നാരീശക്തിയെ കുറിച്ച് പ്രധാനമന്ത്രി പറയുമ്പോള്‍ ബില്‍ക്കീസ് ബാനുവിനെ കുറിച്ച് ചോദിക്കണ്ടേ? : കമല്‍
Malayalam Cinema
നാരീശക്തിയെ കുറിച്ച് പ്രധാനമന്ത്രി പറയുമ്പോള്‍ ബില്‍ക്കീസ് ബാനുവിനെ കുറിച്ച് ചോദിക്കണ്ടേ? : കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th April 2024, 4:45 pm

പ്രധാനമന്ത്രി നാരീ ശക്തിയെ കുറിച്ച് പറയുമ്പോള്‍ ബില്‍ക്കീസ് ബാനുവിനെ കുറിച്ച് നുമുക്ക് തിരിച്ച് ചോദിക്കാന്‍ പറ്റുന്നുണ്ടോ എന്ന് സംവിധായകന്‍ കമല്‍. കൊടുങ്ങല്ലൂരില്‍ വെച്ച് നടന്ന ചാലക്കുടിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യാനെറ്റ് ന്യൂസിന് പ്രധാനമന്ത്രി നല്‍കിയ അഭിമുഖത്തില്‍ രാജ്യത്തെ ജനങ്ങള്‍ അദ്ദേഹത്തോട് ചോദിക്കാന്‍ ആഗ്രഹിച്ച ചോദ്യങ്ങളൊന്നുമുണ്ടായില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘മലയാളത്തിലെ ഒരു പ്രമുഖ ചാനലിന് പ്രധാനമന്ത്രി ഒരു ഇന്റര്‍വ്യൂ നല്‍കി. പത്ത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഒരു മാധ്യമത്തില്‍ നമ്മള്‍ അദ്ദേഹത്തിന്റെ അഭിമുഖം കാണുന്നത്. നേരത്തെ അക്ഷയ് കുമാറിന് അഭിമുഖം നല്‍കിയിരുന്നു. പ്രധാനമന്ത്രി എന്ത് ഭക്ഷണമാണ് കഴിക്കുന്നത്, അദ്ദേഹത്തിന്റെ ഊര്‍ജത്തിന്റെ രഹസ്യമെന്താണ് എന്നൊക്കെയായിരുന്നു അന്നത്തെ ചോദ്യങ്ങള്‍. കഴിഞ്ഞ ദിവസം കണ്ട അഭിമുഖത്തില്‍ എനിക്ക് ചില സംശയങ്ങള്‍ തോന്നി. ആദ്യമേ അത് കണ്ടാല്‍ അറിയാം നേരത്തെ എഴുതിത്തയ്യാറാക്കി നല്‍കിയ ചോദ്യങ്ങളാണെന്ന്.

എന്നാല്‍ അദ്ദേഹം പറയുന്ന മറുപടികള്‍ക്ക് അനുബന്ധമായ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശവും അഭിമുഖം നടത്തിയ മൂന്ന് പേര്‍ക്കും ഇല്ലായിരുന്നു. അങ്ങനെയുണ്ടായിരുന്നെങ്കില്‍, ഇന്ന് ഇന്ത്യാരാജ്യത്തെ മനുഷ്യര്‍ പ്രധാനമന്ത്രിയോട് ചോദിക്കാന്‍ ആഗ്രഹിക്കുന്ന കുറേ ചോദ്യങ്ങളുണ്ടായിരുന്നു. ആ ചോദ്യങ്ങളില്‍ എന്തെങ്കിലുമൊന്ന് വിവരമുണ്ടായിരുന്നെങ്കില്‍ അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കേണ്ടതായിരുന്നു.

ചോദ്യങ്ങള്‍ ചോദിക്കേണ്ടതില്ല എന്ന് പറയുന്ന ഒരു ഭരണകൂടമാണ് ഇവിടെയുള്ളത്. ഞാന്‍ പറയുന്നത് കേട്ടാല്‍ മതിയെന്നാണ് പറയുന്നത്. അതാണ് മന്‍കി ബാത്. പത്ത് വര്‍ഷം ഈ രാജ്യം ഭരിച്ച ബി.ജെ.പി സര്‍ക്കാറിനോട് നമുക്ക് എന്തെല്ലാം ചോദ്യങ്ങള്‍ ചോദിക്കേണ്ടിയിരിക്കുന്നു.

നാരീശക്തിയെ കുറിച്ച് പ്രധാനമന്ത്രി പറയുമ്പോള്‍ ബില്‍ക്കീസ് ബാനുവിനെ കുറിച്ച് നമുക്ക് തിരിച്ചു ചോദിക്കണ്ടേ? നമുക്ക് ചോദിക്കാന്‍ പറ്റുന്നുണ്ടോ? എവിടെയെങ്കിലും ബില്‍ക്കീസ് ബാനുവിന്റെ അവസ്ഥയെ പറ്റി നമ്മുടെ പ്രധാനമന്ത്രി പറയുന്നുണ്ടോ?.
ഗുജറാത്ത് കലാപത്തില്‍ അവര്‍ അനുഭവിച്ച പീഡനങ്ങളെ കുറിച്ച് നമുക്ക് അറിയാമല്ലോ. അതിനെ നിയമപോരാട്ടം നടത്തി, പ്രതികളെ ശിക്ഷിച്ചപ്പോള്‍ അവരെ വെറുതെ വിട്ട് അവര്‍ പുറത്തിറങ്ങിയപ്പോള്‍ മാലയിട്ട് സ്വീകരിച്ചവരാണ് ഇന്ത്യാരാജ്യത്തുള്ളത്. അവരാണ് നമ്മുടെ രാജ്യം ഭരിക്കുന്നത്,’ കമല്‍ പറഞ്ഞു.

content highlights: When the Prime Minister talks about Narishakti, shouldn’t we ask about Bilkis Banu? : Kamal