കുറസോവയുടെ റാഷോമോണ്‍ (1950), നീതി ചിന്തയ്ക്ക് വരുത്തിയ മാറ്റങ്ങള്‍ ചെറുതല്ല. ഒരു മരണം നടന്നിരിക്കുന്നു. ഒരു റേപ്പും (?). നാല് സാക്ഷികള്‍ നാല് കഥകളാണ് പറയുന്നത്. നാലും വിശ്വസിക്കാന്‍ പോന്നവ. ഓരോന്ന് കേള്‍ക്കുമ്പോഴും അതാണ് വാസ്തവമെന്നു തോന്നും. സിനിമ ഒരു തീര്‍പ്പിലുമെത്താതെയാണ് അവസാനിക്കുന്നത്.
സിനിമ കണ്ടവര്‍ക്കറിയാം എത്രമാത്രം ഫ്രസ്ട്രേഷന്‍ നമ്മുടെ ഉള്ളില്‍ നിറച്ചാണ് സിനിമ തീരുന്നതെന്നു. കാരണം സത്യം നമ്മളോട് സിനിമ പറഞ്ഞില്ല. അല്ലെങ്കില്‍ സിനിമയ്ക്കും അറിയില്ല ആരാണ് കൊന്നതെന്നും എന്താണ് നടന്നതെന്നും. റാഷോമോണ്‍ ഡിസ്റ്റര്‍ബിങ് ആര്‍ട്ടിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. ഇന്നിപ്പോള്‍ റാഷോമോണ്‍ എന്നത് ഒരു സംഭവത്തിന്റെ കോണ്‍ഫ്‌ലിക്റ്റിങ് നരേട്ടീവുകളെ സൂചിപ്പിക്കുന്ന എന്നര്‍ത്ഥമുള്ള ഒരു പ്രയോഗം തന്നെയായി മാറി. ആധുനിക നിയമ സംവിധാനത്തില്‍ ദൃക്സാക്ഷികളേക്കാള്‍ മെറ്റിരിയല്‍ എവിഡന്‍സുകള്‍ക്കാണ് അതുകൊണ്ടു തന്നെ പ്രാധാന്യം.
*****************************
കമല്‍ ഹാസന്റെ വിരുമാണ്ടിയില്‍ ഭാര്യ അണ്ണാലക്ഷ്മിയെ റേപ് ചെയ്ത കേസില്‍ അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുകയാണ് വിരുമാണ്ടിയെ. സിനിമയുടെ ആദ്യം നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കപ്പെടുന്ന കഥയില്‍ വിരുമാണ്ടി ഒരു ആദര്‍ശവുമില്ലാത്ത ഒരു റൗഡിയാണ്. അതിന്‍പ്രകാരം അയാള്‍ എത്രയോ പേരെ കൊന്നിട്ടുണ്ട്. പക്ഷെ കഥയുടെ രണ്ടാം ഭാഗത്തില്‍ വിരുമാണ്ടി സ്വന്തം കഥ പറയുമ്പോള്‍ സത്യം മറ്റൊന്നാണ്. അണ്ണാലക്ഷ്മിയെ ജീവന് തുല്യം സ്‌നേഹിച്ചവനാണ് നേരും നെറിവുമുള്ള വിരുമാണ്ടി. പക്ഷെ റാഷോമോണ്‍ പോലെ ഒരു തീര്‍പ്പിലെത്താതിരിക്കുന്നില്ല ഇവിടെ. സിനിമ കൃത്യമായി നായകന്റെ പക്ഷമെടുത്തു വിരുമാണ്ടിയാണ് ശരിയെന്ന് പറയുന്നു. അതുവരെയും ജനങ്ങള്‍ അയാളെ എത്രയും പെട്ടെന്ന് കൊല്ലണമെന്ന് കൊലവിളി വിളിക്കുന്നുണ്ട്. സിനിമ അവസാനിക്കുന്നത് വധ ശിക്ഷ തന്നെ പാടില്ല എന്ന് പറഞ്ഞാണ്.
