ന്യൂദല്‍ഹി: ഇന്ത്യന്‍ സേനയെ നിന്ദിക്കുകയും അവരുടെ മനോവീര്യം തകര്‍ക്കുകയും ചെയ്യുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെന്ന് ബി.ജെ.പി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ. തവാങിലെ ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടലിനെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിപറയുകയായിരുന്നു ബി.ജെ.പി വക്താവ്.
ദീപാവലി ദിനത്തില്‍ രാഹുല്‍ ഗാന്ധി തന്റെ വീട്ടിലെ എ.സി റൂമിലിരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും അതിര്‍ത്തിയില്‍ സൈന്യത്തോടൊപ്പമായിരുന്നുവെന്നും ഭാട്ടിയ പറഞ്ഞു.
ഖാര്‍ഗെയെ റിമോര്‍ട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നില്ലെങ്കില്‍ രാഹുല്‍ ഗാന്ധിയെ പുറത്താക്കാന്‍ അദ്ദേഹം തയ്യാറാവണമെന്നും ഭാട്ടിയ ആവശ്യപ്പെട്ടു.
അതിനിടെ, ചൈനയുമായി അടുപ്പം സ്ഥാപിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് താല്‍പര്യമുള്ളതായാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ചൈന എന്തൊക്കെ ചെയ്യാന്‍ പോകുന്നുവെന്ന ധാരണ വരെ രാഹുലിനുണ്ടെന്ന് ബി.ജെ.പി വക്താവും മുന്‍ കേന്ദ്രമന്ത്രിയുമായ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡും ആരോപിച്ചു.
‘ഉറങ്ങുന്നതിനിടയില്‍ 37,242 സ്‌ക്വയര്‍ കിലോമീറ്റര്‍ ഭൂമി ചൈനക്ക് നല്‍കിയ അദ്ദേഹത്തിന്റെ മുതുമുത്തച്ഛന്‍ നെഹ്റുവിന്റെ ഇന്ത്യയല്ല ഇതെന്ന് കൂടി ഓര്‍ത്താല്‍ നന്നായിരിക്കും,’ എന്നും റാത്തോഡ് പറഞ്ഞു. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തെ പരാമര്‍ശിച്ചുകൊണ്ടാണ്ടായിരുന്നു റാത്തോഡിന്റെ പ്രസ്താവന.
അതേസമയം, ഭാരത് ജോഡോ യാത്ര 100 ദിവസം പൂര്‍ത്തിയായതിനെ തുടര്‍ന്ന് രാജസ്ഥാനില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലായിരുന്നു ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടലില്‍ രാഹുല്‍ ഗാന്ധി കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിച്ചത്.
അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ യാങ്‌സേ മേഖലയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം. അരുണാചലിലും ലഡാക്കിലും ചൈന ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ കാണുന്നില്ലേയെന്നും രാഹുല്‍ ചോദിച്ചു.
‘ചൈന യുദ്ധത്തിന് ഒരുങ്ങുകയാണ്. വെറുമൊരു നുഴഞ്ഞുകയറ്റമായി അതിനെ കാണാനാകില്ല. അവരുടെ ആയുധങ്ങളുടെ ക്രമം നോക്കൂ. യുദ്ധ മുന്നൊരുക്കത്തിന്റെ സൂചനയാണത്. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ അത് അംഗീകരിച്ചിട്ടില്ല.
ചൈന നമ്മുടെ ഭൂമി പിടിച്ചെടുക്കും. നമ്മുടെ സൈനികരെ പരാജയപ്പെടുത്തും. സുവ്യക്തമാണ് അവരുടെ ഭീഷണി. എന്നാല്‍ സര്‍ക്കാര്‍ അത് അവഗണിക്കുന്നു. ലഡാക്കിലും അരുണാചലിലും അവര്‍ സായുധ ആക്രമണത്തിന് ഒരുങ്ങുകയാണ്. നമ്മുടെ സര്‍ക്കാര്‍ ഉറങ്ങുകയും,’ രാഹുല്‍ കുറ്റപ്പെടുത്തി.
അതേസമയം, തവാങിലെ സൈനിക സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്കാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞത്. ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈനികര്‍ തുരത്തിയെന്നും ഒരിഞ്ച് ഭൂമി പോലും വിട്ടുനല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇന്ത്യ-ചൈന സൈനികര്‍ക്കിടയില്‍ ഡിസംബര്‍ ഒമ്പത് വെള്ളിയാഴ്ച നടന്ന സംഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസമായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ചൈനയുടെയും ഇന്ത്യയുടെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ഇരു വിഭാഗത്തുമുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ട്.
Content Highlight: When Rahul chills in AC room, PM stands with army at border: BJP slams rahul gandhi over China remarks