ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്ന പശു രാഷ്ട്രീയം ദക്ഷിണേന്ത്യയിലുമെത്തുമ്പോള്‍
Discourse
ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്ന പശു രാഷ്ട്രീയം ദക്ഷിണേന്ത്യയിലുമെത്തുമ്പോള്‍
ഷഫീഖ് താമരശ്ശേരി
Saturday, 12th December 2020, 2:17 pm

2014ന് ശേഷം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സാമൂഹിക രാഷ്ട്രീയ കാലാവസ്ഥകളെ ഏറെ അക്രമോത്സുകമാക്കി മാറ്റിയ പശുരാഷ്ട്രീയം ദക്ഷിണേന്ത്യയിലേക്കും കടന്നുവരികയാണ്. രാജ്യത്തെ ദളിതരും മുസ്ലിങ്ങളുമടങ്ങുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ സംഘപരിവാര്‍ ഫാസിസത്തിന്റെ അക്രമോത്സുകതയ്ക്ക് നേരിട്ട് ഇരകളാക്കി മാറ്റിയ ഗോവധ നിരോധനം ബി.ജെ.പി ഭരിക്കുന്ന ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണാടകയിലും നിയമമായി മാറിയിരിക്കുന്നു.

കര്‍ണാടകയിലെ ബി.ജെ.പിയുടെ വര്‍ഷങ്ങളായുള്ള ശ്രമമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. 2010ല്‍ അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ പാസാക്കിയ ഗോവധ നിരോധന നിയമത്തിന് ഗവര്‍ണര്‍ അനുമതി നല്‍കാതിരിക്കുകയായിരുന്നു. 2013ല്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അത് റദ്ദാക്കുകയും ചെയ്തു. എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം നിയമത്തിന്റെ തീവ്രത കൂടുതല്‍ കടുപ്പിച്ച് ശിക്ഷാ നടപടികള്‍ വര്‍ധിപ്പിച്ച് കശാപ്പ് നിരോധന കാലി സംരക്ഷണ ബില്‍ പാസാക്കിയെടുത്തിരിക്കുകയാണ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍.

2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം വിവിധ സംസ്ഥാനങ്ങളില്‍ ഗോവധ നിരോധന നിയമം ശക്തമാവുകയും ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ ഗോ സംരക്ഷകര്‍ സജീവമാവുകയും ചെയ്തതോടെ കൊലപാതകങ്ങളും ആള്‍ക്കൂട്ട ആക്രമണങ്ങളുമടക്കം ക്രൂരമായ അനേകം സംഭവങ്ങളാണ് രാജ്യത്ത് നടന്നത്.

ദാദ്രിയിലെ അഖ്ലാഖ്, ഹരിയാനയിലെ ജുനൈദ്, ഝാര്‍ഖണ്ഡിലെ പെഹ്ലുഖാന്‍ തുടങ്ങി അനേകം പേര്‍ക്ക് സംഘപരിവാര്‍ ആള്‍ക്കൂട്ടങ്ങളുടെ ക്രൂരമായ മര്‍ദനങ്ങളെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായി. ഗുജറാത്തിലെ ഉനയിലടക്കം അനേകം യുവാക്കള്‍ക്ക് അതിഭീകരമായി മര്‍ദനങ്ങളേല്‍ക്കേണ്ടി വന്നു. ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഗോസംരക്ഷരകെന്ന പേരില്‍ സംഘപരിവാര്‍ ഗുണ്ടകള്‍ അഴിഞ്ഞാട്ടം നടത്തി. ജീവിക്കാന്‍ വേണ്ടി തൊഴിലെടുക്കുന്ന ന്യൂനപക്ഷങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. അവരെക്കൊണ്ട് ജയ്ശ്രീറാം വിളിപ്പിച്ചു. അനുസരിക്കാത്തവരെ തെരുവിലിട്ട് തല്ലിച്ചതച്ചു. കൊലപാതകങ്ങളിലും അക്രമങ്ങളിലും പ്രതികളായ സംഘപരിവാര്‍ തീവ്രവാദികള്‍ക്ക് ബി.ജെ.പി പരസ്യമായി പിന്തുണ നല്‍കി. അവരെ മാലയിട്ടു സ്വീകരിച്ചു. തെരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിച്ച് ജനപ്രതിനിധികളാക്കി.


