ഭാര്യ പിരിയാന്‍ തീരുമാനിച്ചപ്പോള്‍ ഒബാമ ആത്മഹത്യയുടെ വക്കിലെത്തിയെന്ന്
World
ഭാര്യ പിരിയാന്‍ തീരുമാനിച്ചപ്പോള്‍ ഒബാമ ആത്മഹത്യയുടെ വക്കിലെത്തിയെന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th May 2012, 10:35 am

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുമായുള്ള ബന്ധം വേര്‍പ്പെടുത്തുന്നതിനെക്കുറിച്ച് മിഷേല്‍ ഒബാമ ചിന്തിച്ചിരുന്നതായി റിപ്പോര്‍ട്ട്. 2000ല്‍ ചിക്കാഗോയിലെ ഒരു ഹൗസ് സീറ്റില്‍ മത്സരിക്കേണ്ടെന്ന തന്റെ ഉപദേശം ഒബാമ തള്ളിക്കളഞ്ഞതാണ് മിഷേലിനെ വേദനിപ്പിച്ചത്. എഡ്വേഡ് കെല്‍വിന്റെ ദ അമേച്വര്‍ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍.

മിഷേല്‍ വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുന്നുവെന്ന് മനസിലാക്കിയ ഒബാമയുടെ നിരാശ കണ്ടപ്പോള്‍ അദ്ദേഹം ആത്മഹത്യ ചെയ്യുമെന്നുവരെ സുഹൃത്തുക്കള്‍ക്ക് തോന്നിയെന്നും പുസ്തകത്തില്‍ പറയുന്നു.

ചിക്കാഗോ ഹൗസ് സീറ്റില്‍ മത്സരിക്കേണ്ടെന്ന തന്റെ  ഉപദേശം ഒബാമ തള്ളിക്കളഞ്ഞത് മിഷേലിനെ ഏറെ വേദനിപ്പിച്ചു. ആ സമയത്ത് അവര്‍ വിവാഹിതരായി എട്ട് വര്‍ഷം കഴിഞ്ഞിരുന്നു. മിഷേല്‍ പിരിഞ്ഞുപോവുന്നതില്‍ ഒബാമയ്ക്കുണ്ടായ നിരാശ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ ഏറെ ഭയപ്പെടുത്തിയിരുന്നെന്നും കെല്‍വിന്‍ പറയുന്നു.

“തിരഞ്ഞെടുപ്പില്‍ ഒബാമ പരാജയപ്പെട്ടതോടെ അദ്ദേഹം വന്‍കടക്കെണിയിലായി. ആ സമയത്ത് അദ്ദേഹം പൊതുജീവിതം അവസാനിപ്പിച്ചേക്കുമെന്നുവരെ തോന്നി. പരാജയത്തിനുശേഷമുണ്ടായ ഇരുണ്ട ദിനങ്ങളില്‍ ഒബാമ ആശ്വാസത്തിനായി മിഷേലിനെ സമീപിച്ചു. എന്നാല്‍ മിഷേലില്‍ നിന്നും ഒബാമയ്ക്ക് സിമ്പതി ലഭിച്ചില്ല. മിഷേലിന്റെ മുന്നറിയിപ്പ് അവഗണിച്ച് ഒബാമയെടുത്ത തീരുമാനം അവരുടെ കുടുംബത്തിന് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെച്ചു. സ്ഥിരവും സുരക്ഷിതവുമായ ഒരു ഭാവി കെട്ടിപ്പടുത്താമെന്ന മിഷേലിന്റെ പ്രതീക്ഷകളെയാണ് ഒബാമ തകര്‍ത്തത്.

” അതിന്റെ ഫലമായി അവരുടെ ദാമ്പത്യം പ്രതിസന്ധിയിലായി. താനും മിഷേലും വിവാഹമോചനത്തെക്കുറിച്ച് ആലോചിക്കുകയാണെന്ന് ഒബാമ സുഹൃത്തുക്കളോട് സമ്മതിച്ചു. മിഷേല്‍ വിവാഹമോചന പേപ്പറുകള്‍ ശരിയാക്കിവെച്ചിരുന്നു.” ഒബാമയുടെ ഒരു സുഹൃത്തിനെ ഉദ്ധരിച്ച് കെല്‍വിന്‍ എഴുതി.

ഈ പ്രതിസന്ധികളെല്ലാം മറികടന്ന് ഈ ദമ്പതികള്‍ മുന്നോട്ടുപോകുകയാണുണ്ടായതെന്നും കെല്‍വിന്‍ പറയുന്നു. പിന്നീട് ഒബാമ ഇല്ലിനോയിസ് സെനറ്റില്‍ മത്സരിച്ച് വിജയിച്ചു. പിന്നീട് ഭാര്യയുടെ വിശ്വാസം പതിയെ പതിയെ ഒബാമ നേടിയെടുത്തെന്നും കെല്‍വിന്‍ പറയുന്നു.

ഇത് രണ്ടാം തവണയാണ് മിഷേല്‍-ഒബാമ ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന വാര്‍ത്ത വരുന്നത്. 2010 ഡെയ്‌ലി മെയ്ല്‍ ന്യൂസ് പേപ്പറില്‍ സമാനമായ റിപ്പോര്‍ട്ട് വന്നിരുന്നു. മുന്‍കാലത്ത് തങ്ങള്‍ക്ക് ചില പരുക്കന്‍ കാലഘട്ടത്തിലൂടെ കടന്നുപോവേണ്ടി വരുന്നിരുന്നെന്ന് ഈ ദമ്പതികള്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.