national news
'ജനന സര്‍ട്ടിഫിക്കറ്റില്ലാത്ത ഞാനെങ്ങനെ എന്റെ അച്ഛന്റെ രേഖകള്‍ ഹാജരാക്കും?'; എന്‍.പി.ആറില്‍ ആശങ്കയുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Mar 08, 12:40 pm
Sunday, 8th March 2020, 6:10 pm

ഹൈദാബാദ്: തനിക്ക് ജനന സര്‍ട്ടിഫിക്കറ്റില്ലെന്ന് വ്യക്തമാക്കി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ദേശീയ ജനസംഖ്യാ രജിസ്റ്ററിലെ പുതിയ രീതികളെക്കുറിച്ച് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തമായി ജനന സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാത്ത താനെങ്ങനെ പിതാവിന്റെ ജനന രേഖകള്‍ ഹാജരാക്കുമെന്നും അദ്ദേഹം ചോദിച്ചു.’എനിക്കും ആശങ്കയുണ്ട്. ഒരു ചെറിയ ഗ്രാമത്തിലാണ് എന്റെ വീട്. അവിടെയാണ് ഞാന്‍ ജനിച്ചത്. അവിടെ ആശുപത്രികളൊന്നുമുണ്ടായിരുന്നില്ല. കുട്ടി ജനിച്ചാല്‍ ഗ്രാമമുഖ്യന്‍ ഒരു ‘ജന്മ നാമ’ രേഖപ്പെടുത്തും. അതിന് ഔദ്യോഗിക അംഗീകാരങ്ങളൊന്നുമില്ല’,അദ്ദേഹം പറഞ്ഞു.

തനിക്കുപോലും ജനന സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാതിരിക്കെ, സംസ്ഥാനത്തെ ദളിതര്‍ക്കും ആദിവാസികള്‍ക്കും ദരിദ്രര്‍ക്കും എങ്ങനെ രേഖകള്‍ തെളിയിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

മതം, ജാതി, വിഭാഗം എന്നിവയൊന്നും കണക്കിലെടുക്കാതെ എല്ലാ പൗരന്മാരെയും തുല്യമായി പരിഗണിക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടത്തിന് വിരുദ്ധമാണ് പൗരത്വ ഭേദഗതി നിയമം. ഒരു പ്രത്യേക മതത്തിലെ ആളുകളെ അകറ്റിനിര്‍ത്തുന്ന നിയമം ഒരു പരിഷ്‌കൃത സമൂഹവും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ഭാവി, ഭരണഘടന തുടങ്ങിയവയുമായി ബന്ധപ്പെട്ടതിനാല്‍ സഭ ഈ വിഷയം സമഗ്രമായി ചര്‍ച്ച ചെയ്യുകയും ശക്തമായ സന്ദേശം രാജ്യത്താകമാനം പ്രചരിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