****************************
അമര്‍ അക്ബര്‍ ആന്റണിയില്‍ അതിഥി തൊഴിലാളിയാണ് കുട്ടികളെ കൊന്നത് എന്ന് കണിശമായി കാണിക്കുന്നുണ്ട്. മരണപ്പെട്ട കുട്ടികളോടും അവരുടെ ഉറ്റവരോടും ചേര്‍ന്ന് നിന്ന് സിനിമ അതിന്റെ നറേറ്റിവ് ബില്‍ഡ് ചെയുന്നു. അതുകൊണ്ടു തന്നെ അയാളെ തല്ലിക്കൊല്ലണം എന്ന പോയിന്റിലേക്ക് ജനാധിപത്യം എന്തെന്നറിയാത്ത ഒരു വലിയ വിഭാഗം ജനത്തിനെ എത്തിക്കാന്‍ ആ സിനിമയ്ക്ക് കഴിഞ്ഞു. പക്ഷെ അയാള്‍ ആ കുട്ടികളെ കൊല്ലുന്ന ഭാഗങ്ങള്‍ ആ സിനിമയില്‍ ഇല്ല എന്ന് കരുതുക. എന്നാല്‍ നേരത്തെ കൈയ്യടിച്ച എത്രപേര്‍ അയാളെ തല്ലിക്കൊല്ലുമ്പോള്‍ വീണ്ടും കൈയ്യടിക്കും ? ഉത്തരം മനസ്സില്‍ ആലോചിച്ചാല്‍ മതി.
******************************
മായാനദിയില്‍ മാത്തന്‍ നിരപരാധിയൊന്നുമല്ല എന്ന് നമുക്കറിയാം. നമുക്കറിയാം എന്നുവെച്ചാല്‍ സിനിമ അത് കാണിച്ചു തന്നു എന്നേയുള്ളു അര്‍ഥം. മാത്തനെ അവസാനം വെടി വെച്ച് കൊല്ലുമ്പോള്‍ നമുക്കും വേദനിക്കുന്നത് സിനിമ നമ്മളെ അയാളോട് സിമ്പതി ഉണ്ടാക്കുന്നൊരു നറേറ്റിവ് നല്‍കിയതുകൊണ്ടാണ്. കഥ പറച്ചില്‍ എന്നാല്‍ അടിസ്ഥാനപരമായി അതാണ്. ആരുടെ പക്ഷത്തു നിന്നാണ് പറയുന്നത് എന്ന്. രണ്ടു പേരുടെ ഭാഗത്ത് നിന്ന് നിങ്ങള്‍ക്ക് ഒരേ കഥ പറയാന്‍ സാധിക്കില്ല. സിനിമയില്‍ കഥാപാത്രങ്ങളുടെ കണ്ണില്‍ക്കൂടിയോ സ്വതന്ത്രമായോ ആണ് അത് സംഭവിക്കാറ്. ഇവിടെ മാത്തന്‍ കുറ്റക്കാരനായിട്ടുപോലും പോലീസ് ചെയ്തി തെറ്റാണു എന്ന് നമുക്കൊരു സംശവുമില്ലാതെ അറിയാം. പക്ഷെ അതിന്റെ നായകന്‍ ടോവിനോയ്ക് ഇതുവരെയും അത് തിരിഞ്ഞിട്ടില്ല എന്നതാണ് കോമഡി. ഇന്റെലിജന്റല്ലാത്ത നടനാണ് സംവിധായകന്റെ നടനെന്നാണ് പറയാറ്. ടോവിനോ പൂര്‍ണ്ണമായും അതായിരിക്കും എന്നാണ് തോന്നുന്നത്.
******************************
ഇത്രയും പറഞ്ഞത് പോലീസ് ഒരാളെ വെടി വെച്ച് കൊന്നെന്നോ എന്‍കൗണ്ടറില്‍ കൊന്നെന്നോ കേള്‍ക്കുമ്പോള്‍ നമ്മള്‍ പക്ഷം പിടിക്കുന്നൊരു പാറ്റേണ്‍ ഉണ്ട്. ആ കേസില്‍ ഇതിനു മുന്‍പ് നിങ്ങള്‍ കേട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ടിങ്ങുകള്‍ ഒക്കെ ഈ വെടി വെച്ച് കൊന്നവന് എതിരാണെങ്കില്‍ വെടി വെച്ച് കൊന്നത് നല്ലത്. അതല്ല ഈ വെടി കൊണ്ട് മരിച്ചയാളോട് അടുപ്പമുണ്ടാക്കുന്ന വിധമാണ് ഇതുവരെയുള്ള കഥയെങ്കില്‍ നിങ്ങള്‍ പോലീസിനെതിരാകും.
സംഗതി സിനിമ പോലെ തന്നെ. നിങ്ങളോടു എന്ത് പറഞ്ഞിട്ടുണ്ടോ അതനുസരിച്ചു നിങ്ങള്‍ സൈഡ് എടുക്കും. പക്ഷെ ഇതുവരെ കേട്ടതില്‍ എന്തിലെങ്കിലും ഒരു തീര്‍ച്ചയുണ്ടോ നിങ്ങള്‍ക്ക് ? പത്രത്തിലും ടീവിയിലും വന്നാല്‍ വിശ്വസിക്കാമെന്നാണോ ? അവിടെയാണ് അന്വേഷണം, ചോദ്യം ചെയ്യല്‍, തെളിവെടുപ്പ്, വിചാരണ, വിധി എന്നിവ വരുന്നത്. തീര്‍ച്ച വരുത്തുക എന്നതാണ് ഉദ്ദേശ്യം.
