാന്ധി എങ്ങനെ ലോകത്തിന്റെ ആത്മാവില്‍ ഇടംതേടി എന്നത് മോദിയെ അസൂയപ്പെടുത്തിയിട്ടുണ്ട്. ലക്ഷങ്ങള്‍ വിലവരുന്ന കോട്ടുകള്‍ ധരിച്ച് ചര്‍ക്കയ്ക്ക് മുന്നില്‍ ചമ്രം പിടഞ്ഞിരുന്ന് കോടികള്‍ പൊടിച്ച് ഫോട്ടോഷൂട്ടുകള്‍ നടത്തി ഗാന്ധിയിലേക്ക് പരകായപ്രവേശം നടത്തി ലോകത്തിന്റെ മുന്നില്‍ ‘മഹാത്മായി’ അവതരിക്കാനുള്ള നരേന്ദ്രമോദിയുടെ പൊറാട്ടുനാടകങ്ങളുടെ ഭാഗം മാത്രമാണ് ‘ന്യൂയോര്‍ക്ക് ടൈംസില്‍’ വന്ന മോദിയുടെ പെയ്ഡ് ലേഖനത്തിലും തെളിയുന്നത്!

രണ്ടുപേരും ഗുജറാത്തില്‍ ജനിച്ചു എന്നതൊഴിച്ചാല്‍ ഗാന്ധിയ്ക്കും മോദിയ്ക്കും ഇടയില്‍ പ്രകാശവര്‍ഷങ്ങളുടെ അകലമുണ്ടെന്ന് ഗാന്ധിയെ വായിച്ചിട്ടുള്ള ആര്‍ക്കും ബോധ്യപ്പെടും!’താന്‍ മഹാത്മാവല്ല തോട്ടിയാണ്’ എന്ന് പറഞ്ഞ ഗാന്ധിയും സ്തുതിപാഠങ്ങള്‍കേട്ട് പുളകം കൊള്ളുന്ന മോദിയും തമ്മില്‍ കുതിരയും പച്ചക്കുതിരയും പോലെയുള്ള വ്യത്യാസമുണ്ട്!

‘ന്യൂയോര്‍ക്ക് ടൈംസില്‍’ വന്ന മോദിയുടെ ലേഖനത്തിലും ‘മാതൃഭൂമി’യില്‍ വന്ന മോഹന്‍ ഭാഗവതിന്റെ ലേഖനത്തിലും ആസൂത്രിതമായ ചില ഏച്ചുകെട്ടലുകള്‍ തെളിഞ്ഞുകാണാം. ഗാന്ധിയ്ക്കോ ഗാന്ധിസത്തിനോ ഒരുവിധത്തിലും യോജിക്കാന്‍ കഴിയാത്ത ഹിന്ദുഫാസിസം ഗാന്ധിയെ ചേര്‍ത്ത്പിടിച്ച് തന്ത്രപരമായി തള്ളിവിടുന്നുണ്ട്.

മനുഷ്യസമൂഹങ്ങളിലുള്ള വൈരുധ്യങ്ങള്‍ക്ക് മേല്‍ സഹവര്‍ത്തിത്വത്തിന്റെ പാലമാകാനുള്ള മഹാസിദ്ധി ഗാന്ധിയ്ക്കുണ്ടായിരുന്നു എന്നാണ് നരേന്ദ്ര മോദി തന്റെ ലേഖനത്തില്‍ ഓര്‍ക്കുന്നത്. മോദിയുടെയും സംഘപരിവാറിന്റെയും നാള്‍വഴികള്‍ അറിയാവുന്ന ആരും ഈ വാചകം വായിക്കുമ്പോള്‍ കണ്ണുതെള്ളിച്ച് താടിക്ക് കൈകൊടുത്ത്‌പോകും.

