ഇ.എ ജബ്ബാറും എം.എം അക്ബറും തമ്മില്‍ നടന്ന ‘യുക്തിവാദ / ഇസ്ലാം’ സംവാദം നമ്മുടെ ജനാധിപത്യത്തിന്റെ ഉള്ളടക്കത്തില്‍ ഇപ്പോഴും പ്രതീക്ഷ പുലര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ്. സി. രവിചന്ദ്രനെ പോലെ സവര്‍ണ യുക്തിവാദികള്‍ എല്ലാ മതാത്മക സംവാദങ്ങളെയും കാവിയാത്മക പരിഹാസച്ചിരിയോടെ കാണുമ്പോള്‍, യുക്തിവാദിയും മതവിശ്വാസിയും ഒരേ വേദിയിലിരിക്കുന്നതില്‍ പോലും അറിവിന്റെ ചില ആകാംക്ഷകള്‍ അറിയാതെ വിതരണം ചെയ്യപ്പെടുന്നുണ്ട്.
കടലിന്റെ അടിത്തട്ടിനെക്കുറിച്ചു പറയുമ്പോള്‍ ‘ഇരുട്ടിനു മേല്‍ ഇരുട്ട്’ എന്ന കാവ്യാത്മകമായ ഖുര്‍ആന്‍ വരിയില്‍ ഒരു നിമിഷമെങ്കിലും ഏതു മതരഹിതനും സ്വയം നഷ്ടപ്പെടാതിരിക്കില്ല. സൂഫികളെ പ്രചോദിപ്പിക്കാറുള്ള ‘വെളിച്ചത്തിനു മേല്‍ വെളിച്ചം’ എന്ന പ്രകാശത്തിന്റെ കാവ്യപ്രകാശനവും ഖുര്‍ആനില്‍ കേള്‍ക്കാം. എങ്കിലും, ആ സംവാദത്തിന്റെ ജനാധിപത്യ വേദിയെ ആദരിക്കുമ്പോള്‍ തന്നെ ഉറപ്പിച്ചു പറയാവുന്ന ഒരു സംഗതി ഇത്രയുമാണ്: സംവാദം ആരംഭിക്കുമ്പോള്‍ മതം അവസാനിക്കുന്നു. സംവാദത്തിലൂടെ മാറ്റുരച്ചു തെളിയിക്കാവുന്ന ശാസ്ത്രമല്ല, ഒരു മതവും.
ഇ.എ ജബ്ബാര്‍
അനുരാഗത്തെക്കുറിച്ച് തസ്ബീഹ് മാലയിലെ തിളങ്ങുന്ന മുത്തുമണികള്‍ പോലെയുള്ള ഭാഷയില്‍ എഴുതിയ, പ്രണയിനികളുടെ നിത്യപ്രചോദകന്‍ റൂമി, നമസ്‌കാര സമയമാകുമ്പോള്‍ ഉടനടി ഖിബ്‌ലയിലേക്ക് തിരിഞ്ഞിരിക്കുമായിരുന്നു. ഒരിക്കല്‍ രാത്രി (ഇശാ) നമസ്‌കാര ശേഷം കൈ കെട്ടി റണ്ട് റക്അത്തില്‍ സുബഹ് വരെ (പുലര്‍കാല നിസ്‌കാരം) നിസ്‌കാരത്തില്‍ മുഴുകിയിരുന്നു റൂമി.
‘സ്‌നേഹം പാപമാണെങ്കില്‍ എത്ര വിശുദ്ധമായ പാപം’ എന്നെഴുതിയത് കടുത്ത ദൈവഭക്തനും മുസ്‌ലിമുമായ ജലാലുദ്ദീന്‍ റൂമിയാണ്. അപ്പോള്‍ ദൈവാസ്തിത്വം ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിക്കുന്ന വിഷയമേയല്ല. ‘ബുദ്ധിപൂജ’യും ‘ദൈവപൂജയും’ രണ്ടു വിശ്വാസ സംഹിതകളാണ്. ഒന്ന് മറ്റൊന്നില്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യുന്നില്ല. ഇനി, ഒരു സംവാദത്തില്‍ മേല്‍ക്കൈ നേടാന്‍ സാധ്യത യുക്തിവാദത്തിനു മാത്രമാണ്. ഇരുട്ടിനെയും വെളിച്ചത്തെയും വിശദീകരിക്കാന്‍ ശാസ്ത്രത്തിന് സാധിക്കും.