ഗോവധനിരോധന നിയമത്തിന്റെ പിന്‍ബലം ഹിന്ദുത്വ തീവ്രവാദികള്‍ക്ക് നല്‍കിയ ധൈര്യം കൂടിയാണ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെയും നഗരങ്ങളെയും ഇത്രമേല്‍ അക്രമോത്സുകവും ഭീതി നിറഞ്ഞതുമാക്കി മാറ്റിയത്. അതിനാല്‍ നിയമം ദക്ഷിണേന്ത്യയിലേക്ക് കൂടി കടന്നുവരുന്നതിനെ നാം ഭയക്കേണ്ടിയിരിക്കുന്നു. ഗോവധം നടക്കുന്നത് തടയാന്‍ വ്യക്തിപരമായി ഒരാള്‍ ശ്രമിക്കുന്നത് കുറ്റകരമല്ല എന്നാണ് നിയമത്തില്‍ പറയുന്നത്.

അതായത് ഇതുവരെ പശുസംരക്ഷണമെന്ന പേരില്‍ നടന്ന ആള്‍ക്കൂട്ടാക്രമണങ്ങളും കൊലപാതകവും നിയമവിരുദ്ധവും കേസെടുക്കാനുള്ള വകുപ്പുകളും ഉണ്ടായിരുന്നു എന്ന സ്ഥിതി പാടേ മാറുകയാണ്. ഫലത്തില്‍ ഇത് ഗോരക്ഷകരെന്ന പേരില്‍ ഹിന്ദുത്വ തീവ്രവാദികള്‍ക്ക് അക്രമങ്ങള്‍ അഴിച്ചുവിടുന്നതിനുള്ള നിയമപിന്തുണയാകുമെന്നതില്‍ തര്‍ക്കമില്ല. തെരുവില്‍ വെച്ചോ വീട്ടില്‍ കയറിയോ ഗോരക്ഷക ഗുണ്ടകള്‍ക്ക് ആരെയും ആക്രമിക്കാം കൊലപ്പെടുത്താം, ആര് ചോദ്യങ്ങളുന്നയിച്ചാലും പശുവിനെ സംരക്ഷിക്കാനായിരുന്നു എന്ന് പറഞ്ഞാല്‍ മാത്രം മതി.

ജനദ്രോഹ നിയമങ്ങള്‍ പാസാക്കിയെടുക്കുന്നതിന് ബി.ജെ.പി രാജ്യമൊട്ടാകെ സ്വീകരിച്ചുവരുന്ന അതേ മാതൃക തന്നെയാണ് കര്‍ണാടകയിലും പിന്തുടര്‍ന്നത്. നിയമസഭയില്‍ ചര്‍ച്ചചെയ്യാതെ, സഭാംഗങ്ങള്‍ക്ക് ഒരു തവണ വായിച്ചുനോക്കാന്‍ പോലും അവസരം നല്‍കാതെയാണ് ഈ ബില്ലും പാസ്സാക്കിയത്. സഭയില്‍ ബില്‍ പാസ്സാക്കപ്പെടുമ്പോള്‍ പുറത്ത് ജയ് വിളിച്ചും ഗോപൂജ നടത്തിയും ഹര്‍ഷാരവം മുഴക്കിയ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പ്രകടനം കര്‍ണാടകയില്‍ വരാന്‍ പോകുന്ന നാളുകളില്‍ എന്തു സംഭവിക്കുമെന്നതിന്റെ സൂചന കൂടിയാവുകയാണ്.