നമ്മുടെ നീതി ദേവതയുടെ കണ്ണ് കെട്ടി വെച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ ? ഈ ഒബ്‌ജെക്റ്റിവിറ്റിയാണ് അവിടെ ഉദ്ദേശിക്കുന്നത്. അതിലെ ത്രാസിനു രണ്ടിനും ഒരേ തൂക്കമുള്ളത് ആരോടും പക്ഷപാതമില്ല എന്നര്‍ത്ഥത്തിലാണ്. വാളേന്തിയ കൈ താഴ്ത്തിയും ത്രാസ് ഉയര്‍ത്തിയുമാണ് നില്‍പ്പ്. അതായത് നീതിയുടെ മുന്‍പില്‍ തുല്യാവസരം ഉറപ്പാക്കുക എന്നതാണ് പ്രധാനം. വാള്‍ എന്നതിനെ ശിക്ഷയെന്നോ നീതിയെന്നോ വായിക്കാം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സിനിമകള്‍ ജനങ്ങളെ സ്വാധീനിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. പക്ഷെ ഒരൊറ്റ സിനിമ കൊണ്ടുള്ള സ്വാധീനമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. പടി പടിയായി ഒന്നിന് മുകളില്‍ ഒന്നായിട്ടാണ് സിനിമ അതിന്റെ ബോധം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ചുരുക്കം ചില സിനിമകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഒരൊറ്റ സിനിമയുടെ സ്വാധീനം താരതമ്യേന കുറവാണ്.
പക്ഷെ നമ്മുടെ പരിമിതപ്പെട്ട ജീവിത സാഹചര്യങ്ങളില്‍ നിന്ന് സിനിമകള്‍ നമ്മളെ പരിമിതമല്ലാത്ത കാഴ്ചകളിലേക്ക് കൊണ്ട് പോകുന്നുണ്ട്. നമ്മളില്‍ പലരും ആദ്യമായി പോലീസ് സ്റ്റേഷന്‍ കണ്ടതും കോടതി കണ്ടതും സ്വന്തമല്ലാത്ത സംസ്‌കാരങ്ങള്‍ കണ്ടതും എന്ന് തുടങ്ങി ആദ്യ രാത്രിക്ക് പെണ്ണ് ഒരു ഗ്ലാസ് പാലുമായി വരണം എന്ന ബോധം പോലും സിനിമകള്‍ കണ്ടാണ് നമുക്ക് വന്നത്. ഇതൊന്നും ഒരു സിംഗിള്‍ സിനിമ ഉണ്ടാക്കിയതല്ല.
നിര്‍ഭാഗ്യവശാല്‍ ഇവിടെ മായാനദി പോലെയോ വിരുമാണ്ടി പോലെയോ ഉള്ള സിനിമകളുടെ ആയിരമിരട്ടി പിന്തിരിപ്പന്‍ അമര്‍ അക്ബര്‍ ആന്തണിമാരാണ് ഇറങ്ങുന്നത്. അത് ഒന്നിന് മേല്‍ ഒന്ന് വെച്ച് ഉണ്ടാക്കിയെടുക്കുന്ന സാമൂഹ്യ ബോധമാണ് സിനിമയുണ്ടാക്കുന്ന ഡാമേജ്. സിനിമാക്കാരെ മുകളില്‍ നിന്ന് കെട്ടിയിറക്കിയതൊന്നുമല്ല. അടിമുടി പിന്തിരിപ്പനായ ഒരു സമൂഹത്തില്‍ നിന്ന് കോമളന്മാരായ ഫിലിം മേക്കേഴ്സ് മാത്രം ഉണ്ടാകാനും പോകുന്നില്ല. കാമ്പുള്ള വിമര്‍ശനത്തിലൂടെ മാത്രമാണ് എന്തെങ്കിലുമൊരു മാറ്റം പ്രതീക്ഷിക്കേണ്ടത്. അപ്പോഴും പ്രതികാരമാണ് നീതിയെന്ന് കരുതുന്ന ഒരു സിംഹ ഭൂരിപക്ഷത്തോടാണ് അവര്‍ക്ക് സംസാരിക്കേണ്ടതും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
DoolNews Video