| Thursday, 6th December 2018, 12:47 pm

സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ മുറിയില്‍ മോദിയുടെ അപ്രതീക്ഷിത സന്ദര്‍ശനം; 60 വര്‍ഷത്തിനിടെ ആദ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 60 വര്‍ഷത്തിനിടെ ആദ്യമായി സുപ്രീം കോടതിയില്‍ സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ മാസം 25-ന് ചീഫ് ജസ്റ്റീസായി ചുമതലയേറ്റ രഞ്ജന്‍ ഗൊഗോയിയുടെ ഒന്നാം നമ്പര്‍ കോടതി മുറിയിലാണ് പ്രധാനമന്ത്രി അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. ദി വയറാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്നത്.

മോദിയുടെ സന്ദര്‍ശനം ചീഫ് ജസ്റ്റീസില്‍ ആശ്ചര്യം സൃഷ്ടിച്ചെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ 25-ന് ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്‍മര്‍, നേപ്പാള്‍, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലെ ജഡ്ജിമാര്‍ക്കായി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി ഒരുക്കിയ വിരുന്നിലേക്കു പ്രധാനമന്ത്രിയെയും ക്ഷണിച്ചിരുന്നു.

Read Also :ദേവസ്വംബോര്‍ഡില്‍ ജീവനക്കാരില്‍ 60 ശതമാനവും ക്രിസ്ത്യാനികളാണെന്ന് പ്രചരണം; കെ.പി ശശികലക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ദേവസ്വം മന്ത്രി

വൈകിട്ട് എട്ടോടെ പ്രധാനമന്ത്രി സുപ്രീം കോടതിയിലെത്തി. വിരുന്നിനിടെ മോദി നിരവധി ജഡ്ജിമാരുമായി സംഭാഷണം നടത്തി. ഒമ്പതര വരെയായിരുന്നു വിരുന്നിനു സമയമെങ്കിലും അതിനുശേഷവും മോദി വിരുന്ന് നടന്ന ഹാളില്‍ തുടര്‍ന്നു. ഇതിനുശേഷമാണ് മോദി ഗൊഗോയിയുടെ കോടതി മുറിയില്‍ പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്.

ഇത് സുരക്ഷാ ഉദ്യോഗസ്ഥരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. എന്നാല്‍ ചീഫ് ജസ്റ്റീസ് തന്നെ മോദിയെ തന്റെ കോടതി മുറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. മുറിയില്‍ ഒന്നാം നമ്പര്‍ കസേരയില്‍ ഇരുന്ന മോദി, ഇവിടുത്തെ കീഴവഴക്കങ്ങള്‍ സംബന്ധിച്ച് ചീഫ് ജസ്റ്റീസിനോട് അന്വേഷിച്ചു. പിന്നീട് ചീഫ് ജസ്റ്റീസിന്റെ ക്ഷണപ്രകാരം ചായയും കുടിച്ചശേഷം പത്തോടെയാണ് മോദി മടങ്ങിയതെന്നാണു ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read Also : യുവതീപ്രവേശനത്തെ അനുകൂലിച്ച് ഒ. രാജഗോപാല്‍ എഴുതിയ ലേഖനം സഭയില്‍ വായിച്ച് കടകംപള്ളി; സീറ്റിലിരുന്ന് ചിരിച്ച് തലകുലുക്കി രാജഗോപാല്‍

കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട നിര്‍ണായക കേസുകള്‍ പരിഗണിക്കുന്നതാണ് ഒന്നാം നമ്പര്‍ കോടതി മുറി. റഫാല്‍ ഇടപാട്, സി.ബി.ഐയിലെ കേന്ദ്രത്തിന്റെ അഴിച്ചുപണി എന്നിവയൊക്കെ പരിഗണിക്കുന്നത് ഇവിടെയാണ്. റഫാല്‍, സി.ബി.ഐ കേസുകളില്‍ വിധി പറയാനിരിക്കെയാണ് മോദിയുടെ സന്ദര്‍ശനം. ഗുജറാത്ത് കലാപക്കേസുകളുമായി ബന്ധപ്പെട്ട ഹര്‍ജികളും പരിഗണിക്കുന്നത് ഇതേ കോടതി മുറിയിലാണ്.

സുപ്രീം കോടതിയിലെ ഇപ്പോഴത്തെ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കവെ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് മോദിക്ക് മുമ്പ് കോടതിയിലെത്തിയിരുന്നത്.

We use cookies to give you the best possible experience. Learn more