കശ്മീര്‍; ഞങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ല; കശ്മീര്‍ മാത്രമല്ല പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമാണ്; ലോക്‌സഭയില്‍ ആക്രോശിച്ച് അമിത് ഷാ
ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ പുതിയ നിയമങ്ങളും വ്യവസ്ഥകളും കൊണ്ടുവരുന്നതില്‍ നിന്നും ആര്‍ക്കും തങ്ങളെ തടയാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിനെക്കുറിച്ച് പറയുമ്പോള്‍ താന്‍ പാക് അധിനിവേശ കശ്മീരിനെ കുറിച്ചും പറയുമെന്നും അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്.
പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് നിങ്ങള്‍ കരുതുന്നില്ലേ? എന്നായിരുന്നു കോണ്‍ഗ്രസിന്റെ അധിര്‍ രഞ്ജന്‍ ചൗധരിയോട് ദേഷ്യത്തോടെ അമിത് ഷാ ചോദിച്ചത്.
നിങ്ങള്‍ പാക് അധീന കശ്മീരിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും നിങ്ങള്‍ എല്ലാ നിയമങ്ങളും ലംഘിക്കുകയും ഒറ്റരാത്രികൊണ്ട് ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുകയും ചെയ്‌തെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞിരുന്നു. ഇതാണ് അമിത് ഷായെ ചൊടിപ്പിച്ചത്.
പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടാവില്ല. എന്നാല്‍ ഞാന്‍ അങ്ങനെയല്ല. ജമ്മു കശ്മീരിനെക്കുറിച്ച് പറയുമ്പോള്‍ ഞാന്‍ പാക് അധിനിവേശ കശ്മീരിനെ കുറിച്ചും പറയും അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട.
കശ്മീരുമായി ബന്ധപ്പെട്ട ഈ രണ്ട് പ്രമേയങ്ങളും നമ്മുടെ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടുമെന്നും അമിത് ഷാ സഭയില്‍ പറഞ്ഞു.
ജമ്മുകശ്മീരില്‍ നിയമങ്ങള്‍ കൊണ്ടുവരാനുള്ള എല്ലാ അവകാശവും പാര്‍ലമെന്റിനുണ്ടെന്നും അമിത് ഷാ പറഞ്ഞു.
ഒറ്റരാത്രി കൊണ്ട് ഭരണഘടനയുടെ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ലോക്സഭയില്‍ പറഞ്ഞിരുന്നു.
‘നിങ്ങള്‍ പാക് അധീന കശ്മീരിനെക്കുറിച്ചാണു ചിന്തിക്കുന്നതെന്ന് എനിക്കു തോന്നുന്നില്ല. ഒറ്റരാത്രികൊണ്ട് ഒരു സംസ്ഥാനം കേന്ദ്രഭരണ പ്രദേശമാക്കുന്നതിനു വേണ്ടി നിങ്ങള്‍ എല്ലാ നിയമങ്ങളും ലംഘിച്ചു.’- എന്നായിരുന്നു ചൗധരി പറഞ്ഞത്.
ലോക്‌സഭയില്‍ ഏറെനേരമായി അമിത് ഷായും ചൗധരിയും തമ്മില്‍ വാക്‌പോര് നടന്നിരുന്നു. ഷായുടെ പ്രസംഗം തടസ്സപ്പെടുത്തി സംസാരിക്കാന്‍ ശ്രമിച്ച ചൗധരിയോട് നിരവധിതവണ സ്പീക്കര്‍ ഓം ബിര്‍ള സീറ്റിലിരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധിര്‍ രജ്ഞന്‍ ചൗധരി തന്റെ നിലപാട് വ്യക്തമാക്കിയ ശേഷമാണ് സീറ്റില്‍ ഇരുന്നത്.
അസാധാരണ നടപടിക്രമങ്ങളിലൂടെയാണ് കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ആണ് കേന്ദ്രം റദ്ദാക്കിയത്. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്.