| Saturday, 28th October 2017, 1:07 pm

2008ല്‍ കോഹ്‌ലിയെ ടീമിലെടുക്കാതിരിക്കാന്‍ ശ്രീനിവാസന്‍ പാളയത്തില്‍ പട നടത്തിയെന്ന് വെങ്‌സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍; ലക്ഷ്യം ഈ താരത്തെ ടീമിലെടുക്കാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: 2008 ല്‍ വിരാട് കോഹ്‌ലി ഇന്ത്യയ്ക്കു വേണ്ടി അരങ്ങേറുമ്പോള്‍ ഇന്ത്യയുടെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ദിലീപ് വെങ്‌സര്‍ക്കാരായിരുന്നു. വെങ്‌സര്‍ക്കാറായിരുന്നു വിരാടിനെ ടീമിലേക്ക് തെരഞ്ഞെടുക്കുന്നത്. എന്നാല്‍ വിരാടിനെ ടീമിലെടുക്കാനുള്ള തീരുമാനത്തെ സെലക്ഷന്‍ കമ്മറ്റിയിലെ ഭൂരിപക്ഷം ആളുകളും എതിര്‍ത്തിരുന്നുവെന്നാണ് രജ്ദീപ് സര്‍ദേശായിയുടെ പുസ്തകത്തിലെ വെളിപ്പെടുത്തല്‍.

അന്ന് ബോര്‍ഡ് ട്രഷററായിരുന്ന എന്‍.ശ്രീനിവാസനടക്കം ഇതിനെ എതിര്‍ത്തിരുന്നുവെന്നും വിരാടിന് പകരം എസ്.ബദ്രിനാഥിനെ ടീമിലെടുക്കണമെന്നായിരുന്നു ശ്രീനിവാസന്റെയും മറ്റും ആഗ്രഹം. അതിനായി അവര്‍ ബോര്‍ഡ് പ്രസിഡന്റായിരുന്ന ശരദ് പവാറിനെ കണ്ടിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.

” ബദ്രിനാഥിനെ തെരഞ്ഞെടുത്തില്ലെന്ന് അറിഞ്ഞപ്പോള്‍ തമിഴ്‌നാട് ക്രിക്കറ്റ് ബോര്‍ഡിന്റെ കണ്ട്രോളര്‍ കൂടിയായിരുന്ന ശ്രീനിവാസന്‍ കുപിതനാവുകയും ശരദ് പവാറിനെ കാണുകയുമായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ എന്നെ പുറത്താക്കി. പക്ഷെ വിരാടിനെ സംബന്ധിച്ചുള്ള എന്റെ തീരുമാനത്തെ മാറ്റാന്‍ അവര്‍ക്ക് സാധിച്ചില്ല.” പുസ്തകത്തില്‍ വെങ്‌സര്‍ക്കാര്‍ പറയുന്നതായി സര്‍ദേശായി എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.


Also Read: വാഹനപ്രേമിയായിട്ടും യുവരാജ് ബൈക്ക് ഓടിക്കുന്നില്ല; തീരുമാനത്തിന് പിന്നില്‍ ഈ വ്യക്തിയ്ക്ക് നല്‍കിയ വാക്ക്


ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പില്‍ വിജയികളാക്കിയിട്ടും വിരാടിന്റെ സീനിയര്‍ ടീമിലേക്കുള്ള പ്രവേശനം അത്ര എളുപ്പമായിരുന്നില്ല. ആദ്യ പത്ത് മത്സരത്തിനിടെ രണ്ട് ഫിഫ്റ്റികള്‍ നേടിയിട്ടും വലിയ ഗുണമുണ്ടായില്ല. പിന്നെ സ്വഭാവവും പ്രതികൂലമായി ബാധിച്ചെന്നും പുസ്തകത്തില്‍ പറയുന്നു.

“അവന് ഹെയര്‍ സ്റ്റൈലിലും ടാറ്റുവിലുമായിരുന്നു കൂടുതല്‍ ശ്രദ്ധ.” ഒരു സെലക്ടര്‍ പറയുന്നു. എന്നാല്‍ അതെല്ലാം തള്ളിക്കളയുകയായിരുന്നു വിരാടെന്നും യുവരാജ് സിംഗടക്കമുള്ള താരങ്ങളുടെ പിന്തുണ മൂലം വിരാട് ടീമില്‍ തിരികെ എത്തുകയായിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.

“ഒരിക്കല്‍ വിരാടിനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്, നിനക്ക് ടോപ്പ് ക്ലാസ് പ്ലെയര്‍ ആവണമെങ്കില്‍ ഒരിക്കലും എന്നെ അനുകരിക്കരുതെന്ന്. സച്ചിനെ കണ്ടു പഠിക്കണം. അദ്ദേഹത്തെ പോലെ ഡിസിപ്ലിന്‍ വേണം, അല്ലാതെ എന്നെ പോലെ അച്ചടക്കമില്ലാത്തവനല്ല” യുവരാജ് പറയുന്നു.

അവിടെ നിന്നും ഇന്ന് ഇന്ത്യന്‍ നായകസ്ഥാനത്തേക്ക് മാത്രമല്ല, സച്ചിന്റെ പിന്‍ഗാമിയെന്ന വിശേഷണത്തിലേക്കും വരെ വിരാട് വളര്‍ന്നു എന്നതാണ് സത്യം.

We use cookies to give you the best possible experience. Learn more