വിദ്വേഷരാഷ്ട്രീയത്തിന്റെ രക്തപങ്കിലമായ എത്രയെത്ര കലാപങ്ങള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും നേതൃത്വം നല്‍കിയവര്‍ ഗാന്ധിയെക്കുറിച്ച് പറയുമ്പോള്‍ സ്വയം വാഴ്ത്തപ്പെട്ടവരും ഗാന്ധിയോടൊപ്പമാണ് തങ്ങളെന്നും ഗാന്ധിയന്‍ പാതയാണ് തങ്ങളുടേതെന്നും യാതൊരു ഉളുപ്പുമില്ലാതെ ഘോഷിക്കുകയാണ്. ഈ സമയത്തും മുസ്ലിങ്ങളായിട്ടുള്ള കുടിയേറ്റക്കാരെമാത്രം ഇന്ത്യയില്‍ നിന്ന് തുരത്താന്‍ അണിയറയില്‍ പടക്കോപ്പുകള്‍ക്ക് മൂര്‍ച്ചകൂട്ടുകയാണ്.അവര്‍ക്ക് വേണ്ടി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ ഒരുക്കുകയാണ്.

ഇരുപതാം നൂറ്റാണ്ടിലെ വെളിച്ചമായിരുന്നു ഗാന്ധിയെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഗീബല്‍സാണ് നരേന്ദ്രമോദി.സംഘപരിവാറിന്റെ സങ്കുചിതമായ ദേശീയതയ്ക്കും ഹിന്ദുരാഷ്ട്രവാദത്തിനും ന്യായീകരണമുണ്ടാക്കാന്‍ ഗാന്ധിയുടെ ദേശീയതയേയും വിശ്വമാനവിക ബോധത്തെയുംമോദി കൂട്ടുപിടിച്ച് പുകഴ്ത്തുന്നുണ്ട്.

പശുവിന്റെയും രാമന്റെയും പേരില്‍ പച്ചമനുഷ്യരെ ‘ജയ് ശ്രീറാം’ വിളിപ്പിച്ച് ആള്‍ക്കൂട്ട വിചാരണകള്‍ നടത്തുന്ന, കൊലപാതകികളായ ഗോസംരക്ഷകരെ കേന്ദ്രമന്ത്രിമാര്‍ മാലയിട്ടു സ്വീകരിക്കുന്ന മോദിഫൈഡ് ഇന്ത്യയില്‍ നിന്ന് എത്ര സമര്‍ത്ഥമായി ലോകത്തിന്റെ മുന്നില്‍ ‘നല്ലപിള്ള’ ചമയുകയാണ് മോദി.’ജയ് ശ്രീറാം’ എന്ന് സദാ നേരം വിളിച്ചിട്ടും ഹിന്ദുതീവ്രവാദികളാല്‍ കൊല്ലപ്പെട്ട ഗാന്ധിയെ മോദിയും സംഘപരിവാരങ്ങളും സ്തുതിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസമാണ്.

2019 ജനുവരി 30 രക്തസാക്ഷിദിനം ‘ഹിന്ദുമഹാസഭ’ ആഘോഷിച്ചത് ഗാന്ധിയെ പ്രതീകാത്മകമായി വെടിവച്ചുകൊന്നുകൊണ്ടാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രജ്ഞാസിംഗ് ഠാക്കൂര്‍ ഗോഡ്‌സെയെ ‘രാഷ്ട്രഭക്തന്‍’ എന്ന് വിളിച്ചത് വിവാദമായിരുന്നു. അക്കാര്യത്തില്‍ അവരോടു പൊറുക്കില്ലെന്ന് തിരഞ്ഞെടുപ്പ് കാലത്ത് വീമ്പിളക്കിയ മോദി അവര്‍ക്കെതിരെ ഒരു നടപടിയും എടുത്തില്ല.

മോദിക്ക് ചുറ്റും ഭയഭക്തിയോടെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന അനേകം ഗോഡ്‌സെ ഭക്തന്മാര്‍ ഗാന്ധിയെ പലരീതിയില്‍ എക്കാലത്തും കടന്നാക്രമിച്ചിട്ടുണ്ട്.’ബ്രിട്ടീഷുകാരല്ല മുസ്‌ലിങ്ങളാണ് ഹിന്ദുക്കളുടെ ശത്രുക്കളെന്നും നിങ്ങള്‍ അവര്‍ക്കെതിരെ പോരാടൂ’ എന്നിങ്ങനെ തങ്ങളുടെ പൂര്‍വ്വപിതാക്കന്മാര്‍ ചെലുത്തിയ വിഷം പാല്‍പ്പായസത്തില്‍ ചേര്‍ത്ത് രാജ്യമാകെ ഊട്ടുന്നവര്‍ ‘ബാപ്പു’ എന്ന് വിളിച്ച് സ്‌നേഹം നടിച്ചും കണ്ണീര്‍ പൊഴിച്ചും ഗാന്ധിയെ പല്ലക്കില്‍ ഏറ്റിക്കൊണ്ടുപ്പോകുന്നത് എത്ര അശ്ലീലമായ കാഴ്ചയാണ്!

