മോദിജീ, ഇന്ത്യയില്‍ മഴ പെയ്യുമ്പോള്‍ വിമാനങ്ങള്‍ റഡാറില്‍ നിന്നും മാഞ്ഞുപോകാറുണ്ടോ; പരിഹസിച്ച് രാഹുല്‍
D' Election 2019
മോദിജീ, ഇന്ത്യയില്‍ മഴ പെയ്യുമ്പോള്‍ വിമാനങ്ങള്‍ റഡാറില്‍ നിന്നും മാഞ്ഞുപോകാറുണ്ടോ; പരിഹസിച്ച് രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th May 2019, 1:44 pm

 

ഭോപ്പാല്‍: ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റഡാര്‍ തിയറിയില്‍ പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

മധ്യപ്രദേശിലെ നീമച്ചില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കവേയായിരുന്നു രാഹുല്‍ മോദിക്കെതിരെ രംഗത്തെത്തിയത്. ” മോശം കലാവസ്ഥയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ പാക് റഡാറില്‍ പതിയില്ലെന്നാണ് മോദി ജീ എയര്‍ഫോഴ്‌സ് ചീഫിനോടും മുതിര്‍ന്ന ഉദ്യോഗസ്ഥരോടും പറഞ്ഞത്. നരേന്ദ്ര മോദി ജീ, ഇന്ത്യയില്‍ എപ്പോഴെല്ലാം മഴ പെയ്യുന്നോ അപ്പോഴൊക്കെ വിമാനങ്ങള്‍ റഡാറില്‍ നിന്നും മാഞ്ഞുപോകാറുണ്ടോ?- എന്നായിരുന്നു രാഹുലിന്റെ പരിഹാസം.

നിങ്ങള്‍ സംസാരിക്കുന്ന കാര്യങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് വല്ല ധാരണയുമുണ്ടോ ? ഈ രാജ്യത്തിന്റെ ചരിത്രത്തെ കുറച്ച് താങ്കള്‍ക്ക് എന്തെങ്കിലും അറിയുമോ? ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ താങ്കളെകൊണ്ട് സാധിച്ചോ?- എന്നും രാഹുല്‍ ചോദിച്ചു.

രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന് ബി.ജെ.പി വിശേഷിപ്പിച്ച ബാലകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു. ന്യൂസ് നേഷന്‍ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോദിയുടെ വെളിപ്പെടുത്തലുകള്‍.

കാര്‍മേഘങ്ങളും കനത്തമഴയും ഉണ്ടായിരുന്നതിനാല്‍ ബാലാക്കോട്ട് വ്യോമാക്രമണവുമായി മുന്നോട്ട് പോകണോ എന്ന് വിദഗ്ധര്‍ പരസ്പരം ചോദിച്ച നിമിഷത്തില്‍ തനിക്കൊരു ആശയം തോന്നിയെന്ന് പറഞ്ഞാണ് മോദി അഭിമുഖത്തിനിടെ ഇത് പറഞ്ഞിരിക്കുന്നത്. ‘മഴ മേഘങ്ങള്‍ ഉള്ളതുകൊണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ പാക് റഡാറിന്റെ കണ്ണില്‍പെടാതെയിരിക്കുമെന്നും ഇത് ഗുണം ചെയ്യുമെന്നും അതിനാല്‍ ആക്രമണവുമായി മുന്നോട്ടുപോകാമെന്നും വ്യോമസേനയോട് പറയുകയായിരുന്നു’- എന്നായിരുന്നു മോദി അഭിമുഖത്തിനിടെ പറഞ്ഞത്.

അഭിമുഖം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ നിരവധി ട്രോളുകളും മീമുകളുമാണ് മോദിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.