| Wednesday, 6th May 2020, 8:06 pm

മരക്കാര്‍ റിലീസ് ഇനി മിക്കവാറും ഈ സമയങ്ങളിലായിരിക്കും; തുറന്നു പറഞ്ഞ് പ്രിയദര്‍ശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്നതായിരുന്നു മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം. എന്നാല്‍ കൊവിഡ് ഭീഷണി രാജ്യത്ത് നിലവില്‍ വന്നതോടെ ചിത്രം റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു.

മാര്‍ച്ച് 26 നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് പ്രിയദര്‍ശന്‍. ദി ന്യസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയദര്‍ശന്റെ വെളിപ്പെടുത്തല്‍.

‘മരക്കാര്‍ റിലീസിനെക്കുറിച്ചൊക്കെ സംസാരിക്കേണ്ട ഘട്ടമല്ല ഇതെന്നാണ് എനിക്ക് തോന്നുന്നത്.ഈ ഘട്ടത്തില്‍ പ്രാധാന്യം കല്‍പ്പിക്കേണ്ട ഒരുപാട് മറ്റ് കാര്യങ്ങളുണ്ട്.എല്ലാം സാധാരണ അവസ്ഥയിലെത്താന്‍ നമ്മള്‍ കാത്തിരിക്കണം. ഈ ഘട്ടത്തില്‍ തിരക്കിട്ട് റിലീസിനെക്കുറിച്ച് ആലോചിക്കുന്നതേയില്ല.

ലോകം പഴയത് പോലെ ആവുകയും ആളുകള്‍ സിനിമ ആസ്വദിക്കാനുള്ള മാനസികാവസ്ഥയിലെത്തുകയുമാണ് പ്രധാനം. ഡിസംബറില്‍ റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലെങ്കില്‍ അടുത്ത വര്‍ഷത്തേക്ക്’ എന്നാണ് ചോദ്യത്തിന് ഉത്തരമായി പ്രിയദര്‍ശന്‍ പറഞ്ഞത്.

ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സൈന ആണ്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് സൈന മരയ്ക്കാറിന്റെ ഓഡിയോ റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. തുക വെളിപ്പെടുത്തിയിട്ടില്ല.

അഞ്ചു ഭാഷകളില്‍ ആയി അന്‍പതില്‍ അധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാര്‍. കുഞ്ഞാലി മരക്കാരായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം ആരാധകര്‍ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.മലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കുന്നതെന്ന് നേരത്തെ മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയിരുന്നു. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്.

വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more