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഗാന്ധിയെക്കുറിച്ച് പറഞ്ഞതും മോദി(ക്ക് വേണ്ടി ആരോ)എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്. മിസ്റ്റര്‍ നരേന്ദ്ര മോദി! ഗാന്ധിയുടെ അക്രമരാഹിത്യ അഹിംസാസിദ്ധാങ്ങളാലാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആകര്‍ഷിക്കപ്പെട്ടത്. വംശവെറിയനായ ഹിറ്റ്‌ലറുടെ ജൂതവേട്ടയില്‍ മനംനൊന്താണ് അദ്ദേഹം അമേരിക്കയില്‍ അഭയംതേടിയത്.

ഗാന്ധിയുടെ സത്യാഗ്രഹത്തെയും സമരമാര്‍ഗ്ഗത്തെയും കുറിച്ച് ഐന്‍സ്റ്റീന്‍ മറ്റൊന്ന്കൂടി പറഞ്ഞിട്ടുണ്ട്. അഹിംസാ സമരം പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് വിജയിക്കാന്‍ ഇടയുള്ളതെന്നും നാസികളുടെ മുന്നില്‍ അത് വിലപ്പോകില്ല എന്നും! ഐന്‍സ്റ്റീന്‍ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ സത്യമായിരുന്നു എന്ന് ഇന്ത്യയിലെ ഹിന്ദുത്വവാദികള്‍ തെളിയിച്ചു. നാസികളുടെ ദേശീയതാ-പാരമ്പര്യവാദങ്ങളും വംശവെറിയും ഹിന്ദുത്വത്തിന്റെ രൂപത്തില്‍ ഉദ്ഘോഷിക്കുന്ന ഹിന്ദുതീവ്രവാദികള്‍ ഗാന്ധിയുടെ നെഞ്ചില്‍ നിറയൊഴിച്ചു!

മുഖ്യധാരകളിലേക്ക് ഇടിച്ചുകയറാന്‍ മതബിംബങ്ങളെയും ചിഹ്നങ്ങളെയും മതമൗലികവാദികള്‍ക്ക് ആവശ്യമുണ്ട്. രാഷ്ട്രം, പാരമ്പര്യം, മതം, വ്യക്തികള്‍, ചരിത്രം ഇതിനെയൊക്കെ തങ്ങളുടെ അജണ്ടകള്‍ക്ക് അനുസരിച്ച് അവര്‍ പരുവപ്പെടുത്തും. നുണകള്‍ ആവര്‍ത്തിച്ച് പറഞ്ഞ് അവരാണ് ശരിയെന്ന് ജനസാമാന്യങ്ങളെ ക്രമേണ അവര്‍ ബോധ്യപ്പെടുത്തിയെടുക്കും. ഇന്ത്യയുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്ന ലോകത്തെങ്ങും അറിയപ്പെടുന്ന ഗാന്ധിയെ സംഘപരിവാരങ്ങള്‍ രാഷ്ട്രീയായുധമായി മാറ്റുന്നത് ഇത്തരമൊരു പരീക്ഷണമാണ്.

ഗാന്ധിയെ ഹൈജാക്ക് ചെയ്യുക എന്നത് ഒരുതരത്തില്‍ അവര്‍ക്ക് ശ്രമകരമായ ദൗത്യമല്ല. ഗാന്ധി താലോലിച്ചിരുന്ന വിശ്വാസങ്ങളെ ഹിന്ദുത്വരാഷ്ട്രീയവുമായി കുഴച്ചെടുക്കുക എന്നത് മാത്രമാണ് അക്കാര്യത്തില്‍ അവര്‍ക്ക് ചെയ്യാനുള്ളത്. ചാതുര്‍വര്‍ണ്യം പോലെയുള്ള അന്ധവിശ്വാസങ്ങള്‍ ഗാന്ധി പുലര്‍ത്തിയിരുന്നു എന്നത് അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുക്കയും ചെയ്‌തേക്കാം!

