| Friday, 11th September 2020, 10:46 pm

വര്‍ഗീയ ശക്തികളുടെ ആക്രമണത്തിന് നിരന്തരം ഇരയായ സന്യാസി; സ്വാമി അഗ്നിവേശ് ഓര്‍മ്മയാകുമ്പോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വര്‍ഗീയ ശക്തികള്‍ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച വ്യക്തിയായിരുന്നു സ്വാമി അഗ്നിവേശ്. അതു കൊണ്ട് തന്നെ നിരന്തരം വര്‍ഗീയ ശക്തികളുടെ ആക്രമണത്തിനും സ്വാമി അഗ്നിവേശ് ഇരയായിട്ടുണ്ടായിരുന്നു.

എഴുത്തിലൂടെയും നിലപാടിലൂടെയും ഹിന്ദുത്വത്തിനെതിരെ സംസാരിക്കുന്ന വ്യക്തിയായിരുന്നു സ്വാമി അഗ്നിവേശ്. ബീഫ് അടക്കമുള്ള ഹിന്ദുത്വത്തിന്റെ പ്രചാരണ തന്ത്രങ്ങള്‍ക്കെതിരെ നിരന്തരം സ്വാമി അഗ്നിവേശ് നിലപാടുകള്‍ എടുത്തിരുന്നു.

മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളിലും ജാതി വിരുദ്ധ സമരങ്ങളിലും തൊഴില്‍ സമരങ്ങളിലും സ്വാമി അഗ്‌നിവേശ് മുന്നിട്ടിറങ്ങിയിരുന്നു. ഇതെല്ലാം തന്നെ സംഘപരിവാര്‍ ശക്തികളെ ചൊടിപ്പിക്കുന്നതായിരുന്നു.

ഗോ സംരക്ഷകരെന്ന പേരില്‍ തെരുവില്‍ അക്രമം നടത്തുന്നവരെ തീവ്രവാദികളായി പരിഗണിച്ച് അറസ്റ്റ് ചെയ്യണമെന്ന് അഗ്നിവേശ് തുറന്നുപറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് 2018 ല്‍ അദ്ദേഹത്തെ കായികമായി അക്രമിക്കാനും സംഘപരിവാര്‍ സംഘടനകള്‍ മുതിര്‍ന്നു. ബീഫ് നിരോധനത്തിനെതിരെയുള്ള പ്രസ്താവനകള്‍ കണക്കിലെടുത്ത്, സനാതന ധര്‍മത്തിനെതിരെയാണ് അഗ്നിവേശ് പ്രവര്‍ത്തിക്കുന്നതെന്നും തീവ്രഹൈന്ദവസംഘടനകള്‍ ആരോപിച്ചത്.

ജാര്‍ഖണ്ഡില്‍ വെച്ചായിരുന്നു അഗ്‌നിവേശ് ഹൈന്ദവസംഘടനകളുടെ ആക്രമണത്തിനിരയായത് ് ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് അദ്ദേഹത്തെ ആക്രമിച്ചത്. അഗ്നിവേശിനെ തടഞ്ഞുവെച്ച് മര്‍ദ്ദിച്ച സംഘം അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തിരുന്നു.

ആക്രമിക്കരുതെന്ന് കൈകൂപ്പി പറഞ്ഞിട്ടും അഗ്‌നിവേശിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നിലത്തുവീണപ്പോള്‍ കല്ല് കൊണ്ട് അടിക്കാനൊരുങ്ങിയെന്നും കൂടെയുള്ള ആളാണ് തന്നെ രക്ഷിച്ചതെന്നും അഗ്നിവേശ് പറഞ്ഞിരുന്നു.

ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കൊപ്പം ചേര്‍ന്ന് ആദിവാസികളെ സ്വാധീനിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. മുന്‍പ് ഹരിയാന നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചിട്ടുള്ള അഗ്നിവേശ് പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതാണ് തനിക്കെതിരായ സംഘപരിവാര്‍ ആക്രമണത്തിന് കാരണമെന്ന് അഗ്‌നിവേശ് പറഞ്ഞിരുന്നു. സംഘപരിവാറിന്റെ ഹീറോ ഹിറ്റ്ലറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പതിയിരുന്ന് ആക്രമിക്കുകയാണ് സംഘപരിവാറിന്റെ രീതിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വസുധൈവ കുടുംബകമെന്ന വിഷയത്തില്‍ താനുമായി തുറന്ന സംവാദത്തിനു തയ്യാറുണ്ടോയെന്ന് ആര്‍.എസ്.എസി നെ പരസ്യമായി സ്വാമി അഗ്‌നിവേശ് വെല്ലുവിളിച്ചിരുന്നു. ഹിന്ദുത്വത്തെയും ഹൈന്ദവധര്‍മത്തെയും പ്രോത്സാഹിപ്പിക്കാനെന്ന വ്യാജേന രാജ്യത്ത് അസഹിഷ്ണുതയും മതവിദ്വേഷവും പ്രചരിപ്പിക്കുന്ന ആര്‍.എസ്.എസ് അജണ്ടയ്ക്കെതിരായ വെല്ലുവിളിയാണ് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിനെ തുറന്ന സംവാദത്തിനു ക്ഷണിക്കുന്നതു വഴി താന്‍ മുന്നോട്ടു വയ്ക്കുന്നതെന്ന് സ്വാമി അഗ്‌നിവേശ് പറഞ്ഞത്.

മുസ്‌ലിം മതവിഭാഗത്തിനെതിരായ സംഘപരിവാര്‍ പ്രചാരണങ്ങളെയും അഗ്നിവേശ് നിരന്തരം എതിര്‍ത്തിരുന്നു. രാജ്യത്തെ മുസ്ലിംങ്ങളുടെ ദേശസ്നേഹം ചോദ്യം ചെയ്യാന്‍ സംഘപരിവാറിന് അവകാശമില്ലെന്ന്് സ്വാമി അഗ്‌നിവേശ് പറഞ്ഞിരുന്നു.

ദേശസ്നേഹ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ആര്‍.എസ്.എസുകാര്‍ക്ക് മുമ്പില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ നല്‍കിയ ആയിരക്കണക്കിന് മുസ്ലിങ്ങളുടെ പേരുകള്‍ എണ്ണി എണ്ണി പറഞ്ഞു തരാന്‍ കഴിയുമെന്നും സ്വാമി അഗ്‌നിവേശ് 2016 ല്‍ പറഞ്ഞിരുന്നു.

ബ്രീട്ടീഷുകാര്‍ക്കെതിരെ പോരാടി മരണം വരിച്ച ഒരു ആര്‍.എസ്.എസുകാരന്റെ പേര് പറയാനാകുമോയെന്നും അഗ്‌നിവേശ് ചോദിച്ചു. ചിലരുടെ പേരുകള്‍ പറയാന്‍ കഴിയും പക്ഷെ അത് രാജ്യസ്നേഹത്തിന്റെ പേരിലല്ല. മറിച്ച് ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി ചാരപ്പണി ചെയ്തവരുടെ പേരുകളാണെന്നും അഗ്‌നിവേശ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlights: When Swami Agnivesh is remembered

We use cookies to give you the best possible experience. Learn more