മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. റിലീസ് ചെയ്തത് മുതല്‍ ഒട്ടനവധി വിമര്‍ശനങ്ങളാണ് സിനിമക്കെതിരെ ഉണ്ടായത്.
പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കി വന്നൊരു ചിത്രമായതുകൊണ്ട് കൂടിയാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നതും.
തിരക്കഥയിലേയും അഭിനയത്തിലേയും പാകപിഴവുകള്‍ ചൂണ്ടി കാട്ടിയാണ് സിനിമാപ്രേമികള്‍ ചിത്രത്തിനെതിരെ എത്തിയത്. മോഹന്‍ലാലിന്റെ അഭിനയത്തിന് അടക്കം മോശം അഭിപ്രായമാണ് ലഭിച്ചത്.
സിനിമയെ കുറിച്ച് ഒന്നും അറിയാത്തവരാണ് സിനിമയെ കുറ്റം പറയുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു.
‘സിനിമയെ കുറിച്ച് ഒന്നും അറിയാത്തവരാണ് അതിനെ പറ്റി സംസാരിക്കുന്നത്. എഡിറ്റിംഗ് മോശമാണെന്ന് പറയുമ്പോള്‍ എഡിറ്റിംഗിനെ കുറിച്ച് എന്തെങ്കിലും അറിയാവുന്ന ഒരാളാവണം. സിനിമയെ ക്രിട്ടിസൈസ് ചെയ്യുമ്പോള്‍ അതിനെകുറിച്ച് എന്തെങ്കിലുമൊരു ധാരണ വേണം,’ അദ്ദേഹം പറഞ്ഞു.
തെലുങ്ക് സിനിമകളെ അവിടെയുള്ളവര്‍ എന്നും പ്രോത്സാഹിപ്പിക്കാറെയുള്ളൂവെന്നും അവിടെയുള്ളവര്‍ റിലീസ് ചെയ്യുന്ന സിനിമകളെ കുറിച്ച് ഒരിക്കലും മോശമായി എഴുതുകയോ പറയുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
”തെലുങ്ക് സിനിമകളെ അവിടെയുള്ളവര്‍ എന്നും പ്രോത്സാഹിപ്പിക്കാറെയുള്ളൂ. അവിടെയുള്ളവര്‍ റിലീസ് ചെയ്യുന്ന സിനിമകളെ കുറിച്ച് ഒരിക്കലും മോശമായി എഴുതുകയോ പറയുകയോ ചെയ്യുന്നില്ല. അത് അവര്‍ക്ക് സിനിമ മേഖലയോടും അവിടെ പ്രവര്‍ത്തിക്കുന്നവരോടും ബഹുമാനമുള്ളത് കൊണ്ടാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.
എന്നാല്‍ മലയാളത്തില്‍ അങ്ങനെയാണോ എന്ന് ചോദിച്ചാല്‍ അറിയില്ലെന്ന് പറഞ്ഞ് ചിരിക്കുകയാണ് മോഹന്‍ലാല്‍ ചെയ്തത്.
മോഹന്‍ലാലിന്റെ വാക്കുകള്‍ വൈറലായതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. മോശം കണ്ടാല്‍ മോശം എന്ന് അല്ലാതെ എങ്ങനെ നല്ലതാണ് എന്ന് പറയും എന്നൊക്കെയുള്ള കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്.
തെന്നിന്ത്യയിലെ തന്നെ ഒട്ടനവധി പ്രമുഖ താരങ്ങള്‍ അഭിനയിച്ച സിനിമ കൂടിയായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ സെറ്റിട്ടായിരുന്നു സിനിമ ചിത്രീകരിച്ചത്. നൂറ് കോടി ആയിരുന്നു ചിത്രത്തിന്റെ മുതല്‍ മുടക്ക്. മോഹന്‍ലാലിന്റെ ചെറുപ്പകാലം സിനിമയില്‍ അവതരിപ്പിച്ചത് മകന്‍ പ്രണവ് ആയിരുന്നു. കൂടാതെ കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, അര്‍ജുന്‍, പ്രഭു, സിദ്ദിഖ്, നെടുമുടി വേണു, മഞ്ജു വാര്യര്‍, സുഹാസിനി, മുകേഷ്, ഇന്നസെന്റ് തുടങ്ങി വലിയൊരു താരനിരയും സിനിമയില്‍ അഭിനയിച്ചിരുന്നു.
മരക്കാറിന് ശേഷം റിലീസിനെത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ബ്രോ ഡാഡി. മോഹന്‍ലാലും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളായ സിനിമ ഫാമിലി എന്റര്‍ടെയ്‌നറായിരുന്നു. ഒ.ടി.ടി റിലീസായിരുന്ന സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍ ആയിരുന്നു നായിക. പൃഥ്വിരാജിന്റെ രണ്ടാമത്തെ സംവിധാന സംരംഭം കൂടിയായിരുന്നു ബ്രോ ഡാഡി. മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ആറാട്ടും റിലീസിനൊരുങ്ങുകയാണ്. ഫെബ്രുവരി 18ന് ആണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ പോകുന്നത്. എന്റര്‍ടെയ്‌നര്‍ ചിത്രമായിരിക്കും ആറാട്ടെന്നാണ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.
നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് ആറാട്ടില്‍ മോഹന്‍ലാല്‍ എത്തുന്നത്. കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമയില്‍ മികച്ച ആക്ഷന്‍ രംഗങ്ങളുമുണ്ട്. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്.
ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും ശ്രദ്ധ നേടിയിട്ടുണ്ട്. ശ്രദ്ധ ശ്രീനാഥാണ് നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Content Highlights: When criticizing a film, one needs to have some idea about it: Mohanlal