സഭയില്‍ ബില്‍ പാസായി നിയമമായി മാറുന്നതിന് മുമ്പുതന്നെ കര്‍ണാടകയിലെ ഭക്ഷണശാലകളുടെ മെനുവില്‍നിന്ന് ബീഫ് വിഭവങ്ങള്‍ അപ്രത്യക്ഷമായിട്ടുണ്ട്. തങ്ങള്‍ എന്ത് ഭക്ഷണം കഴിക്കണമെന്ന സാധാരണക്കാരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുക മാത്രമല്ല ഇവിടെ സംഭവിക്കുന്നത്. കര്‍ണാടകയിലെ ആയിരക്കണക്കിന് കന്നുകാലി കര്‍ഷകരെയും മാംസ വില്‍പ്പനയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്ന കച്ചവടക്കാരെയും തൊഴിലാളികളെയും കൂടിയാണ് നിയമം ബാധിക്കാന്‍ പോകുന്നത്. തെന്നിന്ത്യയിലെ ഏറ്റവും സുപ്രധാനമായ കാലിച്ചന്തകള്‍ ഉള്‍ക്കൊള്ളുന്ന കര്‍ണാടകയില്‍ ആയിരക്കണക്കിന് മനുഷ്യര്‍ക്ക് അവരുടെ ഉപജീവനമാര്‍ഗം നഷ്ടമാകുന്നതിനും നിയമം കാരണമാകുമെന്നതാണ് വസ്തുത.

നിയമം പ്രാബല്യത്തില്‍ വരുന്നതോടെ 13 വയസ്സില്‍ താഴെയുള്ള പശു, കാള, പോത്ത്, എരുമ എന്നിവയെ കശാപ്പ് ചെയ്യുന്നത്  മൂന്ന് മുതല്‍ ഏഴു വര്‍ഷം വരെ തടവും അഞ്ചു ലക്ഷം വരെ പിഴയും ലഭിക്കുന്ന കുറ്റമായി മാറും. നിയമലംഘനം ആവര്‍ത്തിക്കുന്നത് 10 ലക്ഷം വരെ പിഴ ചുമത്തപ്പെടാന്‍ കാരണമാവും. സംസ്ഥാനത്തിനകത്തോ പുറത്തോ കാലികളെ കടത്തുന്നതും കശാപ്പിനായി കൈമാറുന്നതും കുറ്റത്തിന്റെ പരിധിയില്‍വരും.

ഗോവധ നിരോധന നിയമത്തിന്റെ പേരില്‍ രാജ്യത്ത് വന്‍തോതിലുള്ള അക്രമങ്ങള്‍ നടന്നുവരുന്നതായി ഈ വര്‍ഷം ഒക്ടോബറില്‍ അലഹബാദ് ഹൈകോടതി തന്നെ തുറന്നുപറഞ്ഞിരുന്നു. ബീഫ് കൈവശം വെച്ചെന്ന പേരില്‍ നിരപരാധികളെ കേസില്‍ കുടുക്കുകയാണെന്നും പൊലീസിനെയും ജനങ്ങളെയും പേടിച്ച് പ്രായമായ പശുക്കളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കാന്‍ കര്‍ഷകര്‍ ഭയപ്പെടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നിട്ടും കര്‍ണാടകയിലെ സംഘപരിവാര്‍ ഭരണകൂടം ഗോവധനിരോധനിയമത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ ഒരു പടി മുന്നില്‍ സഞ്ചരിക്കുകയാണ്.

വിശ്വാസത്തെയും ഐതിഹ്യങ്ങളെയും കൂട്ടുപിടിച്ചുകൊണ്ടുള്ള ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയില്‍ വലിയ ആയുധമായി അവര്‍ ഉപയോഗിച്ച പശു രാഷ്ട്രീയം നിലവില്‍ സംഘപരിവാറിന് വലിയ സ്വാധീനമില്ലാത്ത ദക്ഷിണേന്ത്യയിലേക്ക് കൂടി കടന്നുവരുന്നതിനെ ഏറെ ഭയത്തോടെയും ജാഗ്രതയോടെയും നാം കാണേണ്ടിയിരിക്കുന്നു.

 ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുകഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: When Cow slaughter ban comes to south India

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