കശ്മീരില്‍ കുട്ടികളെ ലക്ഷ്യമിട്ട് രാത്രിയില്‍ സൈന്യത്തിന്റെ റെയ്ഡ്: ഉറങ്ങിക്കിടന്ന 12കാരനെയടക്കം പിടിച്ചുകൊണ്ടുപോയെന്ന് ബന്ധുക്കള്‍
Kashmir Turmoil
കശ്മീരില്‍ കുട്ടികളെ ലക്ഷ്യമിട്ട് രാത്രിയില്‍ സൈന്യത്തിന്റെ റെയ്ഡ്: ഉറങ്ങിക്കിടന്ന 12കാരനെയടക്കം പിടിച്ചുകൊണ്ടുപോയെന്ന് ബന്ധുക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th August 2019, 11:25 am

 

പുല്‍വാമ: കശ്മീരില്‍ രാത്രികാലങ്ങളില്‍വരെ വീടുകളിലെത്തി സുരക്ഷാ സൈന്യം കുട്ടികളടക്കമുള്ളവരെ കസ്റ്റഡിയിലെടുക്കുന്നതായി റിപ്പോര്‍ട്ട്. എഫ്.ഐ.ആറോ എന്തെങ്കിലും കുറ്റങ്ങള്‍ നിരത്തിയോ അല്ല കസ്റ്റഡിയില്‍ എടുക്കുന്നതെന്നാണ് തടവില്‍ കഴിയുന്നവരുടെ ബന്ധുക്കളെ ഉദ്ധരിച്ച് ദ സ്‌ക്രോള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

പകുതി ദിവസങ്ങള്‍ മുതല്‍ ആഴ്ചകളായി തടവില്‍ കഴിയേണ്ടി വരുന്നവരുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കസ്റ്റഡിയിലെടുക്കപ്പെട്ടവരില്‍ ഒരു വലിയ വിഭാഗം പ്രായപൂര്‍ത്തിയാകാത്തവരാണ്.

രാത്രി വീടിന്റെ വാതില്‍ മുട്ടി തുറക്കാന്‍ ആവശ്യപ്പെടുകയും ഉറങ്ങിക്കിടക്കുന്നവരെ പിടിച്ചുകൊണ്ടുപോകുകയുമാണ് ചെയ്യുന്നതെന്നാണ് ശ്രീഗനര്‍ ബുച്‌പോര മേഖലയിലെ ഉമര്‍ഹെയറിലെ ഗുലാം അഹമ്മദ് ധര്‍ പറയുന്നത്. ആഗസ്റ്റ് 18-19 രാത്രിയില്‍ വാതില്‍ മുട്ടുന്നതിന്റെ ശബ്ദം കേട്ടാണ് അദ്ദേഹവും കുടുംബവും ഉണര്‍ന്നത്. യൂണിഫോമിട്ട ചിലര്‍ പുറത്ത് കാത്തിരിക്കുകയായിരുന്നു.

‘അവര്‍ നേരത്തെ തന്നെ കോമ്പൗണ്ടില്‍ ഉണ്ടായിരുന്നു.’ 74 കാരനായ ഗുലാം അഹമ്മദ് പറയുന്നു. ‘വാതില്‍ തുറന്നപ്പോള്‍ അവര്‍ കൊച്ചുമകന്‍ ഉമര്‍ എവിടെയെന്ന് ചോദിച്ചു’ അദ്ദേഹം വിശദീകരിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൊലീസും സി.ആര്‍.പി.എഫും, സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സും, ജമ്മുകശ്മീര്‍ പൊലീസിന്റെ കൗണ്ടര്‍ഇന്‍സര്‍ജന്‍സി വിങ്ങും വീടിനകത്തേക്ക് കയറി. ഒന്നാം നിലയിലുള്ള ഉമറിന്റെ മുറിയുടെ വാതില്‍ തള്ളിത്തുറന്നു. ‘ഉമറും സുഹൃത്ത് ആസിഫും മുറിയില്‍ ഉറങ്ങുകയായിരുന്നു. അവരെ കിടക്കയില്‍ നിന്നും പുറത്തേക്ക് വലിച്ചിഴച്ച് മര്‍ദ്ദിച്ചു. ഷോട്ട്‌സ് മാത്രമായിരുന്നു ഉമര്‍ ധരിച്ചിരുന്നു. അതേ നിലയില്‍ അവര്‍ അവനെ കൊണ്ടുപോയി.’ അദ്ദേഹം പറയുന്നു.