ആര്‍.എസ്.എസ്സിന്റെ സ്ഥാപകന്‍ കെ.ബി.ഹെഡ്ഗേവാറിനെ വളരെ തന്ത്രപൂര്‍വ്വം ഗാന്ധിയിലേക്ക് ബന്ധിപ്പിച്ചുകൊണ്ടുള്ള മോഹന്‍ ഭഗവതിന്റെ ‘മാതൃഭൂമി’യിലെ ലേഖനം മേല്‍പ്പറഞ്ഞ രാഷ്ട്രീയമാണ്. ജീവിതകാലത്തില്‍ ആര്‍.എസ്.എസ്സിനോട് യാതൊരുവിധ അനുഭാവവും പുലര്‍ത്തിയിട്ടില്ലാത്ത എല്ലാ മതവിഭാഗങ്ങള്‍ക്കും യോജിക്കാന്‍ കഴിയുമായിരുന്ന തന്റെ പ്രാര്‍ത്ഥനാസമ്മേളനങ്ങളില്‍ എല്ലാ വിഭാഗങ്ങളെയും അവരുടെ തിരുവെഴുത്തുകളും ഉള്‍പ്പെടുത്തിയിരുന്ന ഗാന്ധിയെ, ഹിന്ദുരാഷ്ട്രവാദിയായി മാറിയ ഹെഡ്ഗേവാറിന് ഫലത്തില്‍ ശത്രുപക്ഷത്ത് നിര്‍ത്താനേ കഴിഞ്ഞിരുന്നുള്ളൂ.

ഹിന്ദുരാഷ്ട്രം എന്നത് മതേതരവാദിയായ ഗാന്ധിക്ക് ഒരുകാലത്തും സ്വീകാര്യവുമായിരുന്നില്ല. ഗാന്ധിയും അംബേദ്കറുമെല്ലാം ആര്‍.എസ്.എസ്സിന്റെ ആശയങ്ങളോടുള്ള അവരുടെ വിയോജിപ്പുകള്‍ പറഞ്ഞിട്ടുള്ളതുമാണ്. ഇതൊക്കെ അറിയാവുന്ന ‘മാതൃഭൂമി’ മോഹന്‍ ഭാഗവതിന്റെ ‘ഗാന്ധിയനുസ്മരണം’ പ്രസിദ്ധീകരിച്ചുകൊണ്ട് ഗാന്ധിയുടെ ജീവിതത്തെയും മരണത്തെയും ക്രൂരമായി പരിഹസിച്ചു. അവകാശപ്പെടുന്ന തങ്ങളുടെ പത്രപാരമ്പര്യങ്ങളെ സ്വയം റദ്ദ് ചെയ്തുകളഞ്ഞു.

ഗാന്ധിയുടെ മഹത്വം വാഴ്ത്തി അതിന്റെ ഇടയിലൂടെ തങ്ങളുടെ നേതാക്കള്‍ ഗാന്ധിയെ സ്‌നേഹിച്ചവരായിരുന്നു എന്നും തങ്ങളുടെ പ്രസ്ഥാനങ്ങള്‍ ഗാന്ധിദര്‍ശനങ്ങള്‍ പകര്‍ത്തിയെന്നുമൊക്കെയുള്ള പച്ചക്കള്ളങ്ങള്‍ അവര്‍ പ്രസംഗിക്കുമ്പോള്‍ അതിനെ മഹത് വചനമായി അച്ചടിച്ചു വായനക്കാരന്റെ മുന്നില്‍ ഇറക്കിവച്ച ‘മാതൃഭൂമി’ വലിയ ഒറ്റുകാരായി മാറിയിരിക്കുകയാണ്.

