| Thursday, 8th December 2022, 7:15 pm

മോദി 30 റോഡ് ഷോ നടത്തിയപ്പോള്‍, രാഹുലെത്തിയത് ഒരു ദിവസം; ഭരണവിരുദ്ധ വികാരത്തിലും ഗുജറാത്തില്‍ കോണ്‍ഗ്രസിന് പിഴച്ചത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: കോണ്‍ഗ്രസിന്റെ ദുര്‍ബലമായ സംഘടനാ സംവിധാനത്തെ മറികടന്ന് ചിട്ടയായ ആസൂത്രണത്തോടെ ബി.ജെ.പി മെനഞ്ഞെടുത്ത വിജയമായിട്ടാണ് ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നത്. ഗുജറാത്തിലെ ബി.ജെ.പി നേതാക്കള്‍ക്കപ്പുറത്തേക്ക് ദേശീയ നേതൃത്വം ഏറ്റെടുത്താണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍പിടിച്ചത്.

30ഓളം റോഡ് ഷോയാണ് പ്രധാനമന്ത്രി ഗുജറാത്തില്‍ നടത്തിയത്. ഇതില്‍ നഗരമേഖലയായ അഹമ്മദാബാദില്‍ 50 കിലോമീറ്റാണ് മോദി താണ്ടിയത്. അഹമ്മദാബാദിന്റെ പരിധിയില്‍വരുന്ന ഏതാണ്ട് എല്ലാ നിയമസഭാ മണ്ഡലങ്ങളേയും കവര്‍ ചെയ്യാന്‍ മോദിയുടെ പ്രചാരണത്തിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാകുകയും ആം ആദ്മി മുന്നേറ്റമുണ്ടാക്കുകയും ചെയ്ത സൂറത്ത് മേഖലയില്‍ 25 കിലോമീറ്ററാണ് മോദി റോഡ് ഷോ നടത്തിയത്.

ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടും അത് മുതലെടുക്കാന്‍ കോണ്‍ഗ്രസിനായില്ല. പ്രചാരണത്തിന്റെ ഒരു വേളയിലും ബി.ജെ.പിയുടെ സംഘടനാ സംവിധാനത്തിനൊപ്പമെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. മോദിയെപോലെ ഒരു താരപ്രചാരകന്‍ കോണ്‍ഗ്രസിന് ഗുജറാത്തിലുണ്ടായിരുന്നില്ല.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലായിരുന്നു സംസ്ഥാനത്ത് പ്രചാരണം നടന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ തുടങ്ങി നാല്‍പതോളം നേതാക്കള്‍ സംസ്ഥാനത്ത് എത്തിയെങ്കിലും ബി.ജെ.പിക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസിനായില്ല.

ബി.ജെ.പിക്ക് വേണ്ടി പ്രധാനമന്തി അടക്കമുള്ള വന്‍താര പ്രചാരകരായപ്പോള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് അപ്പുറത്ത് പ്രതിഷ്ടിക്കാനൊരാളില്ലായിരുന്നു. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ തിരക്കിലായിരുന്നു. ഇതിനിടയില്‍ ഒരു ദിവസത്തെ ഇടവേളയെടുത്ത് രാഹുല്‍ വന്നുപോയത് മാത്രമാണു കോണ്‍ഗ്രസിന് എടുത്ത് പറയാനുള്ളത്.

തുടര്‍ച്ചയായ ഏഴാം തവണയാണ് കോണ്‍ഗ്രസ് ഗുജറാത്തില്‍ പരാജയപ്പെടുന്നത്. കഴിഞ്ഞ തവണ 49 ശതമാനമാണ്
ബി.ജെ.പിയുടെ വോട്ട് വിഹിതം. ഇപ്പോഴത്തെ ട്രെന്‍ഡനുസരിച്ച് വോട്ടിങ് ശതമാനത്തിലും സീറ്റിലും ബി.ജെ.പി വന്‍ നേട്ടമുണ്ടാക്കിയിരിക്കുകയണ്.

182 മണ്ഡലങ്ങളുള്ള നിയമസഭയില്‍ 156 സ്ഥലത്ത് ബി.ജെ.പി ലീഡുയര്‍ത്തുമ്പോള്‍ കഴിഞ്ഞ തവണ 78 സീറ്റുള്ള കോണ്‍ഗ്രസ് ഇത്തവണ 17ല്‍ ഒതുങ്ങി.


Content Highlights: When Modi did a 50 km road show in Ahmedabad, Rahul reached one day; Congress failed in Gujarat in anti-incumbency sentiment as well

We use cookies to give you the best possible experience. Learn more