2017 മുതല്‍ ബൗള്‍ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരായി നടന്ന ഏകദിന പരമ്പരയില്‍ ബൂംറ തന്നെ കളിയാക്കിയ സംഭവം വിവരിച്ച് കൊണ്ടാണ് കോഹ്‌ലി തന്റെ ബൗളിങിനെ കുറിച്ച് സംസാരിച്ചത്.
‘2017ല്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര. നമ്മള്‍ എല്ലാ മത്സരങ്ങളും ജയിച്ചുകൊണ്ടിരിക്കുന്നു. ഒരിക്കല്‍ മഹേന്ദ്ര സിങ് ധോനിയോട് ഞാന്‍ ബൗള്‍ ചെയ്യട്ടേ എന്ന് ചോദിച്ചു. ഞാന്‍ ബൗള്‍ ചെയ്യാനായി തയ്യാറാകുമ്പോള്‍ ബൗണ്ടറിയില്‍ നിന്ന് ബുംറ അലറി ‘ഇത് അന്താരാഷ്ട്ര മത്സരമാണ് തമാശ വേണ്ട’ . ടീമില്‍ ആര്‍ക്കും എന്റെ ബൗളിങ്ങില്‍ വിശ്വാസമില്ല. എന്നാല്‍ എനിക്ക് വിശ്വാസമുണ്ട്. ശേഷം പുറംവേദന പോലത്തെ പ്രശ്‌നങ്ങളുണ്ടായി. അതിന് ശേഷം ഞാന്‍ പന്തെറിഞ്ഞിട്ടില്ല. പരിശീലനത്തിനിടെ പന്തെറിയാറുണ്ട്.’ കോഹ്‌ലി പറഞ്ഞു.
ദല്‍ഹിയില്‍ അക്കാദമിയിലായിരിക്കെ ബൗളിങ്ങില്‍ താന്‍ ജെയിംസ് ആന്‍ഡേഴ്‌സന്റെ ആക്ഷനാണ് പിന്തുടര്‍ന്നിരുന്നതെന്നും കോഹ്‌ലി പറഞ്ഞു. പിന്നീട് ആന്‍ഡേഴ്‌സണൊപ്പം കളിച്ചപ്പോള്‍ ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞു ചിരിച്ചെന്നും കോഹ്‌ലി പറഞ്ഞു.
ട്വന്റി20യിലും ഏകദിനത്തിലുമായി എട്ടു വിക്കറ്റാണ് കോഹ്‌ലിയുടെ പേരിലുള്ളത്. ടെസ്റ്റില്‍ 163 പന്തെറിഞ്ഞിട്ടുണ്ടെങ്കിലും വിക്കറ്റുകളൊന്നും നേടിയിട്ടില്ല.