കര്‍ണാടകയിലെ കുന്ധാപുരയിലുള്ള ഒരു കോളേജില്‍ ഹിജാബ്, അതായത് ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജില്‍ പ്രവേശിക്കാന്‍ സാധിക്കാതാകുന്നു, അവര്‍ പുറത്ത് നിര്‍ത്തപ്പെടുന്നു, വിശ്വാസത്തിന്റെ ഭാഗവും മതപരവുമായ ഒരു വസ്ത്രം ധരിച്ചതിന്റെ പേരില്‍ വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെ ആ പെണ്‍കുട്ടികള്‍ പ്രതിഷേധിക്കുന്നു, ഉടന്‍ അവരുടെ സഹപാടികളായ ഹിന്ദു വിദ്യാര്‍ത്ഥികള്‍ കാവി ഷാളും തൊപ്പിയുമെല്ലാം ധരിച്ച് ജയശ്രീറാം അലറി അക്രമാസക്തരാകുന്നു. രംഗം വഷളായതോടെ, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആരും ഹിജാബിട്ട് ക്ലാസില്‍ കടക്കരുത് എന്ന് കോടതി പറയുന്നു.
കാവി ഷാള്‍ ധരിച്ചുകൊണ്ടുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം അങ്ങനെ പെട്ടന്ന് പൊട്ടിമുളച്ചതല്ലെന്നും, ഹിന്ദുത്വ ഗ്രൂപ്പുകളുടെ വളരെ പ്ലാന്‍ഡ് ആയ നീക്കമാണിതെന്നുമൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ധരിക്കാനുള്ള കാവി നിറമുള്ള ഷാളുകളും മറ്റും പുറത്ത് നിന്നുള്ള സംഘങ്ങള്‍ എത്തിച്ച് നല്‍കുന്നതിന്റെ വീഡിയോയും പുറത്ത് വരുന്നു. സിംപിളായി നമുക്ക് മനസ്സിലാക്കാന്‍ പറ്റുന്ന ഒരു കാര്യം കര്‍ണാടകയില്‍ ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്ന കോലാഹലങ്ങളൊന്നും വളരെ പെട്ടന്നുണ്ടായതോ, യാദൃശ്ചികമായി സംഭവിച്ചതോ അല്ല എന്നതാണ്.
ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചുള്ള വലിയ വിഭാഗീയ ശ്രമങ്ങള്‍ക്ക് സംഘപരിവാര്‍ കാലങ്ങളായി ശ്രമിക്കുന്നുണ്ട് എന്നും, കര്‍ണാടക അതിന്റെ ഒരു പരീക്ഷണ ശാല ആണെന്നുമൊക്കെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുകയും ചെയ്യുന്നുണ്ട്.
ഇവിടെ അക്ഷരാര്‍ത്ഥത്തില്‍ കുട്ടിചോറാകുന്നത് മുസ്‌ലിം പെണ്‍കുട്ടികളുടെ ഭാവിയാണ്. തീര്‍ച്ചയായും ഭരണഘടന ഉറപ്പ് നല്‍കുന്ന രീതിയില്‍ ഓരോരുത്തരുടെയും വിശ്വാസത്തിന്റെ ഭാഗമായ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് പഠിക്കാനും ജോലി ചെയ്യാനുമൊക്കെയുള്ള അവകാശം ഇന്ത്യയിലെ പൗരന്‍മാര്‍ക്കുണ്ട്. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു എന്നതാണ് ഇവിടുത്തെ പ്രാഥമിക പ്രശ്നം.
ആ പ്രശ്നത്തെത്തുടര്‍ന്ന് നടക്കുന്ന സമരങ്ങളെ നൈസായിട്ട് തങ്ങളുടെ മതപരമായ അജണ്ടകളിലേക്ക് കൊണ്ടുപോകുന്ന, താടിക്ക് തീ പിടിക്കുമ്പോഴും അതില്‍ നിന്ന് ബീഡി കത്തിക്കാന്‍ നോക്കുന്ന ചിലരുണ്ട്.
