ശ്രീനഗര്‍: കശ്മീരില്‍ പൊലീസ് അന്വേഷിച്ചെത്തിയവരെ കിട്ടിയില്ലെങ്കില്‍ അവരുടെ അച്ഛനെയോ സഹോദരങ്ങളെയോ പിടിച്ചുകൊണ്ടുപോകുന്നതായി റിപ്പോര്‍ട്ട്. തെക്കന്‍ ശ്രീഗനറില്‍ നിന്നും കുറച്ചു കിലോമീറ്ററുകള്‍ അപ്പുറമുള്ള പാമ്പൂര്‍ നിവാസികളുടെ അനുഭവങ്ങളിലൂടെ ദ സ്‌ക്രോളാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്യുന്നത്.
‘ആഗസ്റ്റ് 13ന് രാത്രി ഏതാണ്ട് പത്ത് പതിനൊന്ന് മണിയോടെ ഞങ്ങളുടെ ജാലകത്തില്‍ മുട്ടുന്നതുകേട്ടു. അത് സി.ആര്‍.പി.എഫും പൊലീസുമായിരുന്നു. കാര്യമെന്താണെന്നറിയാന്‍ ഞങ്ങള്‍ പുറത്തിറങ്ങി. ഞാനും അമ്മയും അച്ഛനുമായിരുന്നു അവിടെയുണ്ടായിരുന്നത്.’ പാമ്പൂരിലെ ഫ്രസ്റ്റബാല്‍ നിവാസിയായ പെണ്‍കുട്ടി പറയുന്നു.
അവളുടെ 18കാരനായ സഹോദരനെ തേടിയായിരുന്നു അവര്‍ വന്നത്. പക്ഷേ അവന്‍ അവിടെയുണ്ടായിരുന്നില്ല. ‘ അതിനാല്‍ അവര്‍ പപ്പയെ കൊണ്ടുപോയി.’ അവള്‍ പറയുന്നു. ‘ഞങ്ങള്‍ക്ക് അധികം എതിര്‍ക്കാന്‍ കഴിഞ്ഞില്ല.’
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ആഗസ്റ്റ് അഞ്ചിനുശേഷം ഇതാദ്യമായല്ല 45 കാരനായ അദ്ദേഹത്തെ പൊലീസ് കൊണ്ടുപോകുന്നത്. ‘ ആഗസ്റ്റ് ഒമ്പതിന് അവര്‍ അദ്ദേഹത്തെ കൊണ്ടുപോയി ഒരു ദിവസം കസ്റ്റഡിയിലിട്ടിരുന്നു. ഈദിന് മുമ്പാണ് പോകാന്‍ അനുവദിച്ചത്.’ പെണ്‍കുട്ടി പറയുന്നു.
ഓരോ തവണയും അറസ്റ്റിന്റെ കാരണം ചോദിക്കുമ്പോള്‍ ആ പതിനെട്ടുകാരനെ കൊണ്ടുവരൂവെന്ന മറുപടിയാണ് പൊലീസ് നല്‍കുന്നതെന്നാണ് ഇവര്‍ പറയുന്നത്.