എം.എം. അക്ബര്‍
പണ്ട് മാടായിയിലെ നാട്ടിന്‍ പുറത്തുകാരനായ ഒരു മുക്രിയോട് (പള്ളി പരികര്‍മ്മിയായ സാധാരണ മൗലവി) ഒരു മതരഹിതനായ മുസ്‌ലിം ചോദിച്ചു: മുക്രി, പടച്ചോനുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കാമോ? ‘
മുക്രി രാത്രിയില്‍ അയാളോട് പള്ളിയില്‍ വരാന്‍ പറഞ്ഞു. മതരഹിതനായ മുസ്‌ലിം (പേരിലും വേഷത്തിലും അയാള്‍ മുസ്‌ലിം സ്വത്വ ധാരിയായിരുന്നു) മഗ്‌രിബ് നമസ്‌കാരം കഴിഞ്ഞ നേരം നോക്കി പള്ളിയിലെത്തി. വൈദ്യുതി ഇല്ലാത്ത കാലമാണ്. തൈപ്പറമ്പുകള്‍ക്കിടയില്‍, വന്യമായ വിജനതയുള്ള സ്ഥലത്താണ് പളളി. പള്ളിയില്‍ കയറിയ യുക്തിവാദിയോട് ആ നാട്ടുപുരോഹിതന്‍ പറഞ്ഞു: ‘ചിമ്മിനി വിളക്ക് ശാസ്ത്രവും ഈ ഖുര്‍ആന്‍ പടച്ചോന്റെ വരികളുമാണ്. ഖുര്‍ആന്‍ വെളിച്ചത്തിലോതുക!’ ഇതിലും സത്യസന്ധമായി ശാസ്ത്രത്തെയും വിശ്വാസത്തെയും ദൈവത്തെയും രേഖപ്പെടുത്താന്‍ ആര്‍ക്ക് സാധിക്കും!
ഞങ്ങളുടെ നാട്ടില്‍, പുരയുടെ മൂന്നു പറമ്പുകള്‍ക്കപ്പുറം ഒരു മൊയ്തുക്ക ജീവിച്ചിരുന്നു. ബാല്യത്തിലെ ഓര്‍മകളില്‍ മൊയ്തുക്ക ഇപ്പോഴുമുണ്ട്. ഒരു ദലിത് ഹിന്ദു സ്ത്രീയായിരുന്നു, മൊയ്തുക്കയുടെ ഭാര്യ. മീന്‍ വില്‍പനയായിരുന്നു മൊയ്തൂക്കയുടെ ജോലി. കഠിനദ്ധ്വാനിയും അസാധാരണ പേശീബലവുമുള്ള ആ മനുഷ്യനില്‍ നിന്നാണ് ഞങ്ങളൊക്കെ മീന്‍ വാങ്ങിയിരുന്നത്.
മൊയ്തുക്കയും ഭാര്യയും അഗാധമായ പ്രണയത്തോടെ ജീവിച്ചു. അവരുടെ ജീവിതത്തില്‍ സമൂഹമോ സമുദായമോ ഇടങ്കോലിട്ടില്ല. മൊയ്തുക്ക മരിച്ചപ്പോള്‍ പയ്യാമ്പലത്ത് സംസ്‌കരിച്ചു. അന്ന് മാടായിയിലെ മദ്രസയില്‍ ചെറിയ ക്ലാസുകളില്‍ പോയ്‌ക്കൊണ്ടിരുന്ന ഞങ്ങള്‍ ‘മുസ്‌ലിം കുട്ടികള്‍’ പരസ്പരം ചോദിച്ചു: മൊയ്തുക്ക സ്വര്‍ഗത്തിലോ നരകത്തിലോ?’
ഇപ്പോള്‍ അതിനുത്തരമുണ്ട്. റൂമിയെ വായിച്ചപ്പോള്‍ ഉത്തരം കിട്ടി. ദൈവത്തിന്റെ ഏറ്റവും പ്രിയപ്പെട്ടവന്‍ മൊയ്തുക്കയായിരിക്കും. മതരഹിതമായ, വിശുദ്ധമായ സ്‌നേഹം തന്റെ ഇണയെ അനുഭവിപ്പിച്ച മൊയ്തുക്ക. സ്‌നേഹം പാപമാണെങ്കില്‍ അത് എത്ര വിശുദ്ധമായ പാപം എന്ന് സമൂഹത്തെ നോക്കി നിശബ്ദനായി പറഞ്ഞ മനുഷ്യന്‍.
താഹ മാടായിയുടെ മറ്റ് ലേഖനങ്ങള്‍ ഇവിടെ വായിക്കാം
സംവാദം തുടങ്ങുമ്പോള്‍ മതം അവസാനിക്കുന്നു എന്നു പറയുന്നത് അതു കൊണ്ടാണ്. മതം വിശ്വാസിയുടെ അനുഭൂതിയാണ്. ‘വെളിച്ചത്തില്‍ മനുഷ്യരെ കാണാന്‍’ യുക്തിവാദികള്‍ക്കും വിശ്വാസികള്‍ക്കും സാധിക്കട്ടെ എന്നു മാത്രമേ നമുക്കാഗ്രഹിക്കാന്‍ കഴിയൂ.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: When debate starts religion ends – Thaha Madayi Writes