ജാര്‍ഖണ്ഡ്: എയര്‍ഹോസ്റ്റസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന നിയുക്ത എം.എല്‍.എ ഗോപാല്‍ കന്ദ നവംബര്‍ 28 ന് മുന്‍പായി കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശം.
നവംബര്‍ 27, 28 തീയതികളില്‍ പ്രത്യേക ജഡ്ജി അജയ് കുമാര്‍ കുഹാറിനു മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം.
എയര്‍ ഹോസ്റ്റസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഏഴ് വര്‍ഷം മുന്‍പാണ് ദല്‍ഹി ഹൈക്കോടതിയില്‍ കന്ദയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇതുവരേയും പ്രോസിക്യൂഷന്‍ തെളിവുകള്‍ പൂര്‍ണമായും ഹാജരാക്കിയിട്ടില്ല. കേസിലെ പ്രോസിക്യൂഷന്‍ തെളിവുകള്‍ രേഖപ്പെടുത്തുന്നതിനായി നവംബര്‍ 27, 28 തീയതികളില്‍ ഹാജരാകണമെന്നാണ് കോടതിയുടെ നിര്‍ദേശം.
നിരവധി തവണ കോടതിയില്‍ ഹാജരാകണമെന്ന് കാണിച്ച് കന്ദയ്ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും നിയസഭാ പ്രചരണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താനെന്ന് ഇദ്ദേഹം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 4, 11 തീയതികളില്‍ ഹാജരാകുന്നതില്‍ നിന്ന് ഇയാള്‍ക്ക് കോടതി ഇളവ് നല്‍കുകയും ചെയ്തു.
കേസില്‍ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ രാജീവ് മോഹന്‍ ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു കോടതി നടപടികള്‍ വൈകിയത്.
കേസില്‍ അഭിഭാഷകന്‍ മനീഷ് റാവത്തിനെ പ്രോസിക്യൂട്ടറായി നിയമിച്ചുകൊണ്ടുള്ള പ്രോസിക്യൂഷന്‍ ഡയറക്ടറുടെ ഉത്തരവിന്റെ പകര്‍പ്പ് കോടതിക്ക് ലഭിച്ചിട്ടുണ്ടെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.
സെപ്റ്റംബര്‍ 23 മുതല്‍ കേസില്‍ ഹാജരാവാതിരുന്ന രാജീവ് മോഹന്റെ നടപടിക്കെതിരെ കോടതി ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രോസിക്യൂട്ടറെ മാറ്റാന്‍ നടപടിയുണ്ടായത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
2019 ഏപ്രില്‍ 12 നാണ് കേസ് ദല്‍ഹി കോടതിയുടെ മുന്‍പില്‍ വന്നത്. എന്നാല്‍ കേസില്‍ പ്രത്യേകിച്ച് പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല. കേസ് നടത്താന്‍ സംസ്ഥാനം താത്പര്യം കാണിക്കാത്ത വളരെ വിചിത്രമായ സാഹചര്യമാണെന്ന് കോടതി നേരത്തെ തന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഹരിയാന ലോഖിത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി സിര്‍സ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചാണ് ഇദ്ദേഹം വിജയിച്ചത്. ഹരിയാന നിയമസഭയില്‍ ബി.ജെ.പിയ്ക്ക് നിരുപാധിക പിന്തുണയും ഗോപാല്‍ കന്ദ വാഗ്ദാനം ചെയ്തു കഴിഞ്ഞു.
കന്ദയുടെ ഉടമസ്ഥതയിലുള്ള എം.എല്‍.ഡി.ആര്‍ എയര്‍ലൈന്‍സില്‍ ജോലി ചെയ്തിരുന്ന എയര്‍ ഹോസ്റ്റസ് ഗീതിക ശര്‍മ്മയെ 2012 ഓഗസ്റ്റ് 5 നാണ് വടക്കുപടിഞ്ഞാറന്‍ ദല്‍ഹിയിലെ അശോക് വിഹാര്‍ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കന്ദയും ജോലിക്കാരന്‍ അരുണ ചദ്ദയും തന്നെ പീഡിപ്പിച്ചെന്നും പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്യുന്നതെന്നും ഇവര്‍ കുറിപ്പെഴുതി വെച്ചിരുന്നു.
ഹരിയാനയില്‍ കേവല ഭൂരിപക്ഷത്തിന് ആറു സീറ്റ് അകലെയുള്ള ബി.ജെ.പിക്ക് സ്വതന്ത്രരുടെ പിന്തുണ ആവശ്യമായി വന്നതോടെയാണ് പാര്‍ട്ടി ഗോപാല്‍ കന്ദയുടെ പിന്തുണ തേടിയത്. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഉമാ ഭാരതി അടക്കമുള്ള നേതാക്കള്‍ വിഷയത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. ബി.ജെ.പിക്ക് വേണ്ടി സ്വതന്ത്രരെ ചാക്കിലാക്കാന്‍ അമിത് ഷാ നിയോഗിച്ചതും കന്ദയെ തന്നെയായിരുന്നു.
ഹരിയാന നിയമസഭയില്‍ നാല്‍പ്പത് സീറ്റാണ് ബി.ജെ.പി നേടിയത്. കോണ്‍ഗ്രസിന് 31 ഉം ദുഷ്യന്ത് ചൗത്താലയുടെ ജെ.ജെ.പിക്ക് പത്തും സീറ്റ് ലഭിച്ചു. ബാക്കി സ്വതന്ത്രരാണ്.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കന്ദ 2012 ല്‍ ഭൂപീന്ദര്‍ സിങ് ഹൂഡ മന്ത്രിസഭയിലെ അംഗമായിരുന്നു. എയര്‍ ഹോസ്റ്റസിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പെണ്‍കുട്ടിയുടെ അമ്മയും ആത്മഹത്യ ചെയ്തിരുന്നു.
തുടര്‍ന്ന് ബി.ജെ.പി നടത്തിയ വന്‍ പ്രചാരണത്തിന് ഒടുവില്‍ മന്ത്രിസഭയില്‍ നിന്ന് കന്ദയ്ക്ക് രാജിവയ്ക്കേണ്ടി വരികയായിരുന്നു. അതിന് ശേഷമാണ് ഇദ്ദേഹം ഹരിയാന ലോഖിത് പാര്‍ട്ടി രൂപീകരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