18 വയസായ ഉമറിനെയും അസിഫ് അഹമ്മദ് നജാറിനേയും കൊണ്ടുപോകുന്ന വഴിയില്‍ ഉമറിന്റെ അനുജനേയും പൊലീസ് എടുത്തുകൊണ്ടുപോയി. അവന് 12 വയസ് മാത്രമേയുള്ളൂവെന്നാണ് ഇവര്‍ പറയുന്നത്.

സുരക്ഷാ സേന കുട്ടികളെ കൊണ്ടുപോകുന്നത് ഉമറിന്റെ പിതാവ് മന്‍സൂര്‍ ധര്‍ തടഞ്ഞപ്പോള്‍ അദ്ദേഹത്തിനെയും സൈന്യം മര്‍ദ്ദിക്കുകയായിരുന്നു. ‘ അവന്റെ കാലിന് പരുക്കുണ്ട്. പിറ്റേദിവസം അവന്‍ ആശുപത്രിയിലായിരുന്നു.’ ഗുലാം ധര്‍ പറയുന്നു.

സുരക്ഷാ സേന വീട് വിട്ടു പോയപ്പോള്‍ വീട്ടിലുള്ള എല്ലാവരും അവരുടെ പിറകേ ഓടി. ‘ കുട്ടികളെ വെറുതെ വിടണമെന്ന് അപേക്ഷിച്ചു. പഞ്ചായത്ത് കെട്ടിടത്തിനരികില്‍ എത്തുന്നതുവരെ അവര്‍ പിന്തുടര്‍ന്നു. പിന്നീട് അവര്‍ ഞങ്ങള്‍ക്കുനേരെ കണ്ണീര്‍വാതകവും ഷെല്ലുകളും പ്രയോഗിക്കാന്‍ തുടങ്ങി.’ കുട്ടികളുടെ ഉമ്മൂമ്മ സൂന ബീഗം പറഞ്ഞു.

ആഗസ്റ്റ് 19ന് വൈകുന്നേരം വരെ സൂറ പൊലീസ് സ്റ്റേഷനില്‍ പിടിച്ചിട്ട കുട്ടികളെ കാണാന്‍ ബന്ധുക്കളെ അനുവദിച്ചിരുന്നില്ല. കുട്ടികള്‍ക്കെതിരെ എന്തു കുറ്റമാണുണ്ടായതെന്ന് തങ്ങളോട് പറഞ്ഞിട്ടില്ലെന്നും എഫ്.ഐ.ആര്‍ ഇട്ടിട്ടില്ലെന്നും ബന്ധുക്കള്‍ പറയുന്നു. അറസ്റ്റു ചെയ്ത് കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ 12 വയസുകാരനെ വിട്ടയച്ചു. മുത്തവര്‍ ഇപ്പോഴും ജയിലില്‍ തന്നെയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രത്യേക പദവി എടുത്തുമാറ്റിയ തീരുമാനത്തിനെതിരെ സ്ഥിരമായി പ്രതിഷേധം നടക്കുന്ന ആങ്കറില്‍ നിന്നും വളരെ അടുത്താണ് ബോജ്പുര. കസ്റ്റഡിയിലെടുക്കുന്നതിനു മുമ്പ് അവിടെ കല്ലേറൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പക്ഷേ സായുധസേനാംഗങ്ങള്‍ കടക്കുന്നതിന് ബാരിക്കേഡ് അവിടേക്കുള്ള റോഡില്‍ ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു.

ആഗസ്റ്റ് 18-19 രാത്രിയാണ് സൈന്യം ബോജ്പുരയിലേക്ക് കടന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. രാത്രി പല വീടുകളുടെയും വാതിലില്‍ മുട്ടി യുവാക്കളെ കൊണ്ടുപോയെന്നും ഇവര്‍ പറയുന്നു. അന്ന് രാത്രി കുറഞ്ഞത് പത്തു യുവാക്കളെയെങ്കിലും കൊണ്ടുപോയിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്.