‘മീശ’ പ്രസിദ്ധീകരിച്ചതിന് ‘മാതൃഭൂമി’ കത്തിച്ചവര്‍ക്കും ബഹിഷ്‌കരിച്ചവര്‍ക്കും എതിരേ ശബ്ദിച്ച ഇന്നാട്ടിലെ ആയിരക്കണക്കിന് മനുഷ്യരെ മാത്രമല്ല ചരിത്രത്തെ മുഴുവന്‍ ഒറ്റുകൊടുത്തിരിക്കുകയാണ്. ഒരുവശത്ത് ഗാന്ധിയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍, ചിത്രങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍ തുടങ്ങി ഗാന്ധിയുടെ ജീവിതത്തിലൂടെയുള്ള മനോഹരമായ സഞ്ചാരം നടത്തി, ജീവിതത്തിലെ ഒരു നിമിഷംപോലും പാഴാക്കാതെ തന്റെ മാര്‍ഗ്ഗത്തിലൂടെ കഠിനവ്രതശീലനായി സഞ്ചരിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന കര്‍മ്മയോഗിയുടെ ജീവിത നാള്‍വഴികള്‍ പകര്‍ത്തി.

മറ്റൊരു വശത്ത് വെറുപ്പിന്റെ പ്രത്യയശാസ്ത്രവും സങ്കുചിത ദേശീയതയും മതവെറികളും ആയുധമാക്കിയിട്ടുള്ളവര്‍ കുല്‌സിത ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഗാന്ധിയെ വര്‍ണ്ണിച്ചത് നിസ്സഹായരായ വായനക്കാരന്റെ മുന്നില്‍ നിര്‍ലജ്ജം വിളമ്പിവച്ചു. മാതൃഭൂമീ ചരിത്രം നിങ്ങള്‍ക്ക് മാപ്പ് തരില്ല!

ഗാന്ധി, ടാഗോറുമായും ബി.ആര്‍.അംബേദ്ക്കറുമായും ഗോറയുമായും നാരായണഗുരുവുമൊക്കെയായി നടത്തിയിട്ടുള്ള ചരിത്രപരമായ സംഭാഷണങ്ങളില്‍ ചാതുര്‍വര്‍ണ്യംപോലെയുള്ള അനേകം കളങ്കങ്ങള്‍ ഗാന്ധിയുടെ വ്യക്തിത്വത്തിലുണ്ടായിരുന്നു എന്ന് വ്യക്തമാണ്.

പില്‍ക്കാലത്ത്, തന്റെ രാമനെ കുറച്ചുകൂടി പരിഷ്‌കരിച്ച് തന്റെ രാമന്‍ ചരിത്രപുരുഷനായ രാമനല്ല എന്നുപറഞ്ഞുതുപോലെ കുറച്ചുനാള്‍കൂടി ജീവിച്ചിരുന്നെങ്കില്‍ തന്റെ സത്യാന്വേഷണപരീക്ഷണങ്ങളിലൂടെ ജാതിവ്യവസ്ഥയും മതവിശ്വാസവും പോലെയുള്ള ഹിമാലയന്‍ അബദ്ധങ്ങളെക്കൂടി ഗാന്ധിക്ക് തിരിച്ചറിയാനും തിരുത്താനും കഴിഞ്ഞേനെ!

എന്നാല്‍പ്പോലും ഗാന്ധി നടന്നത് മാനവികതയിലേക്കാണ് എന്നതില്‍ ആര്‍ക്കും സംശയമില്ല.’സത്യമേവ ജയതേ’ എന്നത് ഒരു ദിവ്യമന്ത്രംപോലെ ഉരുവിട്ട് ജീവിച്ച ഗാന്ധിയെ ഗീബല്‍സിയന്‍ സിദ്ധാന്തം കൊണ്ടുനടക്കുന്നവര്‍ക്ക് മെരുക്കാന്‍ കഴിയില്ല. ഗാന്ധിയെ വര്‍ഗ്ഗീയവാദികള്‍ ഹൈജാക്ക് ചെയ്യാനുള്ള എല്ലാ ശ്രമങ്ങളും നിര്‍ഭാഗ്യകരവും പ്രതിരോധിക്കപ്പെടേണ്ടതുമാണ്.