| Friday, 17th March 2023, 8:47 am

'രാജ്യത്തിനായി ഒരു കിരീടം കൂടി നേടിക്കൊണ്ട് വിരമിക്കും'; റൊണാള്‍ഡോയുടെ റിട്ടയര്‍മെന്റ് പദ്ധതികള്‍; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് തിരശീലയിട്ട് കൊണ്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയ താരമാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ആരാധകരെ അമ്പരപ്പിച്ച് കൊണ്ടായിരുന്നു താരത്തിന്റെ ക്ലബ്ബ് മാറ്റം. കരിയറില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ റോണോക്ക് ലോകചാമ്പ്യനാകാന്‍ മാത്രം സാധിച്ചില്ല.

ഇക്കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തന്നെ പോര്‍ച്ചുഗലിന് പുറത്താകേണ്ടി വന്നതോടെ താരം ദേശീയ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്നായിരുന്നു പലരും കരുതിയിരുന്നത്. പ്രായം 38 കടന്നിട്ടും റൊണാള്‍ഡോ രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിക്കാതിരിക്കുന്നത് ചിലരില്‍ അതിശയമുണ്ടാക്കുകയും ചെയ്തിരുന്നു. താരത്തിന്റെ വിരമിക്കല്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

2024 യൂറോ ടൂര്‍ണമന്റില്‍ കളിക്കണമെന്നാണ് റോണോയുടെ ആഗ്രഹമെന്നും അതിന് ശേഷം മാത്രമെ താരം ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയുള്ളൂ എന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2024ല്‍ രാജ്യത്തിന് ഇന്റര്‍നാഷണല്‍ ട്രോഫി നേടിക്കൊടുത്തുകൊണ്ട് വിരമിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് താരം പറഞ്ഞിട്ടുള്ളതായും റിപ്പോര്‍ട്ടിലുണ്ട്.

2016ലെ യൂറോ കപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് കൊണ്ട് കിരീടം നേടിയതാണ് റൊണാള്‍ഡോയുടെ അന്താരാഷ്ട്ര കരിയറിലെ നാഴികക്കല്ല്. ഈ വിജയം പോര്‍ച്ചുഗലിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ പ്രധാന ട്രോഫിയായിരുന്നു. ടീമിനെ അത്തരത്തിലൊരു നേട്ടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതാകട്ടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും.

തുടര്‍ന്നും താരം ദേശീയ ജേഴ്‌സിയില്‍ നിരവധി നേട്ടങ്ങള്‍ വാരിക്കൂട്ടി. കളിക്കത്തില്‍ റോണോയുടെ സാന്നിധ്യം എതിരാളികള്‍ക്ക് ആശങ്കയുണ്ടാക്കുമായിരുന്നു. എന്നിരുന്നാലും രാജ്യത്തിനായി ഒരു ലോകകപ്പ് ട്രോഫി ഉയര്‍ത്താന്‍ സാധിക്കാത്തത് റൊണാള്‍ഡോയെ പോലൊരു താരത്തിന് വലിയ നിരാശയുണ്ടാക്കു കാര്യമാണെന്നതില്‍ സംശയമില്ല.

പ്രായം തടസമാകുമെന്നതിനാല്‍ ഇനിയൊരു ലോകകപ്പ് കളിക്കാന്‍ റൊണാള്‍ഡോക്ക് അവസരമുണ്ടാകില്ലെങ്കിലും വിരമിക്കുന്നതിന് മുമ്പ് ഒരു അന്താരാഷ്ട്ര ടൈറ്റില്‍ കൂടി തന്റെ രാജ്യത്തിനായി ഉയര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

Content Highlights: When does Cristiano Ronaldo retire from International Football, report

We use cookies to give you the best possible experience. Learn more