മുസ്‌ലിം സ്ത്രീകള്‍ക്ക് അവരുടെ ഐഡന്റിറ്റിയുടെ പേരില്‍ നിഷേധിക്കപ്പെടുന്ന വിദ്യാഭ്യാസത്തിന് വേണ്ടി അവകാശ സമരം നടത്തുമ്പോള്‍. സമരത്തിന്റെ മെറിറ്റിനെ അപ്പാടെ അങ്ങ് മാറ്റി കളയാന്‍ ശ്രമിക്കുകയാണ് ചില ഗ്രൂപ്പുകള്‍. ഹിജാബിന് വേണ്ടി നടക്കുന്ന സമരത്തിലൂടെ, സ്ത്രീകളുടെ മുഖമടക്കം മൂടുന്ന നിഖാബിനെ വെളുപ്പിച്ചെടുക്കാന്‍ ശ്രമിക്കുകയാണവര്‍.
സ്ത്രീകളെ മുഴുവന്‍ അവരുടെ കണ്ണ് മാത്രം പുറത്തുകാണുന്ന തരത്തിലാക്കി മാറ്റാന്‍ വേണ്ടി തക്കം പാര്‍ത്തിരിക്കുന്ന ഇവര്‍ ഒരവസരം കിട്ടിയതിന്റെ ആഹ്ലാദത്തിലാണെന്ന് തോന്നുന്നു. എന്തോ, സഹോദരിമാരെ തുണികൊണ്ട് പൊതിഞ്ഞുമൂടിയില്ലെങ്കില്‍ വല്ലാത്തൊരു ഹൃദയവേദനയാണ് ഈ സഹോദരങ്ങള്‍ക്ക്.
സ്‌കൂളുകളില്‍ നിഖാബിന് വേണ്ടിയല്ല കുട്ടികള്‍ സമരം ചെയ്യുന്നത് എന്നത് മനസ്സിലാക്കാന്‍ കഴിയാഞ്ഞിട്ടൊന്നും അല്ല, പക്ഷെ എന്ത് വന്നാലും മനസ്സിലാക്കില്ല എന്ന് വാശിയാണ്.
സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്ന വിവിധ ഇസ്‌ലാമിക് ഗ്രൂപ്പുകളും, അവരുടെ സോഷ്യല്‍ മീഡിയ പേജുകളും വെബ് സൈറ്റുകളും, ചില പത്രങ്ങളും വരെ, ശരീരം മുഴുവന്‍ കറുത്ത തുണി കൊണ്ട് മറച്ചിരിക്കുന്ന, കണ്ണ് മാത്രം പുറത്ത് കാണുന്ന, സ്ത്രീകളുടെ ചിത്രങ്ങള്‍ കൊടുത്തുകൊണ്ട് സംഘപരിവാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ തങ്ങളുടെ സങ്കുചിത താത്പര്യങ്ങളുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് നമ്മള്‍ കാണുന്നത്.
വിദ്യാഭ്യാസ മേഖലയില്‍ മുസ്‌ലിം സ്ത്രീകള്‍ മുന്നോട്ട് വരാന്‍ തുടങ്ങിയിട്ട് വളരെ കുറച്ച് കാലമെ ആകുന്നുള്ളു. അതുകൊണ്ട് തന്നെ ഇന്നലെ വരെ ഉപദ്രവമല്ലാതിരുന്ന ഹിജാബിനെ ചൂണ്ടിക്കാട്ടി മുസ്‌ലിം സ്ത്രീകള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ നിഷേധിക്കുക എന്നത് സംഘപരിവാറിന്റെ കുരുട്ടുബുദ്ധി ആണ് എന്ന കാര്യത്തില്‍ സംശയം ഒന്നും ഇല്ല.
അത്തരമൊരു അവസ്ഥയില്‍ പെണ്‍കുട്ടികള്‍ അവര്‍ക്ക് നിഷേധിച്ച വിദ്യാഭ്യാസത്തിനും അവകാശങ്ങള്‍ക്കും വേണ്ടി സമരം ചെയ്യുമ്പോള്‍, മുഖം മുഴുവനായി മറച്ചു പിടിക്കാനും, ശരീരമാകെ മൂടാനും വേണ്ടിയാണ് ആ കുട്ടികള്‍ സമരം നടത്തുന്നത് എന്ന രീതിയില്‍ അതിനെ വ്യാഖ്യാനിക്കാനും പ്രചരിപ്പിക്കാനുമാണ് ചിലര്‍ നോക്കുന്നത്. അത് മുസ്‌ലിം അപരവത്കരണം ഒരു അജണ്ടയായി കൊണ്ടുനടക്കുന്നവര്‍ക്ക് മുസ്‌ലിങ്ങള്‍ തന്നെ ഇട്ടുകൊടുക്കുന്ന വടിയായിരിക്കും എന്നതില്‍ സംശയിക്കേണ്ട കാര്യമില്ല.
