മലയാള സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ഒത്തുചേരലാണ് മമ്മൂട്ടിയും മകന്‍ ദുല്‍ഖറും ഒരുമിച്ച് അഭിനയിക്കുന്ന ഒരു സിനിമ.
നിരവധി താരങ്ങള്‍ അവരുടെ മക്കളോടൊപ്പം സ്‌ക്രീനില്‍ വന്നിട്ടുണ്ടെങ്കിലും മമ്മൂട്ടിയെയും ദുല്‍ഖറിനെയും ഒരുമിച്ച് ഒരു സിനിമയില്‍ കാണാനുള്ള ഭാഗ്യം മലയാളികള്‍ക്ക് ഇന്നേവരെ ഉണ്ടായിട്ടില്ല.
എന്നാണ് മമ്മൂട്ടിയുമായി ഒരുമിച്ച് ഒരു ചിത്രം ചെയ്യുക എന്ന ചോദ്യത്തിന് ദുല്‍ഖര്‍ മറുപടി പറഞ്ഞിട്ടുണ്ട്. തനിക്ക് അങ്ങനെ ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ അത് നടക്കുമോ എന്ന് അറിയില്ല എന്നുമാണ് ദുല്‍ഖര്‍ പറഞ്ഞിട്ടുള്ളത്.
‘വാപ്പിച്ചിയോട് നിങ്ങള്‍ ഇതേ ചോദ്യം ചോദിക്കുമ്പോള്‍ കിട്ടുന്ന അതേ മറുപടി തന്നെയാണ് എനിക്കും കിട്ടാറുള്ളത്. അങ്ങനെ ഒരു സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്നാല്‍ അത് നടക്കുമോ എന്ന് അറിയില്ല,’ ദുല്‍ഖര്‍ പറയുന്നു.
എല്ലാവരെയും പോലെ താനും മമ്മൂട്ടി എന്ന നടന്റെ വലിയൊരു ഫാന്‍ ബോയ് ആണ്. അദ്ദേഹത്തിന്റെ സിനിമയില്‍ എവിടെ എങ്കിലും സ്‌ക്രീന്‍ സ്പെയ്സ് കിട്ടിയില്ലെങ്കിലും പ്രശ്‌നം ഇല്ല, അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ താന്‍ അതിന്റെ ഭാഗമാകുമെന്നും ദുല്‍ഖര്‍ പറയുന്നു.
‘നിങ്ങളെ പോലെ വാപ്പിച്ചിയുടെ വലിയൊരു ഫാന്‍ബോയ് ആണ് ഞാന്‍. വാപ്പിച്ചിയുടെ സിനിമയില്‍ സ്‌ക്രീന്‍ സ്പെയ്സ് ഇല്ലെങ്കില്‍ പോലും സൈഡില്‍ നില്‍ക്കാന്‍ ആണെങ്കിലും ഒരു അവസരം കിട്ടിയാല്‍ ഞാന്‍ ആ റോള്‍ ചെയ്യും അത് എനിക്ക് വലിയ സന്തോഷമാകും എന്നാല്‍ അങ്ങനെ ഒരു അവസരം കിട്ടുമോ എന്ന് അറിയില്ല,’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
സീതാരാമം എന്ന തന്റെ ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം കിങ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്റെ അടുത്ത റിലീസ്. ചിത്രത്തിലെ കലാപകാര എന്ന ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. വമ്പന്‍ ഹിറ്റായിരുന്നു ഗാനം.
സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് കിംഗ് ഓഫ് കൊത്ത നിര്‍മിക്കുന്നത്. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടാചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നുണ്ട്. ഓണത്തിനാണ് സിനിമയുടെ റിലീസ്.
നിമീഷ് രവിയാണ് കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം രാജശേഖര്‍, സ്‌ക്രിപ്റ്റ് :അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി ഷെറീഫ്, മേക്കപ്പ് : റോണക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍; ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, മ്യൂസിക് സോണി മ്യൂസിക്, പി.ആര്‍.ഒ പ്രതീഷ് ശേഖര്‍.
Content Highlight: When is Dulquer Salmaan going to do a movie with Mammootty? Here is the answer