എന്തിന്റെ പേരിലാണോ തങ്ങള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരിക്കുന്നത് അതേ കാരണത്തെ ഒരു സമരായുധം ആക്കി സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിസ്സഹരണ പ്രസ്ഥാനത്തിന്റെ ഭാഗമായി വിദേശവസ്ത്രങ്ങള്‍ രാജ്യത്താകെ കത്തിച്ചതും, അംബേദ്ക്കര്‍ ദളിതര്‍ക്ക് നിഷിദ്ധമായ വസ്ത്രം ധരിച്ചിരുന്നിതും, ഗാന്ധിജി മേല്‍വസ്ത്രം അഴിച്ചുമാറ്റിയതുമെല്ലാം വസ്ത്രധാരണവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടന്ന വ്യത്യസ്ത സമര മാര്‍ഗങ്ങളാണ്.
പരുഷ പൗരോഹിത്യ താത്പര്യങ്ങളുടെ ഭാഗമായി, മുസ്ലിം സ്ത്രീകളെ, കണ്ണ് മാത്രം പുറത്തുകാണുന്ന തരത്തില്‍ തളച്ചിടുന്നതിനെതിരെയും, വൈവിധ്യമാര്‍ന്ന ഇസ്ലാമിക വസ്ത്ര ശീലങ്ങളെയെല്ലാം പര്‍ദ എന്ന ഒറ്റ വസ്ത്രത്തിലേക്ക് ചുരുക്കുന്നതിനെതിരെയുമെല്ലാം, വിവിധ സ്ത്രീപക്ഷ മുന്നേറ്റങ്ങള്‍ സമരങ്ങള്‍ നടത്തിയിട്ടുള്ള നാടാണിത്. അത്തരം സമരങ്ങള്‍ക്ക് വലിയ രാഷ്ട്രീയ പ്രസക്തിയുമുണ്ട്.
എന്ന് കരുതി പര്‍ദയോ, ശിരോവസ്ത്രമോ ധരിക്കാനുള്ള ഒരു മുസ്‌ലിം സ്ത്രീയുടെ അവകാശത്തെ അട്ടിമറിക്കാനുള്ള അധികാരം ഭരണകൂടത്തിനില്ല. ഒരു സ്ത്രീ ഏത് വസ്ത്രം ധരിക്കണമെന്ന് അവര്‍ക്ക് തീരുമാനിക്കാനുള്ള ജനാധിപത്യപരമായ ഇടമാണ് ഇവിടെ ഉണ്ടാകേണ്ടത്. അത്തരം സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ട് ഫാസിസ്റ്റുകള്‍ രംഗത്ത് വരുമ്പോള്‍ ജനാധിപത്യത്തിന്റെ പക്ഷത്ത് നില്‍ക്കുന്ന മുഴുവന്‍ ആളുകളും സമരവുമായി വരും. ആ സമരത്തിനിടയിലൂടെ മതത്തിന്റെ പൗരോഹിത്യ താത്പര്യത്തെ ഒളിച്ചു കടത്താന്‍ നോക്കുന്നത് ഒരുമാതിരി മറ്റേടത്തെ പരിപാടിയാണ്.
അങ്ങനെയുള്ളവരെ സംബന്ധിച്ചെടുത്തോളം എന്ത് വിദ്യാഭ്യാസം, എന്ത് മൗലീകാവകാശം, എന്ത് ഹിജാബ്, എന്ത് ആര്‍ട്ടിക്കിള്‍ 21, എന്തോന്ന് ജനാധിപത്യം. മുസ്‌ലിങ്ങളെ മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള സംഘപരിവാറിന്റെ എരിതീയിലേക്ക്, മുസ്ലീം സമുദായത്തില്‍ നിന്നുളള്ള ചിലരും കൂടെ എണ്ണ ഒഴിക്കുന്നു എന്ന് മാത്രം.
Content Highlight : When Muslim women fight for their right to an education that is denied in the name of hijab muslim groups are trying to change the whole merit of the struggle